Saturday
15 Dec 2018

അവരിനികാണും കായല്‍ നടുവിലെ ആ മനം നിറയ്ക്കും കാഴ്ച്ചകള്‍

By: Web Desk | Wednesday 16 May 2018 3:36 PM IST

സൈമണ്‍ ജോര്‍ജ് സ്‌പെഷ്യല്‍ കെയര്‍ ഹോളിഡേയ്‌സ് പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനത്തില്‍ നിന്ന് വീല്‍ച്ചെയറില്‍ ഇറങ്ങുന്നു

കൊച്ചി: നാല് ചുമരുകളില്‍ തളച്ചിടപ്പെടുന്ന മനുഷ്യജീവികളുടെ മനസ്സിലെ വലിയ ആഗ്രഹമാണ് പുറംലോക കാഴ്ചകള്‍. മനം കുളിര്‍ക്കുന്ന പ്രകൃതിയിലൂടെ മനസു തണുപ്പിക്കുന്ന യാത്ര. വീല്‍ചെയറുകളില്‍ തളയ്ക്കപ്പെട്ട ജീവിതം തൊട്ടറിഞ്ഞ സൈമണ്‍ ജോര്‍ജ് അത്തരക്കാര്‍ക്കായി ഒരു പുതുലോകം തുറക്കുകയാണ്. ഈ മാസം 19 ന് ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 150 വിനോദയാത്രികര്‍ ആലപ്പുഴയിലെ കായല്‍പ്പരപ്പിലൂടെ ബോട്ട് യാത്ര നടത്തും.

അപകടങ്ങളില്‍ അരയ്ക്കു താഴെ തളര്‍ന്നവര്‍, രോഗം കീഴടക്കിയവര്‍, ജന്മ ആരംഭത്തില്‍ തന്നെ വീല്‍ച്ചെയറില്‍ ഇരിക്കേണ്ടിവന്നവര്‍ അവരെ ലോകം കാണിക്കാനാണ് മൂവാറ്റുപുഴ സ്വദേശി സൈമണ്‍ ജോര്‍ജ് സ്‌പെഷ്യല്‍ കെയര്‍ ഹോളിഡേയ്‌സ് എന്ന സ്ഥാപനം തുടങ്ങുന്നത്. കരുതല്‍ വേണ്ടവര്‍ക്ക് കൈത്താങ്ങുമായി ഈ സ്ഥാപനം ആരംഭിക്കുകയാണ്. പ്രത്യേകം തയ്യാറാക്കിയ റാംപ് അടക്കമുള്ള വാഹനങ്ങള്‍, പ്രത്യേക തരം ഉപകരണങ്ങള്‍, കണ്ണു കാണാത്തവര്‍ക്കായി ബ്രെയ്‌ലി ലിപിയില്‍ തയ്യാറാക്കിയ ബ്രോഷറുകള്‍, കേള്‍വിയില്ലാത്തവര്‍ക്കായി ആംഗ്യ ഭാഷ കൈകാര്യം ചെയ്യുന്നവര്‍, പ്രത്യേക സൗകര്യങ്ങളോടു കൂടിയ താമസ സൗകര്യം ഇവയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതൊരു വ്യവസായ സംരംഭം എന്ന നിലയില്‍ തുടങ്ങുമ്പോള്‍ തന്നെ പണമുണ്ടെങ്കിലും പുറംലോകം കാണാന്‍ കഴിയാത്തവര്‍ക്ക് ഇതൊരു വലിയ കാര്യമാണെന്ന് സൈമണ്‍ ജോര്‍ജ് പറയുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അന്വേഷണങ്ങള്‍ വരുന്നുണ്ട്. എന്നാല്‍, സാധാരണ ടൂര്‍ പാക്കേജിനേക്കാള്‍ അന്‍പതു ശതമാനം കൂടുതല്‍ പണ ചെലവ് ഇത്തരം യാത്രകള്‍ക്ക് വേണ്ടിവരും. വാഹനങ്ങളിലും പുറത്തും ഉപയോഗിക്കാന്‍ കഴിയുന്ന യന്ത്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റാംപ്, ഇ ടോയ്‌ലറ്റ്, അങ്ങനെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ ഏറെയാണ്.

സൈമണ്‍ ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുന്നു

കാനഡയിലും അമേരിക്കയിലും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും പുതിയൊരു മാതൃക തുറക്കണമെന്നാണ് സൈമണ്‍ ജോര്‍ജിന്‍റെ ആഗ്രഹം. താന്‍ വീല്‍ച്ചെയറില്‍ താണ്ടിയ ദൂരങ്ങള്‍, വിദ്യാഭ്യാസം, ജോലി, വിവാഹം എന്നീ മേഖലകളില്‍ വൈകല്യം എന്ന പേരില്‍ മാറിനിന്നവരെ, മാറ്റിനിര്‍ത്തിയവരെ കൈപിടിച്ചു കയറ്റിയ നിശ്ചയദാര്‍ഢ്യം ഇവിടെയും തന്നെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സൈമണ്‍ ജോര്‍ജ്‌.