Wednesday
22 Nov 2017

മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍

By: Web Desk | Tuesday 12 September 2017 1:47 AM IST

തേതരത്വത്തെ പറ്റിയുള്ള ഇന്ത്യന്‍ ഭരണഘടനയുടെ വ്യാഖ്യാനങ്ങള്‍ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വിധികളാണ് അടുത്തകാലത്തായി കോടതികളില്‍ നിന്നും വരുന്നത്. ഭരണഘടനയുടെ ആന്തരിക ദൗര്‍ബല്യത്തെയാണിത് വെളിപ്പെടുത്തുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവുകളാണ് അമ്പലം – പള്ളി തര്‍ക്കങ്ങളിലൂടെയും മുത്തലാഖ് വിധിയിലൂടെയും ഏറ്റവും ഒടുവില്‍ ആള്‍ക്കൂട്ട ദൈവങ്ങളിലൂടെയും പ്രത്യക്ഷപ്പെടുന്നത്. മതത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും രാഷ്ട്രീയത്തെ മതവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ സമൂഹത്തിന്റെ നൈസര്‍ഗിക വികാസത്തെ തടസപ്പെടുത്തുന്നു. സാമൂഹ്യ പുരോഗതിക്കു വിലങ്ങുതടിയാവുന്നു. പൊടികൈകള്‍കൊണ്ട് മതേതരത്വത്തെ രക്ഷിക്കാനാവില്ല.
ആള്‍ ദൈവങ്ങളുടെ മാസ്മരികതയില്‍ നിന്നും ജനങ്ങളെ മുക്തരാക്കുന്നതിനു പകരം അവരെ സംരക്ഷിക്കാനും വെള്ളപൂശാനും ശ്രമിക്കുന്ന രാഷ്ട്രീയ – ഭരണനേതൃത്വം. സാമൂഹ്യ പുരോഗതിക്കൊപ്പം നില്‍ക്കേണ്ട രാഷ്ട്രസേവകര്‍ സമൂഹത്തെ പുറകോട്ടടിപ്പിക്കുന്നു. ഒരു സാമൂഹ്യ – രാഷ്ട്രീയ വിപ്ലവത്തിനുള്ള സാഹചര്യമാണ് പരിപക്വമായിരിക്കുന്നത്. ഈയൊരുഘട്ടത്തിലും പുരോഗമനക്കാരെന്നവകാശപ്പെടുന്നവര്‍ ആള്‍ദൈവങ്ങളിലെ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ പറയുന്നതിലര്‍ഥമില്ല. ആള്‍ ദൈവങ്ങളില്‍ നല്ലതും തീയതുമില്ല. എല്ലാം കള്ളമാണ്. മതത്തെയും രാഷ്ട്രീയത്തെയും വേര്‍പ്പെടുത്തിയേപറ്റൂ. മതത്തെ രാഷ്ട്രീയത്തില്‍ നിന്നും ബഹിഷ്‌കരിക്കണം.
കൊളോണിയല്‍ ഭരണകാലത്ത് സംഘടിപ്പിക്കപ്പെട്ട ഭരണഘടനാ നിര്‍മാണസമിതിയുടെ പോരായ്മകള്‍ ഏറെ വ്യക്തമാക്കപ്പെട്ടുകഴിഞ്ഞ സാഹചര്യത്തില്‍ ഒരു പുതിയ ഭരണഘടനാ നിര്‍മ്മാണസഭയെ തെരഞ്ഞെടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിന്റെ സമഗ്ര പ്രാതിനിധ്യം ഉറപ്പാക്കുന്ന ഒരു സഭ. മതേതരത്വവും ജനാധിപത്യവും ഒരു സജീവ സാന്നിധ്യമായി ദൈനംദിന ജീവിതത്തില്‍ അനുഭവവേദ്യമാകണമെങ്കില്‍ രാഷ്ട്രീയ പ്രക്രിയ നവീകരണത്തിന് വിധേയമാകണം. അതിന് നിയമസാധുത വേണം. ഭരണഘടനയെ ലംഘിക്കുകയല്ല, അതിനെ പൊളിച്ചെഴുതുകയാണ് പരിഹാര്യം. അപ്പോള്‍ തകര്‍ന്നുവീഴുന്ന നിയമങ്ങള്‍… തകര്‍ന്നുവീഴുന്നത് കാലത്തിന്റെ കല്‍പ്പനയാണ്. കാലഹരണപ്പെട്ട ഒരു ഭരണകൂട (സംസ്ഥാന)മായി ഒരേകാധിപതിയായി സമഗ്രാധിപതിയായി വാഴാനുള്ള വ്യക്തികളുടെ, സംഘങ്ങളുടെ, ആത്മീയാചാര്യന്മാരുടെ ….. വ്യഗ്രത, അവരുടെ വീരശൂര പരാക്രമങ്ങള്‍…. ഇതിനൊക്കെ ഒരവസാനം കണ്ടേപറ്റൂ. നാം കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. മതേതരത്വം നേരിടുന്ന വെല്ലുവിളികളെ നിയമപരമായി നേരിടേണ്ടതുണ്ട്. ഭരണഘടനാ പരമായ ഉറപ്പ് വരുത്തേണ്ടതുണ്ട്.

കെ നാരായണന്‍കുട്ടി
വാടാനാംകുറുശി