Thursday
18 Oct 2018

കൊയോങ്കരയിലെ ഗോവര്‍ദ്ധനന് ശില്പകലയില്‍ ദേശീയ ബഹുമതി

By: Web Desk | Saturday 17 February 2018 10:12 PM IST

ശില്പകലയില്‍ ദേശീയ തിളക്കം ..ഗോവര്‍ദ്ധനന്‍ താന്‍ ഒരുക്കിയ ശില്പങ്ങളുമായി

തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ബാലശില്പി എം വി ഗോവര്‍ദ്ധനന് ശില്പകലയില്‍ ദേശീയ അംഗീകാരം. കേന്ദ്രസര്‍ക്കാരിന്റെ ടാലന്റ് റിസര്‍ച്ച് അവാര്‍ഡ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ ഗോവര്‍ദ്ധനന്‍ കേരളത്തിന്റെ തന്നെ അഭിമാനമായി. സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നവരെ പങ്കെടുപ്പിച്ചു കൊണ്ട് 2017 ഡിസംബര്‍ 26 ന് തിരുവനന്തപുരം അധ്യാപക ഭവനില്‍ വെച്ചായിരുന്നു ശില്പ നിര്‍മ്മാണ പരീക്ഷ നടന്നിരുന്നത്. ‘കുടുംബം’ എന്നതായിരുന്നു പരീക്ഷയില്‍ ഗോവര്‍ദ്ധനന് ലഭിച്ചിരുന്ന വിഷയം. രാജ്യത്ത് നിന്ന് അഞ്ചു പേരാണ് ഈ വര്‍ഷം ടാലന്റ് റിസര്‍ച്ച് അവാര്‍ഡിന് അര്‍ഹത നേടിയത്. പ്രതിമാസം 1150 രൂപ വീതം 20 വയസ്സ് വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ ഏപ്രില്‍ ആദ്യവാരം ഗോവര്‍ദ്ധനന്റെ ശില്‍പ്പ പ്രദര്‍ശനം നടക്കും. ‘അസ്തമിക്കുന്ന കര്‍ഷക ജീവിതം’ ‘ബുദ്ധന്‍ കരയുന്നു’ ‘മുലപ്പാലില്ലാത്ത അമ്മ, നാറാണത്ത് ഭ്രാന്തന്‍ തുടങ്ങിയവയാണ് ഈ പ്രതിഭയുടെ പ്രധാന ശില്‍പ്പങ്ങള്‍. ലളിതകലാ അക്കാദമി അംഗം രവീന്ദ്രന്‍ തൃക്കരിപ്പൂറിന്റെ കീഴിലാണ് ഗോവര്‍ദ്ധനന്‍ ശില്‍പ്പകല അഭ്യസിക്കുന്നത്. ഇദ്ദേഹത്തിന്റെ കീഴിലുള്ള ചെമ്പ്രകാനത്തെ കേരള സാംസ്‌ക്കാരിക ചക്രവാളം സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ മൂന്ന് വര്‍ഷമായി ശില്പനിര്‍മ്മാണം പഠിച്ചുവരികയാണ് ഗോവര്‍ദ്ധനന്‍. കൊയോങ്കരയിലെ വിമുക്ത ഭടന്‍ എം വി ഗണേശന്റെയും എം രമണിയുടെയും മകനാണ് ഈ കലാപ്രതിഭ. സഹോദരി അനഘ.