Tuesday
16 Oct 2018

കുഞ്ഞനുജന്‍റെ ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ കൊന്ന് ബാഗിലാക്കി

By: Web Desk | Wednesday 10 October 2018 8:19 PM IST

ലുധിയാന: പത്തൊമ്പൊതുകാരി അഞ്ചുവയസുകാരന്‍ അനിയനെ കൊന്നു ബാഗിലാക്കി. പഞ്ചാബ് ലുധിയാനയിലുള്ള അമര്‍ജിത്ത് കോളനിയില്‍ ഒക്ടോബര്‍ ആറിനായിരുന്നു സംഭവം. ആന്‍ഷ് കനോജിയ എന്ന അഞ്ച് വയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരി രേണു(19)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. എവിടെ പോയാലും അനുജനും കൂടെ വരുന്നതിലുള്ള പക കൊണ്ടാണ് രേണു കൃത്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

മാതാപിതാക്കളോടൊപ്പം പുറത്ത് പോകാനിരുന്ന  ആന്‍ഷിനെ ചോക്ലേറ്റ് നല്‍കി വീട്ടില്‍ നിര്‍ത്തിയതിന് ശേഷമായിരുന്നു കൊല നടത്തിയത്. കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയത്. ശേഷം കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ച്‌ മാറ്റി മൃതദേഹം ബാഗിലാക്കി വീടിന് പുറത്ത് കളഞ്ഞു. മാതാപിതാക്കള്‍ തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് രേണു പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹമടങ്ങിയ ബാഗ് കണ്ടെത്തുന്നത്.

മാതാപിതാക്കളുടെ മുന്നില്‍ വെച്ച്‌ രേണു കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. താന്‍ എവിടെ പേയാലും ആന്‍ഷ് പിന്തുടരുമെന്നും ഒരിടത്തും തനിക്ക് സ്വസ്ഥത ലഭിക്കുന്നില്ലെന്നും അതിനാലാണ് അനുജനെ കൊലപ്പെടുത്തിയതെന്നും രേണു പറഞ്ഞു. കൊല നടത്തിയതില്‍ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. അതേസമയം, രേണു ഒരു യുവാവുമായി പ്രണയത്തിലാണെന്നും ഇയാള്‍ക്ക് കൊലയില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് പരിശോധിച്ച്‌ വരുന്നതായും പൊലീസ് അറിയിച്ചു. ഐപിസി 302 പ്രകാരം കൊലപാതകം, 365 പ്രകാരം തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രേണുവിന് രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്.

Related News