Wednesday
19 Dec 2018

രാജകുടുംബം പറഞ്ഞു, “വേലക്കാരനായിരുന്താലും മിഡോ എന്‍ മോഹവല്ലി”

By: Web Desk | Tuesday 4 December 2018 6:18 PM IST

റിയാദ്:

സൗദി രാജകുടുംബത്തിലെ ജോലി മതിയാക്കി മിഡോ ഷെരീന്‍ ഇന്ത്യയിലേക്ക് തിരിച്ചു മടങ്ങുമ്പോള്‍ ഇൗ പ്രവാസിക്കു കിട്ടിയത് രാജകീയ യാത്രയയപ്പ്. 35 വര്‍ഷം ജോലി ചെയ്ത് അവസാനം വിശ്രമം അത്യാവശ്യമെന്ന് തോന്നിയപ്പോഴാണ് ഇന്ത്യക്കാരനായ മിഡോയുടെ മടക്കം. ഇന്ത്യയിലേക്കുള്ള ഇൗ തിരിച്ചുപോക്ക് താല്‍ക്കാലികമായിട്ടല്ല, എന്നന്നേയ്ക്കുമായി ഇനി സൗദി മണ്ണിലേക്ക് തിരിച്ചുപോകില്ലെന്ന അറിവോടെ… വീട്ടുകാര്യങ്ങള്‍ നോക്കാനായാണ് മിഡോ സൗദി രാജകുടുംബത്തില്‍ എത്തിയതെങ്കിലും അവരുടെ പ്രിയപ്പെട്ട ഒരാളായി മാറുകയായിരുന്നു. ആ വീട്ടിലെ കുടുംബാംഗങ്ങള്‍ക്ക് തന്നോടു എത്രമാത്രം സ്നേഹം ഉണ്ടെന്ന് മനസിലാക്കിയതും ഇൗ തിരിച്ചുപോക്കിലൂടെയാണ്.

ജോലി മതിയാക്കി തിരിച്ചുപോകുമ്പോള്‍ മിഡോയ്ക്ക് അറബി കുടുംബം ഒരുക്കിയത് രാജകീയ യാത്രയയപ്പായിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരിക്കുകയാണ്. പ്രായവ്യത്യാസം ഇല്ലാതെ കുടുംബത്തിലെ എല്ലാ അംഗങ്ങളും നേരിട്ടെത്തിയാണ് മിഡോയ്ക്ക് യാത്രയയപ്പ് നല്‍കിയത്. ചുംബനങ്ങള്‍ക്കൊണ്ടും സ്നേഹവാക്കുകള്‍ക്കൊണ്ടും മിഡോയെ യാത്രയയക്കുന്നതിന്‍റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് എയര്‍പോര്‍ട്ടും മറ്റു യാത്രക്കാരും സാക്ഷിയായി.

1980 കാലഘട്ടത്തിലാണ് മിഡോ ഷെരീന്‍ സൗദിയയില്‍ എത്തിയത്. വടക്കന്‍ സൗദിയിലെ അല്‍ ജോഫിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. അന്നുമുതല്‍ സൗദിയിലെ ഈ കുടുംബത്തിന്‍റെ റസ്റ്റ് ഹൗസില്‍ പരിചാരകനായി ജോലി ചെയ്ത് വരികയായിരുന്നു. വീട്ടിലെ കൃഷികാര്യങ്ങളും ഹൈവേയിലെ റസ്റ്റ് ഹൗസില്‍ ചായയും കാപ്പിയും വിതരണം ചെയ്യുകയുമായിരുന്നു ഈ ഇന്ത്യക്കാരന്‍റെ ജോലി.

യാത്രയാക്കുമ്പോള്‍ കൈനിറയെ പണവും സമ്മാനങ്ങളും മാത്രമല്ല ഇന്ത്യയില്‍ എത്തിയ ശേഷം മിഡോയ്ക്ക് സുഖമായി ജീവിക്കാന്‍ മാസം പെന്‍ഷന്‍ പോലെ ഒരു തുകയും ഇവര്‍ നല്‍കും. തങ്ങളുടെ കുടുംബത്തോട് അദ്ദേഹം ചെയ്ത ആത്മാര്‍ഥതയും മഹാമനസ്‌കതയും വളരെ വലുതാണെന്ന് സൗദി കുടുംബാംഗം അവാദ് ഖുദൈര്‍ അല്‍ റെമില്‍ അല്‍ ഷെമീരി പറഞ്ഞു.

Related News