Thursday
24 Jan 2019

ശാസ്ത്രജ്ഞര്‍ സംസാരിക്കേണ്ടത് കര്‍ഷകര്‍ക്കുവേണ്ടി: വി എസ് സുനില്‍കുമാര്‍

By: Web Desk | Thursday 17 May 2018 8:54 PM IST

‘കാര്‍ഷികം 2018’ ദേശീയ സെമിനാര്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകന്‍

കോഴിക്കോട്: കോര്‍പറേറ്റുകള്‍ക്കുവേണ്ടിയല്ല, രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടിയാണ് ശാസ്ത്രജ്ഞര്‍ സംസാരിക്കേണ്ടതെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. പല കാര്‍ഷിക ഗവേഷണങ്ങളും വിപ്ലവങ്ങളും കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് നടക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഗവേഷണങ്ങള്‍ ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ എ കേരളീയന്‍ സ്മാരക സമിതി, എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ‘കാര്‍ഷികം 2018’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകന്‍റെ ചോരയില്‍ നിന്നാണ് കോര്‍പ്പറേറ്റുകള്‍ തടിച്ചു കൊഴുക്കുന്നത്. കര്‍ഷകര്‍ക്ക് ഗുണം ലഭിക്കാന്‍ ഭൂസംരക്ഷണ നിയമം അടിസ്ഥാന പരമായി ഭേദഗതി ചെയ്യണം. ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ജൈവവൈവിധ്യത്തെ കുറിച്ച് സംസാരിക്കുന്നത് കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ്. ജൈവരീതിയിലുള്ള ഹൈബ്രീഡ് വിത്തുകള്‍ ഉണ്ടാക്കാന്‍ ശാസ്ത്രസമൂഹത്തിനാകണം. വളവും കീടനാശിനിയും ചെലവാക്കുന്ന നെറ്റ് വര്‍ക്കുകളാണ് ഇന്നത്തെ പല ഹൈബ്രീഡ് വിത്തുകളും. രാജ്യത്ത് ഏറ്റവും ചൂഷണത്തിന് വിധേയരാകുന്നവരാണ് കര്‍ഷകര്‍. ഇതിന് ഉദാഹരണമാണ് കാര്‍ഷിക ആത്മഹത്യകള്‍. നഷ്ടംകൊണ്ടല്ല കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഇരകളാണ് കര്‍ഷകര്‍.

ഭൂസ്വാമിമാര്‍ക്ക് പകരം കോര്‍പറേറ്റുകളാണ് ഇന്ന് കാര്‍ഷികമേഖലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവരുടെ കുടിയാന്മാരാണ് ഇന്നത്തെ കര്‍ഷകര്‍. കാര്‍ഷക ഉത്പന്നങ്ങള്‍ക്കൊന്നും വിലയില്ല. മറ്റ് മേഖലയുമായി നോക്കുമ്പോള്‍ ആനുപാതികമായി കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ ഒന്നും ചെയ്യുന്നില്ല. വിത്ത് മുതല്‍ വിളവ് വരെയുള്ള കാര്യങ്ങള്‍ കോര്‍പറേറ്റുകള്‍ കയ്യടക്കിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. സംഭരണമേഖലയിലെ എഫ്‌സിഐ ഉള്‍പ്പെടെ സ്വകാര്യവത്ക്കരിച്ചതോടെ വിലനിയന്ത്രണ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല. കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതിനുപോലും അന്താരാഷ്ട്ര കരാറുകള്‍ തടസ്സമാകുകയാണ്. ഭക്ഷ്യസംഭരണം ഉള്‍പ്പെടെ കോര്‍പറേറ്റുകള്‍ ഏറ്റെടുത്തതോടെ കര്‍ഷകര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടിയായത്. കേരള സര്‍ക്കാര്‍ ആഗ്രോ പാര്‍ക്ക് സ്ഥാപിക്കുന്നത് കര്‍ഷക കേന്ദ്രീകൃതമായ ഒരു വ്യവസായത്തെ സ്ഥാപിച്ചെടുക്കുന്നതിനാണ്. കാര്‍ഷിക മേഖലയില്‍ ഉല്പന്നങ്ങള്‍ക്കുമേല്‍ ആധിപത്യം കര്‍ഷകര്‍ക്കായിരിക്കണം. റബ്ബറിന്‍റെ വില ഇടിയുമ്പോള്‍ റബ്ബര്‍ ഉല്പന്നങ്ങള്‍ക്ക് വില കൂടുകയാണ് ചെയ്യുന്നത്. ഇത് കര്‍ഷകരെ മാത്രമാണ് പ്രതികൂലമായി ബാധിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ കര്‍ഷകര്‍ക്കായുള്ള ഗവേഷണമാണ് ഇവിടെ ആവശ്യം.
ഡോ. കെ കെ എന്‍. കുറുപ്പ് അധ്യക്ഷത വഹിച്ചു. എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയരക്ടര്‍ ഡോ. വി ഭവാനി മുഖ്യപ്രഭാഷണവും ടി കെ. വിജയരാഘവന്‍ ആമുഖപ്രഭാഷണവും നടത്തി. സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, പ്രൊഫ. പി എ വാസുദേവന്‍, ഡോ.എന്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ സ്വാഗതവും പി കെ നാസര്‍ നന്ദിയും പറഞ്ഞു.

‘ഇന്ത്യന്‍ കാര്‍ഷിക നയം: പുനരവലോകനം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സി പി ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു അധ്യക്ഷത വഹിച്ചു. ന്യൂ ദല്‍ഹി ജോഷി-അധികാരി ഇന്‍സ്റ്റിറ്റിയൂട്ട് ഡയരക്ടര്‍ ഡോ. ജയമേത്ത വിഷയാവതരണം നടത്തി. വിവിധ കര്‍ഷക സംഘടനാ നേതാക്കളായ സി കെ പി പത്മനാഭന്‍, കെ കൃഷ്ണന്‍കുട്ടി എം എല്‍ എ, ബി പി റഷീദ്, ഫാ. ആന്‍റണി കൊഴുവനാല്‍, പടന്നക്കാട് കാര്‍ഷിക കോളേജ് അസി. പ്രൊഫസര്‍ ഡോ. യാമിനി വര്‍മ്മ എന്നിവര്‍ സംസാരിച്ചു. ടി കെ രാജന്‍ മാസ്റ്റര്‍ സ്വാഗതവും അഹമ്മദ്കുട്ടി കുന്നത്ത് നന്ദിയും പറഞ്ഞു.

ആറു സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ നടക്കുന്ന സെമിനാര്‍ ഇന്നും തുടരും. ‘കാര്‍ഷികം 2018’ ന്‍റെ ഭാഗമായി കോഴിക്കോട് ഗവ. മോഡല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കാര്‍ഷിക പ്രദര്‍ശനവും നടന്നുവരുന്നു.