Saturday
21 Oct 2017

മൂന്നു സ്വാശ്രയ മെഡി. കോളേജ്  പ്രവേശനത്തിന് സുപ്രിംകോടതി അംഗീകാരം

By: Web Desk | Friday 22 September 2017 10:17 PM IST

*അനുമതി വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ച്

ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ വിലക്കും കേന്ദ്രസര്‍ക്കാരിന്റെ വാദവും മറികടന്ന് കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പ്രവേശനത്തിന് സുപ്രിംകോടതി അംഗീകാരം നല്‍കി. ഡി എം വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍, തൊടുപുഴ അല്‍ അസ്ഹര്‍ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം ബി ബി എസ് പ്രവേശനത്തിനാണ് സുപ്രിം കോടതി അംഗീകാരം നല്‍കിയത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരം റദ്ദാക്കിയതിനെ തുടര്‍ന്നാണ് മൂന്നു സ്വാശ്രയ കോളജുകളുടെ മാനേജ്‌മെന്റ് പ്രവേശനത്തിന് അനുമതി തേടി സുപ്രിം കോടതിയെ സമീപിച്ചത്.
പരിശോധനകളില്‍ ഒട്ടേറെ ന്യൂനതകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഈവര്‍ഷമാദ്യം കോളജുകളിലെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ തടഞ്ഞത്. അതേസമയം, ചെറിയ പിഴവുകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ കഴിയുമോയെന്ന് കേസ് പരിഗണിക്കവേ കോടതി ആരാഞ്ഞു. പ്രവേശനം നിഷേധിച്ച കേന്ദ്രസര്‍ക്കാരിനെതിരെയും മെഡിക്കല്‍ കൗണ്‍സിലിനെതിരെയും കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഒപ്പം കുട്ടികളുടെ ഭാവി കണക്കിലെടുത്ത് കൊണ്ട് മാത്രമാണ് മൂന്ന് മെഡിക്കല്‍ കോളജുകളിലെയും പ്രവേശനം അംഗീകരിക്കുന്നതെന്ന് പറഞ്ഞ സുപ്രിം കോടതി കേസില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്ന് വ്യക്തമാക്കി. കേസില്‍ വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ച് അനുമതി നല്‍കണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകിരച്ചിരുന്നത്.
അധ്യാപകരുടെ കുറവ്, രോഗികളുടെ എണ്ണക്കുറവ് തുടങ്ങിയവയായിരുന്നു മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജില്‍ ന്യൂനതകളായി ചൂണ്ടിക്കാട്ടിയത്. ഇവ പരിഹരിക്കാന്‍ സമയം നല്‍കിയെങ്കിലും തൃപ്തികരമായ മറുപടി നല്‍കാനായില്ല. അതേസമയം, അധ്യാപക ക്ഷാമം, റസിഡന്റ് ഡോക്ടര്‍മാരുടെ കുറവ് തുടങ്ങിയ ന്യൂനതകളാണ് അല്‍ അസ്ഹര്‍, ഡി എം വയനാട് മെഡിക്കല്‍ കോളജുകള്‍ക്കെതിരെ ചൂണ്ടിക്കാട്ടിയത്. വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രസര്‍ക്കാര്‍ പ്രവേശനാനുമതി നിഷേധിച്ചത്. പ്രവേശന നടപടികളില്‍ വസ്തുതകള്‍ പരിശോധിച്ച് രണ്ടംഗ ബെഞ്ചിന് തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം 400 വിദ്യാര്‍ഥികളാണ് മൂന്നു മെഡിക്കല്‍ കോളജുകളിലുമായി പ്രവേശനം നേടിയിരുന്നത്.