Wednesday
19 Sep 2018

ലോകത്ത് 124 ദശലക്ഷം കുട്ടികൾ പൊണ്ണത്തടി ഉള്ളവർ

By: Web Desk | Wednesday 11 October 2017 2:30 PM IST

പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തിൽ ലോകത്ത് വർദ്ധനവ് . കഴിഞ്ഞ നാല് ദശാബ്ദത്തിനിടെ പത്തിരട്ടി വർദ്ധനവാണ് കണക്കാപ്പെട്ടിട്ടുള്ളത്. ദശലക്ഷക്കണക്കിനു കുട്ടികളാണ് പൊണ്ണത്തടി മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതെന്നും ചെറുപ്രായത്തിൽ തന്നെ മരണത്തിനു കീഴടങ്ങുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

2025 ആകുമ്പോഴേയ്ക്കും അമിതവണ്ണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുടെ ചികിത്സക്കായി ചെലവഴിക്കുന്ന തുക 1.2 ട്രില്യൺ ഡോളറിനു മുകളിൽ ആകുമെന്നുള്ള റിപ്പോർട്ടിനെത്തുടർന്ന് പ്രസ്തുത വിഷയത്തിൽ കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളുവാനും, അമിതവണ്ണം മൂലമുള്ള ശാരീരിക-സാമ്പത്തിക പ്രശ്നങ്ങളെ മുൻകൂട്ടി നേരിടുവാനും WHO ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

ലണ്ടനിലെ ഇമ്പീരിയൽ കോളേജ് പ്രസിദ്ധീകരിച്ച വാർത്താപത്രിക പ്രകാരം 1975 ൽ അമിതവണ്ണമുള്ള പെൺകുട്ടികളുടെ എണ്ണം അഞ്ച് ദശലക്ഷം ആയിരുന്നു. എന്നാലത് കഴിഞ്ഞ വർഷത്തെ സർവ്വേ കണക്കുകൾ പ്രകാരം അമ്പതു ദശലക്ഷമായാണ് വർധിച്ചത്. പ്രസ്തുത കാലയളവിൽ തന്നെ ആൺകുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധന ആറു ദശലക്ഷത്തിൽ നിന്നും എഴുപതിനാല് ദശലക്ഷത്തിൽ എത്തിയിട്ടുണ്ട്.

ലോകവ്യാപകമായി ജനങ്ങളിൽ അമിതവണ്ണമുള്ളവർ കൂടുന്നതിന്റെ കാരണം കണ്ടെത്താൻ അവർ എന്താണ് കഴിക്കുന്നതെന്നും എന്തുകൊണ്ടാണ് അത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതെന്നും എന്നും തിരക്കേണ്ടതുണ്ട് WHO പ്രതിനിധി ഡോ. ഫിറോനാ ബുൾ പറയുന്നു .ശാരീരിക അദ്ധ്വാനമുള്ള മേഖലകളിൽ നിന്നും വ്യക്തികൾ എന്തുകൊണ്ട് വിമുഖരായെന്നും അന്വേഷിക്കണം. ഭക്ഷണസാധനങ്ങളുടെ ലഭ്യത, വില, വ്യക്തികളുടെ ഭക്ഷണശീലങ്ങളിൽ വിപണനതന്ത്രങ്ങൾക്കുള്ള സ്വാധീനം എന്നിവയെല്ലാം ഈയൊരു പ്രതിഭാസത്തിനു കാരണമായിട്ടുണ്ടെന്നും ഫിറോനാ കൂട്ടിച്ചേർത്തു.

ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലെയും ജനങ്ങളുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കുന്നത് ചെറിയൊരു വിഭാഗം അന്താരാഷ്ട്രകമ്പനികളാണ്. ഉപ്പ്, പഞ്ചസാര, കലോറി മൂല്യം എന്നിവ കൂടുതലുള്ളതും, ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതുമായ ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങൾക്കും, വില നിർണ്ണയത്തിനും എല്ലാം നിയന്ത്രണങ്ങൾ കൊണ്ട് വരാൻ എല്ലാ രാജ്യങ്ങളും ശ്രദ്ധിക്കണമെന്നും ലോകാരോഗ്യസംഘടന പറയുന്നതായും അവർ പറയുന്നു.

