Sunday
16 Dec 2018

തെലങ്കാനയില്‍ കര്‍ഷകരോഷം ടിആര്‍എസിന് തിരിച്ചടി

By: Web Desk | Thursday 6 December 2018 11:15 PM IST

ഹൈദരാബാദ്: നിയമസഭ നേരത്തെ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തെലങ്കാന സര്‍ക്കാരിന് ആത്മവിശ്വാസമേകിയ റെയ്ത്ത് ബന്ധു പദ്ധതി ഒടുവില്‍ തിരിച്ചടിയാകുന്നു. ഓരോ വിള കൃഷിയിലും ഭൂ ഉടമകള്‍ക്ക് ഏക്കറിന് 4,000 രൂപ സഹായം നല്‍കുന്ന പദ്ധതിയാണ് റെയ്ത് ബന്ധു അഥവ ‘കര്‍ഷക സുഹൃത്’
എന്നാല്‍ തെലങ്കാന രാഷ്ട്ര സമിതി സ്ഥിതിഗതികള്‍ വേണ്ടും വണ്ണം മനസിലാക്കിയിരുന്നില്ലെന്ന് വേണം കരുതാന്‍. വോട്ടുബാങ്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കര്‍ഷകരില്‍ ഭൂരിഭാഗവും ഈ പദ്ധതിയിലൂടെ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നാണ് സൂചന.
റാബി-ഖാരിഫ് വിളക്കാലങ്ങളില്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കാനായി റവന്യൂ വകുപ്പ് ഒരു ശുദ്ധികലശം നടത്തിയിരുന്നു. വെട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടായിരുന്നു നടപടി. എന്നാല്‍ ഇതിലൂടെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പദ്ധതിയ്ക്ക് പുറത്തായെന്നാണ് പ്രതിപക്ഷത്തിന്റെയും കര്‍ഷകരുടെയും ആരോപണം. സര്‍ക്കാരിനെ അക്രമിക്കാന്‍ പ്രതിപക്ഷം ഇത് നല്ലൊരായുധമാക്കുകയാണ്. 2.5 ഏക്കറില്‍ താഴെ ഭുമിയുളളവരുടെ കൈവശമാണ് സംസ്ഥാനത്തെ ഭൂമിയുടെ 62ശതമാനവുമെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ചേക്കറില്‍ താഴെ ഭൂമിയുളളവരുടെ എണ്ണം 86ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു. ഭൂരഹിതരും ചെറുകിട-പാര്‍ശ്വവത്കൃത കര്‍ഷകരുമാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് റെയ്ത് ബന്ധു തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഇത് വന്‍കിടക്കാരെ സഹായിക്കുന്നതരത്തിലായി. വന്‍കിട ഭൂവുടമകള്‍ ശരിക്കും മറ്റുളളവരെ കൊണ്ട് തങ്ങളുടെ ഭൂമിയില്‍ കൃഷി ചെയ്യിക്കുക മാത്രമാണ്. വെറുതെ ഇരുന്ന് വിളവിന്റെ നല്ലൊരു ഭാഗവും ഇവര്‍ സ്വന്തമാക്കുകയും ചെയ്യുന്നു. റെയ്ത് ബന്ധുവില്‍ നിന്നുളള ആനുകൂല്യങ്ങള്‍ ഇവര്‍ താഴെയുളള കര്‍ഷകര്‍ക്ക് നല്‍കുന്നുമില്ല.
ഇതാണ് പദ്ധതിയ്‌ക്കെതിരെ ഗ്രാമീണ മേഖലകളില്‍ അതൃപ്തി ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് പുറമെ വളത്തിന്റെയും മറ്റ് അനുബന്ധ സാമഗ്രികളുടെയും വില വര്‍ധിപ്പിച്ചതും ചെറുകിടക്കാര്‍ക്ക് തിരിച്ചടിയായി.