Wednesday
23 May 2018

പൂന്തുറയില്‍ കടലാക്രമണം

By: Web Desk | Saturday 11 November 2017 5:40 PM IST

സൈമണ്‍ എച്ച്

തിരുവനന്തപുരം: ജില്ലയിലെ പ്രധാന മത്സ്യ ഗ്രാമമായ പൂന്തുറയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കടലാക്രമണം പ്രദേശത്തെയാകെ തിരകള്‍ക്കടിയിലാക്കി. നിരവധി വള്ളങ്ങളും എഞ്ചിനുകള്‍ ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും തിരയില്‍ ഒഴുകിപ്പോവുകയും ചെയ്തു. മത്സ്യവിപണനം തടസപ്പെട്ടു. മത്സ്യം വാങ്ങാന്‍ എത്തിയവര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു.

 

മത്സ്യ ബന്ധനം കഴിഞ്ഞ് തിരികെ എത്തിയ ബോട്ടുകള്‍ കരയ്‌ക്കെത്തിക്കുവാന്‍ കഴിയാതെ വിഴിഞ്ഞം ഹാര്‍ബറിലേയ്ക്ക് പോകുന്ന സാഹചര്യമുണ്ടായി. എന്നാല്‍ കരയ്ക്ക് എത്തിച്ചേര്‍ന്ന വള്ളങ്ങളെ സുരക്ഷിതമായി മറ്റ് സ്ഥലങ്ങളില്‍ എത്തിക്കുവാനുള്ള ഗതാഗത സൗകര്യവും ഇവിടെ ഇല്ല. വളരെ ഇടുങ്ങിയ റോഡുകളായതിനാല്‍ കടലിലൂടെ കൊണ്ടു പോകുകമാത്രമാണ് ഏക മാര്‍ഗം. എന്നാല്‍ കടല്‍ ക്ഷോഭമുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ പുറപ്പെടുന്നത് ഉപകരണങ്ങള്‍ക്കും മനുഷ്യ ജീവനുകള്‍ക്കും കൂടുതല്‍ ഭീക്ഷണിയാണ്. കഷ്ടതകളുടെ നടുവില്‍ ഉപകരണങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാക്കുന്ന ദയനീയത നിലവിലുള്ള ഒരു സംവിധാനത്തിനും പരിഹാരം കാണുവാന്‍ സാധ്യമല്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുമ്പോള്‍ ആര്‍ത്തുലച്ചെത്തുന്ന തിരമാലകള്‍ക്ക് മുന്നില്‍ ജീവനെക്കാള്‍ സ്‌നേഹിക്കുന്ന തന്റെ ഉപകരണങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നില്‍ക്കുന്ന തൊഴിലാളികളെ ഇവിടെ കാണാന്‍ സാധിക്കും. തന്റെ സുഹത്തുക്കളും മക്കളും സഹോദരങ്ങളും തങ്ങളുടെ ഉപകരണങ്ങള്‍ക്ക് കാവലാളാകുമ്പോള്‍ കാണാതെ പോകുന്ന ഗവണമെന്റും അധികാരികളും വരാന്‍ പോകുന്ന വിപത്തിനെ കാത്തിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പ് കാലഘട്ടം വരെ നീളുന്നുവെന്നതാണ് വളരെ ദുഃഖകരമായ വസ്തുതയെന്ന തൊഴിലാളികള്‍ പറയുന്നു.

പാര്‍വതി പുത്തനാറിനും കടലിനും ഇടയ്ക്കുള്ള 10 മീറ്റര്‍ സ്ഥലത്താണ് തൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നത്. കടല്‍ ശക്തിയായി ആഞ്ഞടിച്ചാല്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും ഈ പ്രദേശം. വിഴിഞ്ഞം ഹാര്‍ബര്‍ സാധ്യമാകുന്നതിലൂടെ കടലിന്റെ ശബ്ദത്തേക്കാള്‍ തൊഴിലാളികളുടെ നിലവിളിയാണ് വരുംനാളുകളില്‍ ഇവിടെ നിന്നും കേള്‍ക്കാനാകുന്നത്. ഇവരെയും സംരക്ഷിക്കുവാനുള്ള പാക്കേജുകളും ഹാര്‍ബര്‍ നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രത്യാശയിലാണ് ഇവിടത്തെയാളുകള്‍.

Related News