Tuesday
24 Oct 2017

പാതിവഴി മുട്ടി ഷീപാഡ് പദ്ധതി

By: ലക്ഷ്മി ബാല | Friday 15 September 2017 2:00 PM IST

തിരുവനന്തപുരം: ആര്‍ത്തവശുചിത്വം സ്ത്രീയുടെ അവകാശം എന്ന മുഖവുരയോടെ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഷി പാഡ് പദ്ധതി പാതി വഴിയില്‍. കേരളത്തിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ആരോഗ്യകരവും ശുചിത്വമുള്ളതുമായ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണിപ്പോള്‍ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.
കേരളത്തിലെ വിദ്യാര്‍ഥിനികള്‍ക്കും, സ്ത്രീ സമൂഹത്തിനും വലിയ ആത്മവിശ്വാസം നല്‍കുന്ന ഷി പാഡ് പദ്ധതി ആവിഷ്‌കരിച്ചത് കഴിഞ്ഞ വര്‍ഷമാണ് എന്നാല്‍ നാളിത്രയും ആയെങ്കിലും കേരളത്തിലെ ഭൂരിഭാഗം സ്‌കൂളുകളിലും പദ്ധതിയുടെ പ്രയോജനം ലഭിച്ചു തുടങ്ങിയിട്ടില്ല. ആര്‍ത്തവം എന്ന ശാരീരിക പ്രതിഭാസത്തെ കുറിച്ചുള്ള അബദ്ധ ധാരണകള്‍ ഒഴിവാക്കുവാനും, ശരിയായ ബോധവല്‍ക്കരണം നല്കുവാനുമായി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ ചരിത്രപരമെന്നാണ് ദേശീയമാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ചത്.
അഞ്ചു വര്‍ഷത്തേക്ക് മുപ്പതു കോടി രൂപ വകയിരുത്തികൊണ്ടാണ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി നാപ്കിനുകള്‍ നല്‍കാനുള്ള പദ്ധതിക്ക് തദ്ദേശ സ്ഥാപനങ്ങളുടെ തുക വിനിയോഗിക്കാനായിരുന്നു തീരുമാനം. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ സ്‌കൂളുകളില്‍ വെന്റിങ് മെഷിന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുവാനായി എല്ലാ ജില്ലകളിലെയും കേന്ദ്രങ്ങളില്‍ വെന്റിങ് മെഷീനുകളും, ഇന്‍സിനേറ്ററുകളും എത്തിച്ചുവെങ്കിലും, മെഷീനുകള്‍ ശരിയായ വിധത്തില്‍ വിതരണം ചെയ്യപ്പെടാഞ്ഞത് മൂലം പദ്ധതിയുടെ പ്രയോജനം നേടാന്‍ കുട്ടികള്‍ക്കാകുന്നില്ല.
സംസ്ഥാനത്ത് ജില്ലാ തലങ്ങളിലെ ഗവണ്മെന്റ് സ്‌കൂളുകളില്‍ അന്വേഷണം നടത്തിയതില്‍ നിന്നും ഭൂരിഭാഗം സ്‌കൂളുകളിലും പദ്ധതിയുടെ ഗുണം ലഭിക്കുന്നില്ലെന്നും വ്യക്തമായി. ചില സ്‌കൂളുകളില്‍ വെന്റിങ് മെഷീനുകള്‍ ലഭിച്ചെങ്കിലും പാഡ് നശിപ്പിക്കുന്നതിനുള്ള ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അധ്യാപകര്‍ അറിയിച്ചു. മറ്റു ചില സ്‌കൂളുകളിലാകട്ടെ വെന്റിങ് മെഷീനുകളില്‍ നിന്നും കുട്ടികള്‍ക്ക് ഷോക്ക് ഏല്‍ക്കുന്നു . ചിലസ്‌കൂളുകളില്‍ ഇന്‍സിനേറ്ററുകള്‍ ലഭിച്ചെങ്കിലും, നാപ്കിന്‍ വെന്റിങ് മെഷീനുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ചില സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഇത്തരം ഒരു പദ്ധതിയെ കുറിച്ചുള്ള അറിവുപോലുമില്ല .
വെന്റിങ് മെഷീനുകള്‍ എത്തപ്പെടാത്ത സ്‌കൂളുകളില്‍ അദ്ധ്യാപകര്‍ തന്നെ പാഡുകള്‍ ഓഫീസില്‍ കരുതുകയും ആവശ്യമുള്ള കുട്ടികള്‍ക്ക് നല്‍കുകയും ചെയ്യുന്നു. ആര്‍ത്തവം എന്നാല്‍ മോശമെന്ന പ്രതിച്ഛായ കുട്ടികളില്‍ പോലും ഉള്ളതുകൊണ്ട്, അധ്യാപകരുടെ അടുത്ത് ചെന്ന് നാപ്കിന്‍ ആവശ്യപ്പെടാന്‍ പെണ്‍കുട്ടികള്‍ വിമുഖരാവുന്നതായും ഒരധ്യാപിക വെളിപ്പെടുത്തി. ഇങ്ങനെയുള്ള അവസരങ്ങളില്‍ കുട്ടികള്‍ക്ക് വെന്റിങ് മെഷീന്‍ ഏറെ ഗുണം ചെയ്യുമെങ്കിലും തങ്ങള്‍ക്ക് ലഭിക്കാത്തതില്‍ നിരാശയും അവര്‍ അറിയിച്ചു.
ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന വെന്റിങ് മെഷിനുകളില്‍ ഉള്ള പാഡുകള്‍ നിലവിലെ കാലാവസ്ഥയില്‍ ഉപയോഗശൂന്യമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇത് പിന്നീട് സ്‌കൂളുകളില്‍ സ്ഥാപിച്ചാല്‍ കുട്ടികളില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അങ്ങിനെ സംഭവിച്ചാല്‍, സദുദ്ദേശ്യത്തോടെ ആരംഭിച്ച പദ്ധതി ജനങ്ങളാല്‍ ബഹിഷ്‌കരിക്കപ്പെടുകയും ചെയ്യും. ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ ബന്ധപ്പെട്ട മേഖലയിലെ വന്‍കിട കച്ചവടക്കാരെ അത് ബാധിക്കുന്നതിനാല്‍ പദ്ധതിയെ ഇല്ലായ്മ ചെയ്യാനുള്ള കരുനീക്കങ്ങളും ഇതിനു പുറകിലുണ്ടോ എന്നു സംശയവും ബലപ്പെടുന്നു.