Friday
22 Jun 2018

ശരദ് യാദവിന്റെയും അലി അന്‍വറിന്റെയും രാജ്യസഭാംഗത്വം റദ്ദാക്കി

By: Web Desk | Tuesday 5 December 2017 9:27 PM IST

ന്യൂഡല്‍ഹി: ബിഹാറിലെ മഹാസഖ്യം വിട്ട് ബിജെപിക്കൊപ്പം പോയ ജെ ഡിയു നേതാവ് നിതീഷ് കുമാറിനെതിരെ നിലപാടെടുത്ത മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്റെയും, അന്‍വര്‍ അലിയുടെയും രാജ്യസഭാംഗത്വം റദ്ദാക്കി. രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ഇരുവരെയും അയോഗ്യരാക്കിയത്.
നിതിഷ് കുമാര്‍ പക്ഷത്തിന്റെ നിലപാടിനെതിരെ ഇരുവരും രംഗത്ത് വന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനൊടുവില്‍ നിതീഷ് കുമാര്‍ പക്ഷത്തിന്റെതാണ് ഔദ്യോഗിക ജെഡിയുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭ അധ്യക്ഷന്റെ നടപടി. ഇതോടെ ഏറെ കാലത്തിന് ശേഷമാണ് ശരദ് യാദവ് രാജ്യസഭയില്‍ നിന്ന് പുറത്താകുന്നത്. നിതീഷ് കുമാര്‍ പക്ഷത്തിന്റെ പരാതിയെ തുടര്‍ന്നായിരുന്നു തീരുമാനം. ഇരുവരും പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചെന്നും അതിനാല്‍ ഇരുവരുടെയും അംഗത്വം റദ്ദാക്കണമെന്നും ഇത് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിതീഷ് പക്ഷത്തിന് വേണ്ടി ആര്‍ പി സിങ് എംപിയാണ് രാജ്യസഭാ അധ്യക്ഷന് പരാതി നല്‍കിയിരുന്നത്.
നിതീഷിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ പ്രതികരിച്ചതിനെതിരെയാണ് നടപടിയെന്നും, ജനാധിപത്യം സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ തുടരുമെന്നും ശരദ് യാദവ് പറഞ്ഞു. ശരദ് യാദവുമായി കൂടിയാലോചിച്ച് ഭാവി പരിപാടികള്‍ സ്വീകരിക്കുമെന്ന് അന്‍വര്‍ അലി പറഞ്ഞു.

 

Pic Courtesy: PTI

Related News