Monday
23 Jul 2018

രാജ്യാന്തര സമുദ്രവിഭവ പ്രദര്‍ശനം 2020ല്‍ കൊച്ചിയില്‍

By: Web Desk | Monday 29 January 2018 7:55 PM IST

കൊച്ചി: സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ)യും ഇന്ത്യന്‍ സമുദ്രവിഭവ കയറ്റുമതി അസോസിയേഷനും(എസ്ഇഎഐ) സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യാന്തര സമുദ്രവിഭവ പ്രദര്‍ശന(ഐഐഎസ്എസ്)ത്തിന് 2020ല്‍ കൊച്ചി വേദിയാകും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ 21ാം പതിപ്പിന് ) ഗോവയിലെ മഡ്ഗാവില്‍ സമാപനമായി.

സമുദ്രക്കൃഷിയില്‍ സംഭാവന ചെയ്യുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ സഹായങ്ങളെല്ലാം നല്‍കുമെന്ന് കേന്ദ്ര വാണിജ്യവ്യവയാസ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. മല്‍സ്യസമ്പത്തില്‍ മുന്‍നിരയിലുള്ള കേരളത്തിനും ഇതു ഗുണകരമാകും. സാറ്റ്ലൈറ്റ്  ചിത്രങ്ങളുടെ സഹായത്തോടെ ജലക്കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനും കയറ്റുമതി വര്‍ധിപ്പിക്കാന്‍ വിപണന വികസന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.

കയറ്റുമതി അധിഷ്ഠിത ജൈവ ചെമ്മീന്‍ ഉല്‍പ്പാദനത്തിനുള്ള ആദ്യ നടപടികള്‍, സമുദ്രക്കൃഷി വികസിപ്പിക്കാനുള്ള നൂതനമാര്‍ഗങ്ങള്‍, 2022ല്‍ ആയിരം കോടി ഡോളര്‍ കയറ്റുമതി ലക്ഷ്യമിടുന്ന വിപണിയിലേയ്ക്കുള്ള പ്രത്യേക നയരൂപീകരണത്തിനുതകുന്ന വ്യവസായനിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് രൂപം നല്‍കി ശ്രദ്ധയാകര്‍ഷിച്ച ത്രിദിന സമ്മേളനത്തില്‍ 12 രാജ്യങ്ങളില്‍നിന്ന് 3000 പ്രതിനിധികളും 3500 ബിസിനസ് പ്രതിനിധികളും പങ്കെടുത്തു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് മേള ഉദ്ഘാടനം ചെയ്തത്.
ആധുനിക സംസ്‌കരണ, പാക്കേജിങ് മെഷീനുകള്‍, ശീതീകരണ സംവിധാനം, പരിശോധനാ ഉപകരണങ്ങള്‍, മീന്‍പിടിത്ത ഉപകരണങ്ങള്‍ എന്നിവ അണിനിരന്ന പ്രദര്‍ശനം 325 സ്റ്റാളുകളിലായി 7000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഒരുക്കിയത്. പരമ്പരാഗത സമുദ്രവിഭവങ്ങള്‍ക്കു പുറമെ മൂല്യവര്‍ധിത സമുദ്രോല്‍പ്പന്നങ്ങളുടെ നിര തന്നെ ലഭ്യമാക്കിയിരുന്നു. സമുദ്ര വിഭവങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും വിദേശ മാര്‍ക്കറ്റുകള്‍ നിഷ്‌കര്‍ഷിക്കുന്ന ഉന്നത ഗുണനിലവാരം ഉറപ്പാക്കാനുമുള്ള ശ്രമങ്ങളാണ് സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
ജൈവസുരക്ഷയുടെ പേരില്‍ രാജ്യത്തെ സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന വിപണികള്‍ തിരികെപ്പിടിക്കാനായി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കേണ്ടതുണ്ടെന്നും നിര്‍മാണഘട്ടത്തില്‍ രോഗാണു വിമുക്ത സാഹചര്യം ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും എംപിഇഡിഎ ചെയര്‍മാന്‍ ഡോ.എ.ജയതിലക് പറഞ്ഞു. ഇന്ത്യന്‍ സമുദ്രവിഭവങ്ങള്‍ക്ക് രാജ്യാന്തര വിപണിയില്‍ പ്രിയം ലഭിക്കാന്‍ ഗുണനിലവാരത്തിനും നിര്‍മാണത്തിലെ സുതാര്യതയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മല്‍സ്യം പുത്തന്‍പോലെ നല്‍കണമെന്നതാണ് കയറ്റുമതിയില്‍ നിര്‍ണായകമെന്നും രാജ്യാരാജ്യാന്തര വിപണിയില്‍ പുത്തന്‍ ചെമ്മീനിനും മല്‍സ്യങ്ങള്‍ക്കുമുള്ള വന്‍ ഡിമാന്‍ഡ് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ട് ജൈവ ചെമ്മീന്‍ കൃഷി ചെയ്യുന്നതിന് കൃഷിക്കാരെയും സംരംഭകരെയും സഹായിക്കാന്‍ ലക്ഷ്യമിട്ട് സ്വിറ്റ്‌സര്‍ലണ്ടിലെ കോപ്മായി ധാരണാപത്രവും പ്രദര്‍ശനത്തിനിടെ ഒപ്പുവച്ചു. കേരളത്തിന് ഏറെ പ്രയോജനം കിട്ടുന്നതാണ് ഈ സഹകരണം.
മൂന്നു ദിവസത്തെ പ്രദര്‍ശനത്തിനിടെ നടന്ന സാങ്കേതിക സമ്മേളനങ്ങളില്‍ സമുദ്രവിഭവ വ്യവസായ പങ്കാളികളും നയരൂപകര്‍ത്താക്കളും മറ്റു വിദഗ്ധരും ഒട്ടേറെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ജിഎസ്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങളുടെ ലഭ്യത, നിയന്ത്രണങ്ങളിലും സര്‍ട്ടിഫിക്കേഷനിലുമുള്ള വ്യക്തത, കരിമ്പട്ടിക സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ആശങ്കകളും പങ്കുവയ്ക്കപ്പെട്ടു. നെതര്‍ലന്‍ഡുമായി സഹകരിച്ച്, യൂറോപ്യന്‍ യൂണിയന്‍ഇന്ത്യന്‍ ചെമ്മീന്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ചെമ്മീന്‍ വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിഗണിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ചെമ്മീന്‍ കയറ്റി അയയ്ക്കുന്നത് ഇന്ത്യയാണ്.