Friday
19 Oct 2018

എ എം പരമൻ അന്തരിച്ചു

By: Web Desk | Monday 11 June 2018 8:25 AM IST

തൃശ്ശൂർ : മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവ് എ എം പരമേട്ടൻ (92) അന്തരിച്ചു. 1926 ൽ ഐനി വളപ്പിൽ മാധവന്‍റേയും ചിറ്റത്തുപറമ്പിൽ ലക്ഷ്മിയുടേയും മകനായി ജനനം. സ്വാതന്ത്ര്യ സമര സേനാനിയും തൃശ്ശൂർ ജില്ലയിലെ ആദ്യകാല തൊഴിലാളി നേതാക്കളിൽ പ്രമുഖനുമാണ് പരമേട്ടൻ. സിപിഐ സംസ്ഥാന കൗൺസിൽ അംഗം, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം എ ഐ ടി യു സി യുടെ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ കുറച്ചു വർഷങ്ങളായി പൂങ്കുന്നത്തുള്ള വസതിയിൽ വിശ്രമത്തിലായിരുന്നു. 1987 മുതൽ 1992 വരെ ഒല്ലൂർ അസ്സംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച് എം എൽ എ യായിരുന്നു.

ദീർഘകാലം തൃശ്ശൂർ മുനിസിപ്പൽ കൗൺസിലറായും സേവനമനുഷ്ഠിച്ച പരമേട്ടൻ ജില്ലയിലെ എണ്ണമറ്റ തൊഴിലാളി യൂണിയനുകളുടെ സംഘാടകനും ഭാരവാഹിയുമായിരുന്നു. തൃശ്ശൂർ സീതാറാം മില്ലിലെ തൊഴിലാളിയായിരിക്കുമ്പോൾ അവിടത്തെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് പരമേട്ടൻ പൊതുരംഗത്തു വരുന്നത്. രാജഗോപാൽ മിൽ, വനജാമിൽ, ലക്ഷ്മി മിൽ, അളഗപ്പ ടെക്സ്റ്റയിൽസ്, നാട്ടിക കോട്ടൺ മിൽ, ഓട്ടു കമ്പനിത്തൊഴിലാളി യൂണിയൻ തുടങ്ങി ഒട്ടേറെ വ്യവസായ സ്‌ഥാപനങ്ങളിലെ ട്രേഡ് യൂണിയൻ നേതാവായിരുന്നു. കൂടാതെ തൃശ്ശൂർ നഗരത്തിലെ ഷോപ് എംപ്ലോയീസ് യൂണിയൻ, ചുമട്ടുതൊഴിലാളി യൂണിയൻ, ഓട് – മൺപാത്ര വ്യവസായം, തഴപ്പായ നെയ്ത്തു, പ്ലാൻറ്റേഷൻ തുടങ്ങി നിരവധി യൂണിയനുകളുടെ നേതാവായിരുന്നു. തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്കുവേണ്ടി ജീവിതം സമർപ്പിച്ച നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

Related News