Monday
10 Dec 2018

പകരംവീട്ടാന്‍ ടീം ഇന്ത്യ

By: Web Desk | Wednesday 8 August 2018 9:41 PM IST

ഇംഗ്ലണ്ട് താരങ്ങള്‍ പരിശീലനത്തില്‍

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാംടെസ്റ്റിന് നാളെ തുടക്കം

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് നാളെ ലോര്‍ഡ്‌സില്‍ തുടക്കം. പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യയും ലീഡ് വര്‍ധിപ്പിക്കാന്‍ ഇംഗ്ലീഷ് പടയും ഇറങ്ങുമ്പോള്‍ ലോര്‍ഡ്‌സില്‍ ആവേശം നിറയും.
ആവേശം നിറഞ്ഞ ആദ്യ മത്സരത്തില്‍ 31 റണ്‍സിന് ഇംഗ്ലണ്ട് വിജയം നേടിയിരുന്നു. എന്നാല്‍ പരാജയത്തിലും മികച്ച പ്രകടനമാണ് പ്രധാനതാരങ്ങളായ വിരാട് കോലിയും അശ്വിനും കാഴ്ച്ച വെച്ചത്. ടീം അംഗങ്ങളും കൂടി അല്‍പം മികവ് പുറത്തെടുത്താല്‍ ഇന്ത്യക്ക് ജയം അപ്രാപ്യമല്ല. ലോര്‍ഡ്‌സില്‍ അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
അടുത്ത കാലത്തായി അത്ര മികച്ച റെക്കോര്‍ഡല്ല ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനുള്ളത്. അവസാനം കളിച്ച 10 ല്‍ നാല് മത്സരങ്ങളില്‍ വിജയിച്ച ഇംഗ്ലണ്ട് നാല് മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. അതുകൊണ്ട് തന്നെ പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയാണ് ലോര്‍ഡ്‌സിലെ മത്സരം.

മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ വിരാട് കോലിക്ക് മികച്ച പിന്തുണ നല്‍കുകയും ബൗളര്‍മാര്‍ മികച്ച ബൗളിംഗ് തുടരുകയും ചെയ്താല്‍ ആദ്യ മത്സരത്തില്‍ വഴുതിപോയ വിജയം ഇന്ത്യയ്ക്ക് സ്വന്തമാക്കാം. എന്നാല്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അടിപിടിക്കേസിന്‍റഎ വിചാരണ തുടങ്ങിയതിനാലാണ് കഴിഞ്ഞ മത്സരത്തിലെ വിജയശില്പികളിലൊരാളായ സ്റ്റോക്ക്‌സിനെ ഇംഗ്ലണ്ടിന് നഷ്ടമാകുന്നത്.
നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത ചൂട് ലോര്‍ഡ്‌സിലെ പിച്ചിന്‍റെ സ്വഭാവത്തിലും മാറ്റം വരുത്തിയെന്നാണ് വിലയിരുത്തല്‍. ഇത് ശരിയാണെങ്കില്‍ പേസര്‍മാര്‍ക്ക് പകരം സ്പിന്നര്‍മാരാകും കളി നിയന്ത്രിക്കുക. ഈ സാഹചര്യത്തില്‍ രണ്ട് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇരുടീമുകളും ആലോചിക്കുന്നുണ്ട്.

ആദ്യ ഇലവനെക്കുറിച്ച് ടീം ഇന്ത്യയും കടുത്ത ആശയക്കുഴപ്പത്തിലാണ്. ചേതേശ്വര്‍ പൂജാരയെ തഴഞ്ഞ് കെ എല്‍ രാഹുലിനെ മൂന്നാം നമ്പറില്‍ ഇറക്കാനുള്ള തീരുമാനം തിരിച്ചടി നേരിട്ടിരുന്നു.
ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ ചേതേശ്വര്‍ പൂജാരയെ തിരിച്ചുവിളിച്ച് ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. രണ്ട് സ്പിന്നര്‍മാര്‍ക്കായും വാദം ഉയര്‍ന്നിട്ടുണ്ട്. കുല്‍ദീപ് ടീമിലെത്തിയാല്‍ ഹാര്‍ദിക് പണ്ഡ്യയെ ഒഴിവാക്കാനാണ് സാധ്യത. ഇന്ത്യന്‍ പേസര്‍മാരില്‍ മാറ്റം വരാന്‍ സാധ്യതയില്ല. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ തുടരും.