Monday
23 Jul 2018

മകരവിളക്കിന്‍റെ പുണ്യം നുകരാന്‍ ഭക്തലക്ഷം സന്നിധാനത്ത്

By: Web Desk | Saturday 13 January 2018 9:43 PM IST

പത്തനംതിട്ട:

പാണ്ടിത്താവളം വാട്ടര്‍ടാങ്കിനു സമീപം ഉയര്‍ന്ന പര്‍ണ്ണശാലകള്‍

ശബരിമലയില്‍ ഇന്ന് ഭക്തലക്ഷങ്ങള്‍ക്ക് മകരവിളക്കിന്റെ പുണ്യം .മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണമണിഞ്ഞ അയ്യപ്പനേയും മാനത്തെ മകരനക്ഷത്രവും പൊന്നമ്പലമേട്ടിലെ ജ്യോതിയും ദര്‍ശിച്ച് അയ്യപ്പ ഭക്തര്‍ പുണ്യം നുകരും .നാളെ ഉച്ചയ്ക് 1.47 ന് ആണ് മകരസംക്രമപൂജ.സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂര്‍ത്തമാണ് മകരസംക്രമീ .തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവരുന്ന നെയ്യ് സംക്രമപൂജാ സമയത്ത് അഭിഷേകം ചെയ്യും .സംക്രമ പൂജയ്ക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനന്‍, മേല്‍ശാന്തി എ .വി .ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും .മകരവിളക്ക് സന്ധ്യയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങള്‍ ഇന്ന് വൈകിട്ട് ശരംകുത്തിയില്‍ എത്തും .ദേവസ്വം അധികൃതര്‍ സ്വീകരിച്ച് സന്നിധാനത്തെത്തിക്കും .തുടര്‍ന്ന് തിരുവാഭരണങ്ങള്‍ ശ്രീകോവിലിനുള്ളില്‍ കൊണ്ടു പോയി അയ്യപ്പ വിഗ്രഹത്തില്‍ അണിയിക്കും. ദീപാരാധനയ്ക്കായി നടതുറക്കുമ്പോള്‍ മാനത്ത് മകരനക്ഷത്രം മിന്നിത്തിളങ്ങും ,പിന്നീട് എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക് തിരിയും ,മകരജ്യോതി ദര്‍ശനത്തിനായി .വൈകിട്ട് 6.40 ന് ആണ് ദീപാരാധന .മംഗല്യമോഹവുമായി മാളികപ്പുറത്തമ്മ രാത്രിയില്‍ എഴുന്നെള്ളും .പമ്പസദ്യയും പമ്പവിളക്കും ഇന്നു നടന്നു . എരുമേലിയില്‍ പേട്ടതുള്ളി കരിമല താണ്ടിയെത്തിയ ഭക്തര്‍ പമ്പയില്‍ സദ്യയുണ്ട് വൈകിട്ട് പമ്പ വിളക്കിന് ശേഷം മല കയറി .ഇന്ന് ഉച്ചയ്ക്ക് അയ്യപ്പന്‍മാര്‍ പമ്പാതീരത്ത് ഒന്നിച്ചിരുന്ന് സദ്യ കഴിച്ചു .നിലവിളക്ക് കൊളുത്തി തൂശനിലയിട്ട് വിഭവങ്ങള്‍ വിളമ്പിയ തോടെ സദ്യ ആരംഭിച്ചു .സദ്യയില്‍ അയ്യപ്പനും പങ്കെടുക്കുന്നുവെന്നാണ് വിശ്വാസം .വൈകിട്ട് പമ്പവിളക്ക് നടന്നു .മുള കൊണ്ട് ഗോപുരങ്ങള്‍ ഉണ്ടാക്കി അതില്‍ മണ്‍ചിരാതുകള്‍ കത്തിച്ച ശേഷം ശരണമന്ത്രങ്ങള്‍ മുഴക്കി പമ്പാനദിയില്‍ ഒഴുക്കി വിട്ടു .ദീപ നിരകള്‍ പമ്പയിലെ ഓളങ്ങള്‍ക്കൊപ്പം ഒഴുകി നീങ്ങിയത് പ്രകാശം ചൊരിഞ്ഞു .

Related News