Saturday
21 Jul 2018

സൈബര്‍ യുഗത്തില്‍ ഡേറ്റ സുരക്ഷിതമാക്കല്‍ ദുഷ്‌കരം; ഡോ.ധന്യ മേനോന്‍

By: Web Desk | Thursday 15 February 2018 7:20 PM IST

സൈബര്‍ ക്രൈം ഭീഷണി സംബന്ധിച്ചു കേരള മാനെജ്‌മെന്റ് അസോസിയേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ രാജ്യത്തെ ആദ്യ വനിതാ സൈബര്‍ ക്രൈം അന്വേഷക ഡോ. ധന്യ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപക് എല്‍ അസ്വാനി, ജിബു പോള്‍, ആര്‍ മാധവ് ചന്ദ്രന്‍ എന്നിവര്‍ സമീപം.

കൊച്ചി: സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റുമൊക്കെ വ്യാപകമായ സൈബര്‍ യുഗത്തില്‍ സുപ്രധാന ഡേറ്റകള്‍ സുരക്ഷിതമായി സൂക്ഷിക്കുക എന്നത് അതീവ ദുഷ്‌കരമായി മാറിയിരിക്കുകയാണെന്നു രാജ്യത്തെ ആദ്യ വനിതാ സൈബര്‍ ക്രൈം അന്വേഷകയും അവാന്‍സോ സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് സ്ഥാപക ഡയറക്റ്ററുമായ ഡോ. ധന്യ മേനോന്‍. സൈബര്‍ ക്രൈം വെല്ലുവിളികളും ഭീഷണികളും സംബന്ധിച്ചു കേരള മാനെജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

രാജ്യസുരക്ഷ, കോര്‍പ്പറേറ്റ് സുരക്ഷ, സമൂഹ വ്യക്തി സുരക്ഷ എന്നിവയാണ് ഇപ്പോള്‍ നാം നേരിടുന്ന മൂന്നു പ്രധാന സൈബര്‍ വെല്ലുവിളികള്‍. തന്‍റെ സ്ഥാപനം ഇതിനോടകം മൂവായിരത്തിലേറെ സൈബര്‍ ക്രൈം കേസുകള്‍ കൈകാര്യം ചെയ്തു. അവയില്‍ ബഹുഭൂരിപക്ഷവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവ. മിക്ക കുറ്റകൃത്യങ്ങളും നടത്തിയിരിക്കുന്നത് ആ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തന്നെ. ജോലി കഴിഞ്ഞാല്‍ ജീവനക്കാര്‍ സെഷന്‍ ലോഗ് ഔട്ടുകള്‍ നടത്താത്തതും അക്‌സസ് കണ്‍ട്രോള്‍ ലോക്ക് ചെയ്യാത്തതുമാണു മിക്കപ്പോഴും പ്രശ്‌നമാകുന്നത്. കമ്പനിയുടെ കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കില്‍ കൂടി തന്നെയാണു ഡേറ്റ പലപ്പോഴും ചോരുന്നത് അവര്‍ ചൂണ്ടിക്കാട്ടി.

വ്യക്തി ജീവിതവും പ്രൊഷണല്‍ ജീവിതവും വേര്‍തിരിക്കുകയും രണ്ടിനും പ്രത്യേകം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുകയും ചെയ്യുക എന്നതാണു ചെയ്യാവുന്ന മികച്ച പരിഹാരം. സുപ്രധാന വ്യക്തിവിവരങ്ങള്‍ പരമാവധി പുറത്തു കാണിക്കാതെ സൂക്ഷിക്കാന്‍ ശ്രമിക്കുക മികച്ച നേട്ടം കൈവരിച്ചതിനു രാഷ്ട്രപതിയുടെ ബഹുമതി നേടിയ വനിതകളിലൊരാളായ ഡോ. ധന്യ മേനോന്‍ നിര്‍ദേശിച്ചു.

കെഎംഎ വൈസ് പ്രസിഡന്റ് ജിബു പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍. മാധവ് ചന്ദ്രന്‍, ദീപക് എല്‍. അസ്വാനി എന്നിവര്‍ സംസാരിച്ചു.