Wednesday
22 Aug 2018

വയോജനനയ വാഗ്ദാനം നടപ്പിലാക്കുക

By: Web Desk | Sunday 1 October 2017 1:10 AM IST

എസ് ഹനീഫാറാവുത്തര്‍

ക്‌ടോബര്‍ ഒന്ന് ലോകവയോജനദിനമായി ആചരിക്കുകയാണ്. 1990 ഡിസംബര്‍ 14-ന് യുഎന്‍ ജനറല്‍ അസംബ്ലിയാണ് ഈ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. വയോജന ജനസംഖ്യയുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് ആ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സജീവ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ഈ ദിനാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്. 1991 മുതല്‍ ഉചിതമായ പരിപാടികളോടെ ഈ ദിനം ആചരിച്ചുവരുന്നു. ഓരോ വര്‍ഷവും ദിനാചരണത്തിന്റെ പ്രമേയം യു എന്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നു.
മുതിര്‍ന്നവരെ ശാക്തീകരിച്ചും പിന്തുണച്ചും സമൂഹത്തില്‍ സജീവവും സാര്‍ത്ഥകവുമായ പങ്ക് വഹിക്കാന്‍ പ്രാപ്തരാക്കുക,മുതിര്‍ന്നവരുടെ അനുഭവ സമ്പത്തും,അറിവും വൈദഗ്ധ്യവും കര്‍മ്മശേഷിയും ഭാവിയിലേക്ക് ഉപയോഗപ്പെടുത്തുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രമേയമായി യു എന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
1991-ല്‍ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി വിയന്നാ പ്രഖ്യാപനം നടപ്പിലാക്കുന്നതില്‍ അംഗരാഷ്ട്രങ്ങള്‍ വീഴ്ചവരുത്തി എന്ന് വിലയിരുത്തുകയുണ്ടായി. പിന്നെയും എട്ടൊമ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യയില്‍ വയോജന നയം പുറത്തുവന്നത്. വീണ്ടും എട്ട് വര്‍ഷങ്ങള്‍ക്കുശേഷം 2007-ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് മെയിന്റനന്‍സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പാസാക്കുന്നത്.
വയോജനങ്ങളുടെ സംരക്ഷണം മക്കളുടേയും ചെറുമക്കളുടേയും തലയില്‍ കെട്ടിവച്ച് കൈകഴുകുവാനാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയിട്ടുള്ള നിയമങ്ങളിലൂടെ ചെയ്തുവച്ചിട്ടുള്ളത്. സംരക്ഷണത്തിനും ചെലവിനും വേണ്ടി മക്കള്‍ക്കെതിരെ കേസുകൊടുക്കുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യ സാഹചര്യം ഉണ്ടായിരിക്കുന്നു എന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. കേരളത്തില്‍ 2008 മുതല്‍ 9200 കേസുകള്‍ ഇങ്ങനെ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നു എന്നത് രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ ഇനിയും വന്നിട്ടുണ്ടോ എന്ന് സംശയമാണ്.
വയോജന പെന്‍ഷന്‍ പദ്ധതി അനുസരിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്ന 60 വയസിനു മുകളിലുള്ള വയോജനങ്ങള്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷനായി നല്‍കുന്നുണ്ട്. ഇതില്‍250 രൂപയാണ് കേന്ദ്രവിഹിതം. ഇതുവരെ 18 സംസ്ഥാനങ്ങളില്‍ മാത്രമാണ് ഈ സ്‌കീം നടപ്പിലാക്കിയിട്ടുള്ളത്. അപ്പോള്‍ അര്‍ഹരായ വയോജനങ്ങള്‍ക്ക് എല്ലാം ഭാരതത്തില്‍ ഈ സ്‌കീം കൊണ്ട് പ്രയോജനം കിട്ടിയിട്ടില്ല എന്നര്‍ഥം. ആറ് സംസ്ഥാനങ്ങളില്‍ കേന്ദ്രവിഹിതമായ 250 രൂപമാത്രമാണ് നല്‍കുന്നത്. ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക നേതാക്കള്‍ മുഖേനയാണ് പ്രസ്തുത പെന്‍ഷന്‍ നല്‍കിവരുന്നത്. അങ്ങനെയെങ്കില്‍ എന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
