Tuesday
22 Jan 2019

ശിലാ ചരിത്രം

By: Web Desk | Sunday 13 May 2018 1:52 AM IST

മനു പോരുവഴി

യാദൃച്ഛികമായിട്ടാണ് കടയില്‍ നിന്നും ബാക്കി കിട്ടിയ പത്തു രൂപ നോട്ടിലേക്ക് സന്തോഷിന്റെ നോട്ടം പതിയുന്നത്. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോള്‍ 79 V എന്ന സീരിസില്‍ തുടങ്ങുന്ന ആ നോട്ടിലെ അക്കങ്ങള്‍ തന്റെ ജനന തീയതിയിലുള്ളതാണെന്ന് മനസിലായി.ഏറെ പ്രത്യേകത തോന്നിയ ആ നോട്ട് പേഴ്‌സില്‍ സൂക്ഷിച്ചു വച്ചു. പിന്നെ ഭാര്യയുടെ ജനന തീയതിയുള്ള അതേ സീരിയല്‍ നോട്ടിനു വേണ്ടിയായി അന്വേഷണം. അതും കിട്ടിയപ്പോള്‍ മക്കളുടെ ജനന തീയതിയ്ക്കായി ഓട്ടം. പത്തു വര്‍ഷങ്ങള്‍ നാല്‍പ്പതോളം ബാങ്കുകള്‍ കയറിയിറങ്ങിയ സന്തോഷിന്റെ യാത്ര ഇന്ന് എത്തി നില്‍ക്കുന്നത് ഭാരതത്തിന്റെ പ്രഥമ പൗരന്‍മാരുടേയും, പ്രധാനമന്ത്രിമാരുടേയും ജനന തീയതികളിലാണ്. ഭാരതത്തില്‍ ജീവിച്ചിരുന്ന യുഗപുരുഷന്‍മാരുടെ ജനന തീയതിയുള്ള അതേ സീരിയല്‍ നോട്ടിനു വേണ്ടിയുള്ള അധ്വാനപാതയിലുള്ള സന്തോഷ് ഇതിനോടകം തന്നെ അന്‍പതിലധികം പേരുടെ ജനനത്തീയതികളും കണ്ടെത്തിക്കഴിഞ്ഞു. പ്രമുഖ വ്യക്തികളുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന നോട്ടുകള്‍ ആല്‍ബമായി തയ്യാറാക്കി അതില്‍ അവരുടെ ജീവിതവിവരണം കൂടി ചേര്‍ത്ത് ഓരോ വ്യക്തിയുടെ ജീവചരിത്രം മുഴുവന്‍ വായിച്ചെടുക്കുന്ന നിലയില്‍ രൂപപ്പെടുത്തി. ഈ കൗതുകം ഇന്ന് എത്തിനില്‍ക്കുന്നത് വീടുതന്നെ ഒരു മ്യൂസിയമായി മാറ്റിക്കൊണ്ടാണ്. തന്റെ വീട്ടിലെ മ്യൂസിയം കാണാനെത്തുന്ന കുട്ടികള്‍ക്ക് അറിവിന്റെ വിസ്മയക്കാഴ്ചകള്‍ ഒരുക്കുകയാണ് പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിയായ സന്തോഷ് എന്ന ശില സന്തോഷ്.
പതിനാലാം വയസിലാണ് കാലം ബാക്കി വെച്ചു പോയ അമൂല്യ സ്വത്തുക്കള്‍ സ്വന്തമാക്കി പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹം ആരംഭിച്ചത്. മുന്നില്‍ കാണുന്നവയെ സ്വന്തമാക്കുന്നതിലല്ല മറിച്ച് അത്തരം കാഴ്ചകളെ അതിന്റെ ആഴത്തിലും പരപ്പിലും ഉള്‍ക്കൊള്ളുന്നതിലാണ് കാര്യമെന്ന് ബോധ്യപ്പെട്ട സന്തോഷ്, അപൂര്‍വ വാസ്തുക്കള്‍ സ്വന്തമാക്കാന്‍ ജോലി ഉപേക്ഷിച്ചു. കണ്ടെത്തിയതെല്ലാം തന്റെ ചുറ്റിനും എപ്പോഴും കാണുന്നതിനായി വീട്ടിലെ മുറികളിലും അടുക്കളയിലും, കിടപ്പറയിലുമെല്ലാം നിറച്ച് ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടി. അങ്ങനെ സ്വന്തം വീട് ചരിത്ര മ്യൂസിയമാക്കി ഈ ചെറുപ്പക്കാരന്‍.
