Monday
25 Jun 2018

നൂറുരൂപ നോട്ടുകള്‍ ദുര്‍ലഭമാകുമെന്ന് സൂചന

By: Web Desk | Sunday 6 May 2018 11:05 PM IST

മുംബൈ: നൂറുരൂപ നോട്ടുകള്‍ കിട്ടാക്കനിയാകുമെന്ന് സൂചന. 100 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കുന്നത് കുറയുന്നുവെന്നാണ് വിവരങ്ങള്‍. നിലവില്‍ വിപണിയില്‍ പ്രചാരത്തിലുള്ള 100 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും മുഷിഞ്ഞതും എടിഎമ്മുകളില്‍ നിറയ്ക്കാന്‍ സാധിക്കാത്ത തരത്തിലുമുള്ളതാണ് ഇതിന് കാരണമെന്നാണ് ബാങ്കുകള്‍ പറയുന്നത്.
2000, 200 രൂപ നോട്ടുകള്‍ക്ക് പിന്നാലെ 100 രൂപ നോട്ടുകളുടെ വിതരണം കുറയുന്ന വിവരം ബാങ്കുകള്‍ ആര്‍ബിഐയെ അറിയിച്ചിട്ടുണ്ട്. പുതിയ 100 രൂപ നോട്ടുകള്‍ കൂടുതലായി അച്ചടിച്ച് വിതരണത്തിനെത്തിക്കണമെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ 500 രൂപയുടെ നോട്ടുമാറാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും ബാങ്കുകള്‍ പറയുന്നു.
നോട്ട് അസാധുവാക്കലിന് പിന്നാലെ 550 കോടി 100 രൂപ നോട്ടുകള്‍ ആര്‍ബിഐ അച്ചടിച്ച് വിതരണത്തിനെത്തിച്ചിരുന്നു. ഇവയുള്‍പ്പെടെ 573.8 കോടിയോളം 100 രൂപ നോട്ടുകള്‍ വിതരണം ചെയ്തു. എന്നാല്‍ ഇത് മതിയാകില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. 500 രൂപ നോട്ടുകള്‍ അധികം ലഭ്യമല്ലെന്നിരിക്കെ 2000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കുന്നതില്‍ 100 രൂപ നോട്ട് അധികമായി ആവശ്യമുണ്ടാകുമെന്ന് ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് മുഷിഞ്ഞ 100 രൂപ നോട്ടുകള്‍ വിനിമയം ചെയ്യാന്‍ ബാങ്കുകളെ അനുവദിച്ചിരുന്നു. ഇവ ഇപ്പോഴും പ്രചാരത്തിലുണ്ട്. എന്നാല്‍ ഇവ കൈകാര്യം ചെയ്യാന്‍ പ്രയാസമാണെന്നും എടിഎമ്മുകളില്‍ നിറയ്ക്കാന്‍ സാധിക്കില്ലെന്നും ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ നീക്കം ചെയ്ത മുഷിഞ്ഞ 100 രൂപ നോട്ടുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. ഇതേതുടര്‍ന്ന് തൊട്ടടുത്ത 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വിപണിയില്‍ പ്രചാരത്തിലുള്ള 100 രൂപ നോട്ടുകളുടെ എണ്ണം വര്‍ധിച്ചു.

Related News