Saturday
22 Sep 2018

ഷുഹൈബ് വധം: സിബിഐ  അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു

By: Web Desk | Wednesday 14 March 2018 11:32 AM IST

ഷുഹൈബ് വധം  സിബിഐ  അന്വേഷിക്കണമെന്ന  ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്  ഡിവിഷൻ ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്തു.  വിശദമായ വാദം  23 നു കേൾക്കും വരെയാണ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്  അധ്യക്ഷനായ ബെഞ്ചിന്റെ സ്റ്റേ.

കേസ് സിബിഐ ക്കു വിട്ടുകൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ തീർപ്പ് ഡിവിഷൻ ബെഞ്ചിന് പരിഗണിക്കാൻ അവകാശമില്ലെന്ന ഷുഹൈബിന്റെ മാതാപിതാക്കളുടെ വാദവും അന്ന് പരിഗണിക്കും. കേസിനു ആധാരമായ സംഭവം കണ്ണൂരിലെ മട്ടന്നൂരിലായതിനാൽ, ആ പ്രദേശം പഴയ മദ്രാസ് പ്രവിശ്യയിലായതിനാൽ  കേരള  ഹൈക്കോടതിക്കു അപ്പീൽ കേൾക്കാൻ അധികാരമില്ലെന്നും സുപ്രീം കോടതിക്ക് മാത്രമേ ഇത് പരിഗണിക്കാനാവൂ എന്നും ഷുഹൈബിന്റെ പിതാവ് വാദിച്ചു.

എന്നാൽ സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബെഞ്ചിന്റെ വിധി അസാധാരണവും അബദ്ധവും വൈകാരികവുമാണെന്നു പറഞ്ഞു. കേരള  പോലീസ് ഈ കേസ് തൃപ്തികരമായി അന്വേഷിക്കുകയാണെന്നു സർക്കാറിനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.

ഈ കേസിന്റെ മേലുള്ള നിയമപ്രശ്നം നീളുകയും  90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നത് കേസിൽ ഇപ്പോൾ അറസ്റ്റിലായി തടവിൽ കഴിയുന്നവർക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കും.  സിബിഐ കേസ് ഏറ്റെടുത്തു അന്വേഷണം ആരംഭിച്ചാലും 90 ദിവസ പരിധിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമോ എന്നത് സംശയമാണ്.