സന്തോഷിന്റെ ചെറിയ വീടിന്റെ വാതിലുകള്‍ അതിഥികള്‍ക്ക മുന്നില്‍ മാത്രമല്ല ചരിത്ര കുതുകികളായ അപരിചിതര്‍ക്ക് മുന്നിലും മലര്‍ക്കെ തുറക്കപ്പെട്ടു. അവിടുന്നങ്ങോട്ട് പഴമയുടെ, കൌതുകങ്ങളുടെ, ഓര്‍മകളുടെ സൂക്ഷിപ്പുകാരനായി സന്തോഷ് മാറുകയായിരുന്നു.
കാഴ്ചക്കാരുടെ നീണ്ട നിര തന്നെയായിരിക്കും മിക്കപ്പോഴും വീട്ടില്‍. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന ഏകദേശം നൂറോളം പേര്‍ ദിവസേന സന്ദര്‍ശകരായി എത്താറുണ്ട്. വെറും സന്തോഷം മാത്രമാണ് സന്തോഷിനേയും കുടുംബത്തിന്റേയും സമ്പാദ്യം. അന്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ പ്രദര്‍ശിപ്പിക്കാനുള്ള അമൂല്യശേഖരമുണ്ടെങ്കിലും സ്ഥലക്കുറവിനാല്‍ എല്ലാം പ്രദര്‍ശിക്കാന്‍ കഴിയാത്ത പ്രയാസം മാത്രമാണ് സന്തോഷ് എന്ന ശിലാ സന്തോഷിനെ അലട്ടുന്നത്.
മരത്തിന്റെ വേരില്‍ തീര്‍ത്തിരിക്കുന്ന കന്യകയുടെ കൈകളില്‍ നില്‍ക്കുന്ന അക്വേറിയമാണ് വീട്ടിലേക്ക് കടന്നു വരുന്ന അതിഥികളെ സ്വീകരിക്കുന്നത്.വേരില്‍ തീര്‍ത്ത കുരങ്ങന്‍, തേങ്ങയില്‍ നിര്‍മ്മിച്ച ശ്രീബുദ്ധന്‍, പൂമുഖത്തെ ജലചക്രം, മുറ്റത്ത് പഴയ വില്ലുവണ്ടി, ചുമരുകളില്‍ ചുമര്‍ചിത്രങ്ങളും, ജല ഛായ ചിത്രങ്ങളും എണ്ണഛായ ചിത്രങ്ങളും കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. സിമിന്റിലും, തടിയിലും, കല്ലിലും നിര്‍മ്മിച്ച സന്തോഷിന്റെ ശില്‍പ്പങ്ങളും കാണുന്നവരുടെ കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്നു.
