Saturday
17 Nov 2018

പോരുവഴിസർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് മുന്നു ജീവനക്കാർ കൂടി അറസ്റ്റിൽ 

By: Web Desk | Thursday 8 November 2018 9:39 AM IST

ശൂരനാട്: പോരുവഴിസർവീസ് സഹകരണ ബാങ്കിൽ മൂന്നു കോടിയോളം രൂപാ തട്ടിച്ച കേസിൽ ബാങ്കിലെ ജീവനക്കാരായ മൂന്നു പേരെ കൂടി ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. പോരുവഴി വടക്കേമുറി ലക്ഷ്മി ഭവനിൽ മധുസൂധന ക്കുറുപ്പ് (52) പള്ളിമുറി കോട്ടയ്ക്കകത്ത്  മുജീബ് (43) ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ കുഴിയത്ത് കിഴക്കതിൽ സന്തോഷ് കുമാർ (43) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
അറസ്റ്റിലായ സെക്രട്ടറിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതതിന്റെ അടിസ്ഥാനത്തിലാണ്
കൂടുതൽ ജീവനക്കാർ ഉൾപ്പെട്ടതായി വിവരം ലഭിച്ചത്.ഭരണ സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ വരും ദിവസങ്ങളിൽ അറസ്റ്റിലാകുമെന്നാണ് സൂചന. തട്ടിപ്പു നടത്തിയ സെക്രട്ടറിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു കഴിഞ്ഞു. നൂറിലധികം ഇടപാടുകാരിൽ നിന്നായി മൂന്നു കോടി രൂപയും തൊണ്ണൂറ് പവൻ സ്വർണ്ണവും തട്ടിയെടുത്ത സംഭവത്തിൽ ഭരണസമിതി നൽകിയ പരാതിയെ തുടർന്ന് ശൂരനാട് പോലീസ് കേസെടുത്തിരുന്നു. മേയ് മൂന്നിന് ഒളിവിൽ പോയ സംഘം സെക്രട്ടറി രാജേഷ് കുമാറിനെ കഴിഞ്ഞ മാസം ഇരുപത്തിനാലിന് പിടികൂടുകയും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ഇത്രയും ഭീമമായ തട്ടിപ്പ് ഒറ്റയ്ക്ക് നടത്താൻ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്.ഇത് ശരി വെയ്ക്കുന്ന മൊഴികളും തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണത്തിലാണ് സംഘം.