Wednesday
19 Sep 2018

വിത്തമ്മയെന്ന അത്ഭുത വനിത

By: Web Desk | Friday 6 October 2017 1:47 AM IST

നിമിഷ
എണ്‍പതിനം നാടന്‍ വിത്തുകളെ രക്ഷപ്പെടുത്തിയ വിത്തമ്മയുടെ ജീവിതകഥ ആരേയും ആവേശം കൊള്ളിക്കും. വിഷലിപ്തമായ ഭക്ഷണവസ്തുക്കള്‍ കാരണം നിത്യരോഗികളാകുന്ന ജനതയ്ക്ക് ഈ അനുഭവം ഗുണപാഠമാവേണ്ടതാണ്. മഹാരാഷ്ട്രയിലെ കൊംഭാലനെ ഗ്രാമത്തിലെ റഹിബായ് സോമ പെപ്പേരെ ഇന്നാഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഒരു വിസ്മയമാണ്. വംശനാശം സംഭവിച്ചുകൊണ്ടിരുന്ന നാടന്‍ വിത്തുകളെയാണ് റഹിബായ് രക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്. പരമ്പരാഗത വിത്തുകള്‍ തേടി റഹിബായ് മഹാരാഷ്ട്രയില്‍ അങ്ങോളമിങ്ങോളം അലഞ്ഞുനടക്കുകയുണ്ടായി. ഇത്തരം വിത്തുകള്‍ രോഗപ്രതിരോധവും വരള്‍ച്ചാപ്രതിരോധവും സൃഷ്ടിക്കുക മാത്രമല്ല മണ്ണിന്റെ ഫലഭൂയിഷ്ടതയും മഴവെള്ളം തടഞ്ഞുനിര്‍ത്താനുള്ള ശേഷിയും വര്‍ധിപ്പിക്കുകയും ചെയ്യുമെന്നതുകൊണ്ടാണ് ഈ കര്‍ഷക വിത്തുകള്‍തേടി അലഞ്ഞുനടന്നത്. രാസവളമോ അധിക ജലമോ ഇത്തരം മണ്ണില്‍ ആവശ്യമായി വരുന്നില്ല. റഹിബായ് തന്റെ അനുഭവത്തില്‍ നിന്നാണ് ഈ മണ്ണറിവും വിത്തറിവും നേടിയത്. ഇവര്‍ വിത്തുകള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതോടൊപ്പം തന്നെ ജൈവകൃഷിയെപ്പറ്റി കര്‍ഷകരെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. നഷ്ടംമൂലം നിരാശയിലായ കര്‍ഷകരെ വീണ്ടും ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയുന്നതിന് പരമ്പരാഗത വിത്തുകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ഇവര്‍ വിശ്വസിക്കുന്നു. വന്‍ വിത്ത് കമ്പനികള്‍ ഹൈബ്രീഡ് വിത്തുകളും മറ്റും പ്രോത്സാഹിപ്പിക്കുന്നത് മൂലം ഇത്തരം വിത്തുകള്‍ അന്യംനിന്നുപോകാനും സാധ്യതയുണ്ട്. പലപ്പോഴും കര്‍ഷകര്‍ ഇത്തരം കമ്പനികളെ ആശ്രയിക്കുന്നതിന്റെ ഫലമായി അടുത്ത വിളവുകാലത്തേയ്ക്ക് വിത്തുകള്‍ സൂക്ഷിക്കാന്‍ കഴിയാതെ പോകുന്നു. ഉപഭോക്താവിന്റെയും കര്‍ഷകന്റെയുമൊക്കെ ക്ഷേമത്തിനായി നാടന്‍ വിത്തുകള്‍ സൂക്ഷിക്കപ്പെടേണ്ടതുണ്ട്. ജൈവവൈവിധ്യത്തിനും ഇത് അത്യന്താപേക്ഷിതമാണ്.
ഭൂമിയുടെ വംശാവലി രക്ഷിക്കുന്നതിനുവേണ്ടി റഹിബായ് 15 ഇനം നെല്‍വിത്തും 9 ഇനം തുവരയും 60 ഇനം പച്ചക്കറി എണ്ണക്കുരു എന്നിവയും വംശനാശത്തില്‍ നിന്നും കരകയറ്റുകയുണ്ടായി.
