Saturday
15 Dec 2018

യുപിയില്‍ ഹജ്ജ് ഹൗസിനും കാവി നിറം

By: Web Desk | Friday 5 January 2018 9:50 PM IST

ലഖ്‌നൗ: യുപിയില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് ലഖ്‌നൗവില്‍ ഹജ്ജ് ഹൗസിനും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കാവി നിറം നല്‍കി. സെക്രട്ടേറിയറ്റ് മന്ദിരത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സംസ്ഥാനത്തെ ബസുകള്‍ക്കും നേരത്തെ കാവി നിറം നല്‍കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഹജ്ജ് ഹൗസിനും കാവി നിറം നല്‍കിയിരിക്കുന്നത്.
യുപിയിലെ സെക്രട്ടേറിയറ്റിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഹജ്ജ് ഹൗസിന്റെ മതിലിന് മുമ്പ് വെള്ളയും പച്ചയുമാണ് നിറമായി നല്‍കിയിരുന്നത്. ഇത് മാറ്റിയാണ് ഇപ്പോള്‍ കാവി നിറം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഹജ്ജ് ഹൗസിന് കാവി നിറം അടിച്ചത്. വെള്ളിയാഴ്ച ഹജ്ജ് ഹൗസിന് അവധിയായതിനാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. സംസ്ഥാനത്ത് കാവിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യോഗി സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് യോഗിയുടെ പുതിയ നീക്കമെന്നും സമാജ്‌വാദി പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. അതേ സമയം, ഹജ്ജ് ഹൗസിന്റെ നിറം മാറ്റത്തെ അനുകൂലിച്ച് ഹജ്ജ് മന്ത്രി മൊഹ്‌സിന്‍ റാസ രംഗത്തെത്തി. ഇതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. കാവി ആകര്‍ഷകമായ നിറമാണ്. ഹജ്ജ് ഹൗസ് കൂടുതല്‍ സുന്ദരമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.