Tuesday
16 Oct 2018

ചലനമറ്റ പിതാവിന് തുണയാകുന്നത് ഇൗ ആറുവയസ്സുകാരി

By: Web Desk | Friday 12 October 2018 6:24 PM IST

അമ്മ ഉപേക്ഷിച്ചുപോയ അച്ഛന് തുണയായി മകള്‍. കാറപകടത്തില്‍ പരിക്കേറ്റ് ദേഹം തളര്‍ന്ന പിതാവിന് ഏക തുണയാണ് ആറു വയസ്സുകാരിയായ ജിയ ജിയ. രണ്ട് വര്‍ഷം മുമ്പാണ്  ജിയ ജിയയുടെ പിതാവ് ടിയാന്‍ ഹായ്ചങ് അപകടത്തില്‍പ്പെട്ടത്. അപകടത്തിനുശേഷം ഹായ്ചങ് ചലനമറ്റ നിലയിലാവുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഭാര്യയും ഹായ്ചങിനെ ഉപേക്ഷിച്ചുപോയി.

ഹായ്ചങിനെ ഇൗ നിലയില്‍ ഉപേക്ഷിച്ചു മൂത്ത മകനെയും കൊണ്ടാണ് ഭാര്യ പടികടന്നത്. അതിനുശേഷം ചലനമറ്റ ഹായ്ചങിന് ആശ്രയമായത് ജിയ ജിയ മാത്രമായിരുന്നു. പിതാവിനെ ജീവനെപ്പോലെയാണ് ഇൗ കുഞ്ഞ് പരിപാലിക്കുന്നത്. ചൈനയിലെ കൊച്ചു ഗ്രാമത്തിലാണ് തന്‍റെ അച്ഛനൊപ്പം ജിയ ജിയ താമസിക്കുന്നത്.

“ഡാഡി, താങ്കള്‍ മരിക്കില്ല. എനിക്ക് പിതാവില്ലാതാകരുത്, എന്‍റെ അമ്മ നമ്മെ വിട്ടുപോയി, പക്ഷേ, ഞാന്‍ ഉണ്ട് കൂടെ”, ജിയയുടെ വാക്കുകള്‍. ഡാഡിയെ ശുശ്രൂഷിക്കുന്നതില്‍ തനിക്കൊരു തളര്‍ച്ചയുമില്ലെന്ന് ജിയ പറയുന്നു.  ഇതിനിടയ്ക്ക്, കീടനാശിനികള്‍ കഴിച്ച് ജീവിതം അവസാനിപ്പിക്കാന്‍ ഹായ്ചങ് പലതവണ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഇതെല്ലാം ജിയ തടയുകയായിരുന്നു.

തന്‍റെ മകളുടെ ഇൗ നിസ്വാര്‍ത്ഥ സേവനം ചൈനയിലെ ഒരു ഫോട്ടോ പങ്കുവെക്കുന്ന ആപ്പിലൂടെയാണ് ഹായ്ചങ് ലോകത്തിനു മുമ്പില്‍ കാഴ്ചവെച്ചത്. ഇതിനകംതന്നെ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലായി. 480,000 പേര്‍ ഇൗ ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞു.

ജിയ ജിയ രാവിലെ 6 മണിക്ക് എഴുന്നേല്‍ക്കും. പിതാവിന് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കും. ഇലക്ട്രിക് വീല്‍ച്ചെയര്‍ ഉപയോഗിച്ചാണ് ഹായ്ചങിനെ എഴുന്നേല്‍പ്പിക്കുന്നതും നീക്കുന്നതും. ഇതെല്ലാം കഴിഞ്ഞാണ് ജിയ സ്കൂളില്‍ പോകുന്നത്. പൊന്നുപോലെ നോക്കിയ മാതാപിതാക്കളെ ഉപേക്ഷിച്ച്  മക്കള്‍ പോകുന്ന ഇക്കാലത്ത് ഇൗ കൊച്ചു മാലാഖകുട്ടി മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ്.

ജിയ ജിയ പിതാവ് ഹായ്ചങിനെ പരിപാലിക്കുന്ന വീഡിയോ കാണാം:

 

Related News