Monday
23 Jul 2018

‘പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം’

By: Web Desk | Wednesday 11 October 2017 12:11 PM IST

പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗകുറ്റമാണെന്ന് സുപ്രീംകോടതി.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി (പെണ്‍കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. എന്നാല്‍ 15നും 18 നും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ വ്യവസ്ഥ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി.

15 വയസിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നായിരുന്നു ഐ.പി.സി 375 ല്‍ പറയുന്നത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. എന്നാല്‍ വിവാഹബന്ധത്തിലെ ബലാത്സംഗ(മാരിറ്റല്‍ റേപ്പ്) വിഷയത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. 18 വയസ്സില്‍ താഴെ പ്രായമുള്ള ഭാര്യയുമായി ഒരാള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. പ്രായപൂര്‍ത്തിയാകാത്ത ഭാര്യക്ക് ഭര്‍ത്താവിനെതിരെ ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കാം- കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ രംണ്ടംഗ ബെഞ്ചിന്റെതാണ് നിരീക്ഷണം.

ശൈശവവിവാഹം എന്ന വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി സാമൂഹ്യ നീതി നിയമങ്ങള്‍ അവയുടെ അന്തസത്തയുള്‍ക്കൊള്ളുന്ന തരത്തിലല്ല നടപ്പില്‍വരുത്തിയതെന്ന വിമര്‍ശനവും മുന്നോട്ടുവെച്ചു.അക്ഷയ തൃദ്വീയ പോലുള്ള ആഘോഷങ്ങളിൽ ആയിരക്കണക്കിന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ സമൂഹവിവാഹത്തിലൂടെ വിവാഹിതരാവുന്ന സംഭവത്തില്‍ കോടതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

15 വയസ്സിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ലെന്ന നിലപാടാണ് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. വിവാഹം എന്ന സംവിധാനത്തിന്റെ നിലനില്‍പിനെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രം നിലപാട് കൈക്കൊണ്ടത്.

 

Related News