Saturday
22 Sep 2018

കടലിലെ പ്രതിരോധ താവളം;തന്ത്രപ്രധാനമായ കരാര്‍ ചോര്‍ന്നു

By: Web Desk | Sunday 11 March 2018 10:15 PM IST

പ്രതിരോധ താവളം സംബന്ധിച്ച് ഇന്ത്യ ദ്വീപ് രാജ്യമായ സീഷെല്‍സുമായി ഉണ്ടാക്കിയ തന്ത്രപ്രധാനമായ കരാര്‍ ചോര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയതു സംബന്ധിച്ച് സീഷെയ്ല്‍സ് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.

ഡല്‍ഹിയില്‍ ഇപ്പോൾ നടക്കുന്ന സൗരോര്‍ജ്ജ അന്തര്‍ദേശീയസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സീഷെല്‍സ് പ്രസിഡന്റ് ഡാനി  ഫോറും തമ്മില്‍  ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സീഷെയ്‌സില്‍ ഇന്ത്യ പ്രതിരോധ താവളം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ വിശദവിവരങ്ങളാണ് പുറത്തായത്. പ്രതിജ്ഞാലംഘനം നടത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തുമെന്നും ഈ രീതി അവസാനിപ്പിക്കപ്പെടണമെന്നും സീഷെല്‍സ് വൈസ് പ്രസിഡന്റ് വിന്‍സെന്റ് മെരിട്ടണ്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടന്നില്ലെങ്കില്‍ ജനാധിപത്യത്തിന്റെയും വിവരസാങ്കേതിക സ്വാതന്ത്ര്യത്തിന്റെയും പേരില്‍ എന്ത് ആധികാരികരേഖയും പ്രസിദ്ധീകരിക്കാമെന്ന് ജനം ധരിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍പുറത്തായത് ് ഞെട്ടലുണ്ടാക്കി,ചിലര്‍ ഒരു ആദര്‍ശവുമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. അദ്ദേഹം പറയുന്നു.
എന്നാല്‍ ഇന്ത്യ ഈ വിഷയത്തില്‍ എന്തു നടപടി സ്വീകരിക്കുന്നുവെന്നചോദ്യത്തോട് പദ്ധതി ഇന്ത്യയും സീഷെല്‍സും ഒരുമിച്ച് നടപ്പാക്കുന്നതാണെന്നും ഇന്ത്യ സീഷെല്‍സിന്റെ അഭ്യര്‍ത്ഥനയിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഇന്ത്യന്‍ വക്താവ് പറഞ്ഞു. ഇന്ത്യക്ക് താവളമുണ്ടാക്കാന്‍ സീഷെല്‍സ് സ്ഥലം വിട്ടുനല്‍കുന്നതു സംബന്ധിച്ച എതിര്‍പ്പുകള്‍ ഉള്‍പ്പെട്ട സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍നിന്നുതന്നെയാണ് രേഖകള്‍ ചോര്‍ന്നതെന്നാണ് സീഷെല്‍സ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.

courtesy; TheWire

Related News