“സമ്പന്നരാഷ്ട്രങ്ങളിലെ സർക്കാരുകൾ വിപണികളിലെ നിലവിലെ സ്ഥിതികളിൽ താല്പര്യം പുലർത്തുന്നവരല്ല. ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കാൻ വേണ്ട ചട്ടങ്ങൾ നിർമ്മിക്കുവാനോ, അനാരോഗ്യകരമായ ഭക്ഷണങ്ങൾക്ക് നികുതി ചുമത്തുവാനോ ഒന്നും അവർ തയ്യാറല്ലാത്തത് മൂലമാണ് കുട്ടികളിൽ പൊണ്ണത്തടി ഒരു അസുഖമായി മാറുന്നത്. ഇതിനെല്ലാമുപരിആരോഗ്യദായകങ്ങളായ ധാന്യങ്ങളും, പഴം പച്ചക്കറി വിഭവങ്ങളും രാജ്യത്തെ ദരിദ്രർക്ക് കൂടി താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനും അവർ ശ്രദ്ധിക്കുന്നില്ല. ഇതെല്ലാം തന്നെ ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിഷേധിക്കപ്പെടാൻ കരണമാകുന്നുവെന്നതാണ് വസ്തുത”, കുട്ടികളിലെ പൊണ്ണത്തടിയെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ മാജിദ് ഇസാത്തി വ്യക്തമാക്കി.

ബ്രിട്ടൻ മുതലായ സമ്പന്നരാഷ്ട്രങ്ങളിൽ പൊണ്ണത്തടി ബാധിച്ച കുട്ടികളുടെ എണ്ണം വളരെ കൂടുതലുള്ളതായാണ് റിപ്പോർട്ടുകൾ. ബ്രിട്ടനിലെ കുട്ടികളിൽ പത്തിലൊന്നു പേരും പൊണ്ണത്തടി ഉള്ളവരാണ്. അതെ സമയം മുതിർന്നവരിലെ അമിതവണ്ണം ലോകരാഷ്ട്രങ്ങളിൽ എല്ലാം തന്നെ സമാനമായ അവസ്ഥയിൽ തന്നെയാണ് വർധിച്ചു കൊണ്ടിരിക്കുന്നത്. ഇവിടങ്ങളിൽ എല്ലാം ധനികരെ അപേക്ഷിച്ച് ദരിദ്രരിൽ അമിതവണ്ണം കൂടുതലായി ഉണ്ടാകുന്നു. ഗുണമേന്മയുള്ള ഭക്ഷണങ്ങളുടെ വിലക്കൂടുതലാണ് ഇതിനു കാരണം എന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. 1975 ഇൽ അമിതവണ്ണം ഉള്ളവരുടെ എണ്ണം നൂറ് ദശലക്ഷം പേരായിരുന്നു എങ്കിൽ കഴിഞ്ഞ വർഷം ആയപ്പോഴേയ്ക്കും അത് 671 ദശലക്ഷം ആയാണ് വർധിച്ചിട്ടുള്ളത്. 130 കോടി പേർ അമിതഭാരം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണ്. അഞ്ചു വയസ്സ് മുതൽ പത്തൊൻപതു വയസ്സ് വരെയുള്ള കുട്ടികളിലെ പൊണ്ണത്തടിയുടെ നിരക്കിൽ കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൻ, അയർലൻഡ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക എന്നീ രാജ്യങ്ങളാണ് മുന്നിട്ടു നിൽക്കുന്നത്. കിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയ തുടങ്ങിയ മേഖലകളിലെ സമ്പന്നരുടെ കുട്ടികളിലും പൊണ്ണത്തടി ഉള്ളവരുടെ എണ്ണം കൂടുതലാണ്.

“പോഷകാംശമുള്ള ഭക്ഷണ സാധനങ്ങൾക്ക് വിലക്കൂടുതൽ ഉള്ള വാണിജ്യസംസ്കാരം ദരിദ്രർക്ക് അവ അപ്രാപ്യമാക്കുന്നു. അതിനാൽ തന്നെ ഭൂരിഭാഗം കുട്ടികളും പോഷകാംശക്കുറവ് അനുഭവിക്കുന്ന പൊണ്ണത്തടിയന്മാർ ആയി മാറുകയും ചെയ്യുന്നു. ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനായി നമുക്ക് നിലവിലെ ഭക്ഷ്യവിപണന സംസ്കാരം തന്നെ മാറ്റേണ്ടതുണ്ട്” – പ്രൊഫസ്സർ ഇസാത്തി പറഞ്ഞു.
അതെ സമയം രാജ്യത്തെ ജങ്ക് ഫുഡ് കമ്പനികൾ കുട്ടികളെ ആകർഷിക്കുന്ന പരസ്യങ്ങൾക്കായി കോടികളാണ് ഒഴുക്കുന്നതെന്നും മൊരിഞ്ഞതും പഞ്ചസാരയുടെ അളവ് കൂടുതലുമുള്ളതുമായ ഭക്ഷണവസ്തുക്കളുടെ പരസ്യങ്ങൾക്കായി പതിനെട്ടോളം കമ്പനികൾ ചേർന്ന് കഴിഞ്ഞ വര്ഷം മാത്രം ഏകദേശം 143 ദശലക്ഷം പൗണ്ട് ചെലവഴിച്ചതായും ബ്രിട്ടനിലെ ഒബ്സിറ്റി ഹെൽത്ത് അലയൻസ് വിലയിരുത്തി.

ലക്ഷ്മി ബാല

അവലംബം: ഗാർഡിയൻ