രണ്ടായിരം വര്‍ഷം പഴക്കമുള്ള റോമന്‍ നാണയം മുതല്‍ നാണയങ്ങളുടെ അപൂര്‍വ ശേഖരമുണ്ട് സന്തോഷിന്റെ വീട്ടില്‍. 235 രാജ്യത്തെ നാണയങ്ങള്‍, 200 രാജ്യങ്ങളിലെ കറന്‍സികള്‍, ആയിരത്തി ഇരുനൂറ് വര്‍ഷം മുമ്പുള്ള തിരുവിതാംകൂറിന്റെ പ്രഥമ നാണയമായ വീരകേരള പണം, ആയിരം രൂപയുടെ ഒറ്റ നാണയം, ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മനിയില്‍ ഇറങ്ങിയ നോട്ടും,സ്റ്റാമ്പും,രണ്ടായിരത്തി ഇരുനൂറ്റിമുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തെ നാണയം, ക്യൂബന്‍ ഭരണാധികാരിയായിരിക്കെ എണസ്റ്റോ ചെഗുവേര ഒപ്പ് രേഖപ്പെടുത്തിയ നോട്ട്, ലോകത്തില്‍ ഏറ്റവും അധികം മുസ്ലീം വിഭാഗക്കാര്‍ അധിവസിക്കുന്ന ഇന്തോനേഷ്യയില്‍ ഇറങ്ങിയ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത നോട്ടുകള്‍, ലോകത്തിലെ ഏറ്റവും ചെറിയ നാണയമായ വിജയനഗറിലെ നാണയം, നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന നാണയങ്ങള്‍, ഇന്ത്യ ഭരിച്ച ഈസ്റ്റ് ഇന്ത്യ, ബ്രിട്ടീഷ് ഇന്ത്യ, ഫ്രഞ്ച് ഇന്ത്യ, പോര്‍ച്ചുഗീസ് ഇന്ത്യ, ഡാനിഷ് ഇന്ത്യ, ഡെച്ച് ഇന്ത്യ, എന്നിവരുടെ കാലത്ത് ഇറക്കിയ നാണയങ്ങള്‍, അറുന്നൂറിലധികം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചൈനീസ് നാണയങ്ങള്‍, യേശുവിനെ ഒറ്റുകൊടുത്ത വെള്ളിക്കാശ്, മാര്‍പാപ്പയുെൈട ചിത്രം മുദ്രണം ചെയ്ത വത്തിക്കാന്‍ നഗരത്തിലൈ നാണയം,യൂഗോസ്ലോവിയയിലെ ആയിരം കോടി രൂപയുടെ ഒറ്റനോട്ട്, 1955 മുതല്‍ 1970 വരെ യു എ ഇ യില്‍ ഉപയോഗിച്ചിരുന്ന ഇന്ത്യയില്‍ അച്ചടിച്ച നോട്ടുകള്‍,പണ്ട് കാലങ്ങളില്‍ നാണയങ്ങള്‍ എണ്ണുന്നതിനു പയോഗിച്ചിരുന്ന ചിത്രപാലകയും സന്തോഷിന്റെ അപൂര്‍വ ശേഖരത്തില്‍പ്പെടുന്നു.ഇരുനൂറിലധികം രാജ്യങ്ങളിലെ സ്റ്റാമ്പുകളും സന്തോഷ് ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ട്. 1840 ല്‍ ലോകത്തിലാദ്യമായി ഇറങ്ങിയ പെന്നി ബ്ലാക്ക്, ഭൂട്ടാന്‍ ഇറക്കിയ ആദ്യത്തെ 3ഉ സ്റ്റാമ്പ് ഇവയും അപൂര്‍വ ശേഖരത്തിലുണ്ട്.
പൂട്ടും താക്കോലുമുള്ള കോഴിമുട്ട, ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകത്തിന് ഗിന്നസ് റിക്കാര്‍ഡ് ലഭിച്ച ഗിന്നസ് സത്താറിന്റെ പുസ്തകം, ഒരു സെമി മാത്രമുള്ള ഈ പുസ്തകത്തില്‍ 65 ഓളം ഭാഷകളിലായി 65 പേജുകളില്‍ 65 കവിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുരുകന്‍ ആറന്‍മുള നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ചെറിയ അറന്‍മുള കണ്ണാടി, ആറന്‍മുള കണ്ണാടിയുടെ വിവിധ നിര്‍മ്മാണ ഘട്ടങ്ങള്‍, അതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, 1917 ല്‍ ഇറങ്ങിയ യങ്ങ് ഇന്ത്യാ പത്രവും, 1933 ലെ ഗാന്ധിജിയുടെ ഹരിജന്‍ പത്രം, ലോകത്തില്‍ ഏറ്റവും മൂര്‍ച്ച കൂടിയതെന്ന് പറയപ്പെടുന്ന ജാപ്പനീസ് സമായി വാള്‍, ഇരുതലകളും മൂര്‍ച്ചയോടു കൂടിയ 1780 ലെ കായംകുളം പല്ലവ രാജാവിന്റെ വാള്‍, നൂറു വര്‍ഷത്തിലധികം പഴക്കം വരുന്ന ആദ്യത്തെ ബൈനോക്കുലര്‍, 1951 ലെ ആദ്യ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ബാലറ്റ് പെട്ടി, ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തിന് ശിവഗംഗയില്‍ ഉപയോഗിച്ച ബ്രിട്ടീഷ് മ്യൂസിയത്തില്‍ അപൂര്‍വ വസ്തുവായി കാണുന്ന ബൂമറാംഗ്, അളവുതൂക്കത്തിന് പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന തോല, റാത്തല്‍, കഴഞ്ച് ഉള്‍പ്പെടെ മുപ്പത്തിയഞ്ചോളം വ്യത്യസ്ത ത്രാസ്സുകള്‍, 1922ല്‍ നിര്‍മ്മിച്ച ആദ്യ ക്യാമറ, നൂറിലധികം വര്‍ഷം പഴക്കമുള്ള പീയാനോ, ദേവനാഗിരി ലിപിയില്‍ ഓലയിലെഴുതിയ മഹാഭാരതവും, നളചരിതവും, ഓലയിലെഴുതിയ നൂറില്‍പ്പരം ഗ്രന്ധക്കെട്ടുകളും അപൂര്‍വ ശേഖരത്തില്‍പ്പെടുന്നു.
കാര്‍ഷികവൃത്തിയോടുള്ള ഭ്രമം മൂലം പാരമ്പര്യനെല്‍വിത്തുകളുടെ പ്രചാരകനായ ചെറുവയല്‍ രാമന്റെ കൈവശമുണ്ടായിരുന്ന ഇരുപതില്‍പ്പരം അപൂര്‍വ നെല്‍വിത്തുകള്‍ സ്വന്തം കൃഷിയിടത്തില്‍ കൃഷി ചെയ്തു വിജയിപ്പിച്ചു. ഡെച്ചുകാര്‍ക്കെതിരെ യുദ്ധത്തിനുപയോഗിച്ച വയനാട്ടിലെ അമ്പും വില്ലും സന്തോഷിന്റെ ശേഖരത്തിലേക്ക് നല്‍കിയത് വലിയ ആഘോഷങ്ങളോടെയായിരുന്നു.
ഒട്ടേറെ ശില്‍പ്പങ്ങള്‍ ഇതിനോടകം തന്നെ സന്തോഷ് നിര്‍മ്മിച്ചിട്ടുണ്ട്.അയിത്താചാര വിരുദ്ധ സമരത്തിന്റെ ഭാഗമായി ഗാന്ധിജി പ്രസംഗിച്ച അടൂര്‍ വടക്കടത്തുകാവില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ, ഗാന്ധിയെയും ശ്രീ നാരായണ ഗുരുവും ഒരു മരച്ചുവട്ടില്‍ ഇരിക്കുന്ന ശില്‍പ്പവുമടക്കം തടിയിലും ,സിമിന്റിലും, കല്ലിലുമെല്ലാം നുറുകണക്കിന് ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നൂറിലധികം അവാര്‍ഡുകള്‍ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സ് അവാര്‍ഡും ലഭിച്ചു കഴിഞ്ഞു. ഒരു നല്ല മജീഷ്യനും ചിത്രകാരനും കൂടിയായ സന്തോഷിന് വീട്ടില്‍ തന്നെ ഒരു ആര്‍ട്ട് ഗ്യാലറിയും, പുരാതന പുസ്തകങ്ങള്‍ കൊണ്ടുള്ള ഒരു ഗ്രന്ഥശാലയും അരംഭിക്കണമെന്നാണ് ആഗ്രഹം. കടുത്ത പ്രയാസങ്ങള്‍ക്കിടയിലും സൗജന്യമായി താന്‍ കണ്ടെത്തിയ കാലത്തിന്റെ ശേഷിപ്പുകള്‍ അറിവായ് പകര്‍ന്നു നല്‍കുകയാണ് നിറഞ്ഞ മനസ്സോടെ ഈ ചെറുപ്പക്കാരന്‍.