2007-ല്‍ കേന്ദ്രസര്‍ക്കാര്‍ രക്ഷിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമത്തിനും പരിപാലനത്തിനും വേണ്ടിയുള്ള നിയമം പാസാക്കിയെങ്കിലും മൂന്ന് സംസ്ഥാനങ്ങളൊഴികെ മറ്റൊരിടത്തും ഈ നിയമം നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള ചട്ടങ്ങള്‍ പാസാക്കുകയോ ട്രിബ്യൂണലുകള്‍ സ്ഥാപിക്കുകയോ ഉദ്യോഗസ്ഥരെ നിയമിക്കുകയോ ചെയ്തിട്ടില്ല. അതുപോലെതന്നെ ദേശീയ വയോജന നയം അടിസ്ഥാനമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷ ഭാരതത്തിലൊരിടത്തും ഒരു മുതിര്‍ന്ന പൗരനും ലഭിക്കുന്നില്ല.
ഭരണാധികാരികള്‍ വയോജനപ്രശ്‌നത്തെ വളരെ ലാഘവ ബുദ്ധിയോടുകൂടി കൈകാര്യം ചെയ്യുന്നു എന്നതാണ് ഖേദകരമായ സംഗതി. രാഷ്ട്രീയ നേതൃത്വമാണ് ഇതില്‍ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതും ബ്യൂറോക്രസിയുടെ അലസമായ സമീപനത്തിന് അറുതിവരുത്തി അസംഘടിതരും രോഗികളും ദരിദ്രരുമായ വയോജനങ്ങളെ രക്ഷിക്കേണ്ടതും.
വൃദ്ധജനവര്‍ദ്ധനവിന്റെ വളരെ ഭയാനകമായ ദൃശ്യമാണ് നമ്മുടെ മുന്‍പിലുള്ളത് 50 ലക്ഷം ആളുകളാണ് (ജനസംഖ്യയുടെ 13%) കേരളത്തില്‍ അറുപത് വയസ്സിനുമുകളില്‍ പ്രായമുള്ളവരായിട്ടുള്ളത്. ഇതില്‍ മൂന്നിലൊന്നുപേര്‍ കഠിന രോഗങ്ങള്‍ക്ക് വിധേയരാണ്. 2025 ആകുമ്പോള്‍ ജനസംഖ്യ നാല് കോടി കവിയും. അപ്പോള്‍ ഒരു കോടിയിലേറെ ആളുകള്‍ വൃദ്ധജനസമൂഹത്തില്‍പെടുന്നവരായിരിക്കും. കാഴ്ചശക്തിയും കേള്‍വിയും കുറഞ്ഞവരും ഇല്ലാത്തവരും, അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചവര്‍, ചലനശക്തി നശിച്ചവര്‍, ഇതുകൂടാതെ പ്രമേഹം, കാന്‍സര്‍, ഹൃദ്രോഗം, കൊളസ്‌ട്രോള്‍, വാതം, രക്താതിസമര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരെയൊക്കെക്കൊണ്ട് വീടുകള്‍ നിറയും. വീടുകളില്‍ ഇവരെ ശുശ്രൂഷിക്കുവാന്‍ പറ്റിയ ആളുകള്‍ കുറവായിരിക്കും. വൃദ്ധജനങ്ങളുടെ ബന്ധുക്കള്‍ മാനസികമായും സാമ്പത്തികമായും തകരും. അറുപതിനുമുകളില്‍ പ്രായമായ രണ്ട് തലമുറകള്‍-അച്ഛനും മകനും അല്ലെങ്കില്‍ അമ്മയും മകളും വൃദ്ധരായി വീടുകളില്‍ കഴിയുന്ന സ്ഥിതി ഉണ്ടാകും. വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതുമാത്രമല്ല ആലോചനാവിഷയമായിട്ടുള്ളത്. മരിക്കുന്നതുവരെ വൃദ്ധജനങ്ങളെ താരതമ്യേന ആരോഗ്യമുള്ളവരാക്കി നിര്‍ത്തുകയെന്നതും ഗൗരവതരമായ ചിന്തയ്ക്ക് വിഷയീഭവിക്കേണ്ടതാണ്. ഇതിനുപറ്റിയതരത്തില്‍ സമഗ്രമായ പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്.
കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള വയോജനനയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കാര്യങ്ങള്‍ പൂര്‍ണമായ തോതില്‍ നടപ്പിലാക്കിയാല്‍ വൃദ്ധജനസമൂഹത്തിന് അത് വളരെ ആശ്വാസകരമായിരിക്കും. വിപുലമായ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത നയപ്രഖ്യാപനം നടപ്പിലാക്കുന്നതിന് ഒരു പ്രത്യേക വകുപ്പോ ഏജന്‍സിയോ ഇല്ലെന്നുള്ളതാണ് ഏറ്റവും വലിയ പ്രതിസന്ധി. മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള ഒരു മനസാണ് സര്‍ക്കാരിനുണ്ടാകേണ്ടത്. ഏത് ഗുരുതരമായ രോഗാവസ്ഥയിലും ചികിത്സിക്കാന്‍ ലക്ഷങ്ങള്‍ വേണ്ടിവരുന്ന ഇന്നത്തെ അവസ്ഥയില്‍ സമഗ്രമായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അക്ഷന്തവ്യമാണ്. ജീവിതാന്ത്യത്തില്‍ ചെലവേറിയ ചികിത്സാരീതികള്‍ക്കു പകരം പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ വ്യാപകമാക്കണം. നിലവില്‍ ഒരു പെന്‍ഷനും ലഭിക്കാത്ത വയോജനങ്ങള്‍ക്ക് പ്രതിമാസം 3500 രൂപയെങ്കിലും പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. കേരളത്തില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വയോജന പെന്‍ഷന്‍ 525ല്‍ നിന്ന് 1100 രൂപയായി ഉയര്‍ത്തുകയും പെന്‍ഷന്‍ വീട്ടിലെത്തിക്കാന്‍ സംവിധാനമൊരുക്കുകയും ചെയ്തത് ആശ്വാസകരമാണെങ്കിലും വയോജന പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തുകയും വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുകയും ചെയ്യുമെന്നാണ് വയോജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. വയോജന സംരക്ഷണം മുന്‍ഗണനാപ്രവര്‍ത്തനങ്ങളിലൊന്നായി പരിഗണിച്ചുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
വയോജനനയത്തില്‍ വാഗ്ദാനം ചെയ്തിട്ടുള്ള കാര്യങ്ങള്‍ നടപ്പിലാക്കി വയോജനങ്ങളുടെ അറിവും കഴിവും ശേഷിയും സമൂഹത്തിന് പ്രയോജനപ്പെടുത്തണം. ”തൊഴിലിന്റെയും അഥവാ വിരമിക്കലിന്റെയും ശേഷമുള്ള തൊഴിലവസരങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും, 60 വയസ് കഴിയുന്ന വിദഗ്ധരുടെ സന്നദ്ധ സേവനം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും, മുതിര്‍ന്നവര്‍ക്ക് പുനര്‍നിയമനം ലഭിക്കുന്നതിനായി എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് രൂപീകരിക്കും, റിട്ടയര്‍ ചെയ്തതിന് ശേഷവും പ്രവൃത്തിയെടുക്കാന്‍ സന്നദ്ധതയും പ്രാപ്തിയുമുള്ള മുതിര്‍ന്നവരുടെ കര്‍മ്മശേഷി രാജ്യത്തിന്റെ വികസനത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്നതിന് ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.” സംസ്ഥാനത്തെ വയോജനനയത്തില്‍ വാഗ്ദാനം ചെയ്തിട്ടുള്ള ഈ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയും അമാന്തിച്ചുകൂട. ഈ വര്‍ഷത്തെ ദിനാചരണത്തില്‍ ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ചിട്ടുള്ള പ്രമേയം അതാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

(സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ
ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Related News