വളരെ ചെറുപ്പത്തില്‍തന്നെ ഇത്തരം ബോധങ്ങള്‍ ഇവരെ നയിച്ചിരുന്നു. അതുകൊണ്ടുതന്നെ രാസപദാര്‍ഥങ്ങളെ കൃഷിമണ്ണില്‍ നിന്നും അകറ്റിനിര്‍ത്തുന്നതില്‍ തന്നെക്കൊണ്ട് കഴിയാവുന്നതൊക്കെ ഇവര്‍ ചെയ്തു. ഗ്രാമീണരില്‍ കണ്ടുവരുന്ന പലവിധ രോഗങ്ങള്‍ക്കും അനാരോഗ്യത്തിനും കാരണം വിഷലിപ്തമായ ഭക്ഷ്യവിഭവങ്ങളാണെന്ന റഹിബായിയുടെ തിരിച്ചറിവ് ഗ്രാമീണരുടെ കണ്ണുതുറപ്പിക്കാന്‍ പലപ്പോഴും കാരണമായിട്ടുണ്ട്.
തന്റെ സഹപ്രവര്‍ത്തകരായ വനിതാകര്‍ഷകരെ സംഘടിപ്പിച്ച് സ്വയം സഹായസംഘങ്ങള്‍ക്ക് ഇവര്‍ രൂപം നല്‍കി. അഹമ്മദ് നഗറിലെ അകൊലെ താലൂക്കില്‍ രൂപീകരിച്ച സംഘത്തിന്റെ പേര് കല്‍സുബായ് പരിസര്‍ ബിയാനീ സംവര്‍ധന്‍ സമിതി എന്നാണ്. റഹിബായിയുടെ ഏഴംഗകുടുംബം വര്‍ഷകാലത്ത് കൃഷിചെയ്യുകയും അല്ലാത്തപ്പോള്‍ അകൊലെയിലെ പഞ്ചസാര ഫാക്ടറികളില്‍ തൊഴിലെടുക്കുകയും ചെയ്യും. മൊത്തമുള്ള ഏഴ് ഏക്കര്‍ ഭൂമിയില്‍ മൂന്ന് ഏക്കര്‍ ഭൂമി മാത്രമാണ് മഴക്കാലത്ത് കൃഷിചെയ്തിരുന്നത്. എന്നാല്‍ സ്വന്തം അധ്വാനത്തില്‍ മഴവെള്ള സംഭരണിയുണ്ടാക്കി തരിശിട്ട രണ്ടേക്കറില്‍ കൂടി കൃഷി ആരംഭിച്ചു. പ്രധാനമായും പച്ചക്കറിയാണ് കൃഷി ചെയ്തത്. ഇതിനും പുറമെ വീടിന്റെ പിറകുവശത്ത് ഒരു കോഴിഫാം മഹാരാഷ്ട്രയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ട്രാന്‍സ്ഫര്‍ ഫോര്‍ റൂറല്‍ ഏരിയാസിന്റെ സഹായത്തോടെ നിര്‍മ്മിച്ചു.
നാലുതട്ടിലുള്ള നെല്‍കൃഷിയില്‍ റഹിബായ് വിദഗ്ധയായതോടെ വിളയില്‍ 30 ശതമാനം വര്‍ധനവുണ്ടായി. നാടന്‍ കൃഷിസമ്പ്രദായത്തില്‍ യാതൊരുവിധ രാസപ്രക്രിയയ്ക്കും വശംവദയാകാതെതന്നെ തനതു കൃഷിയിലൂടെ തനത് വിത്തുകളും വളവും സംരക്ഷിക്കാന്‍ റഹിബായ് അസാമാന്യ പാടവമാണ് പ്രകടിപ്പിക്കുന്നത്. സ്വയംസഹായ സംഘങ്ങള്‍ വഴി ഇവയ്ക്കാവശ്യമായ പ്രചരണവും അംഗീകാരവും നേടിയെടുക്കുന്നുണ്ട്. ഇതിനായി ഒരു വിത്ത് ബാങ്കുതന്നെ ഇവര്‍ സൃഷ്ടിച്ചു. കര്‍ഷകരില്‍ നിന്നുള്ള നിരന്തരമായ സഹകരണങ്ങളുടെയും സഹായങ്ങളുടെയും ഫലമായി ഇന്ന് 32 വിളകളുടേതായി 122 ഇനം വിത്തുകളാണ് റഹിബായ് ശേഖരിച്ച് സംരക്ഷിച്ചിരിക്കുന്നത്. തികച്ചും പരമ്പരാഗത രീതിയില്‍ കൃഷിചെയ്യുന്നപക്ഷം ഒരു കര്‍ഷകന് എല്ലാ ചെലവും കഴിച്ച് അയ്യായിരം രൂപ ഒരു വിളവ് കാലത്ത് സമ്പാദിക്കാന്‍ പറ്റും. തുടര്‍ച്ചയായി ഉപയോഗത്തിലൂടെ 250 ഇനം വിവിധ വിളകളെ സംരക്ഷിച്ച് സംഭരിക്കുക എന്നതാണ് റഹിബായിയുടെ അടുത്തലക്ഷ്യം. ഏകദേശം 25,000 അടുക്കള തോട്ടങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഇവര്‍ ഇതിനകം സഹായങ്ങള്‍ നല്‍കിവരുന്നു. തട്ടിന്‍പുറത്ത് വിത്ത് കയറുന്ന കാലംവരുമ്പോള്‍ മാത്രമേ കൃഷി രക്ഷപ്പെടുകയുള്ളൂ എന്ന് പ്രശസ്ത കൃഷി ശാസ്ത്രജ്ഞ ഡോ. വന്ദനശിവ പറഞ്ഞത് റഹിബായ് അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കുന്നു.