Friday
20 Jul 2018

അതുല്യനായ സഞ്ചാര സാഹിത്യകാരന്‍ എസ് കെ പൊറ്റെക്കാട്ട്

By: Web Desk | Friday 29 June 2018 9:54 PM IST

vasanthakumaran

ഭരതന്നൂര്‍ ഡോ. സി വസന്തകുമാരന്‍

മലയാള സാഹിത്യത്തിലെ അതുല്യ സഞ്ചാര സാഹിത്യകാരന്‍, അധ്യാപകന്‍, നോവലിസ്റ്റ്, ഗ്രന്ഥകാരന്‍, ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രതിഭാധനനായിരുന്നു എസ് കെ പൊറ്റെക്കാട്ട് എന്ന ശങ്കരന്‍ കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്. അദ്ദേഹം 1913 മാര്‍ച്ച് മാസം 14-ാം തീയതി കുഞ്ഞിരാമന്‍ പൊറ്റെക്കാടിന്റെ മകനായി കോഴിക്കോട് ജനിക്കുകയും 1982 ഓഗസ്റ്റ് മാസം ആറാം തീയതി മരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുറം ഗണപത് സ്‌കൂളില്‍ നിന്നും പൂര്‍ത്തീകരിച്ചതിനുശേഷം കോഴിക്കോട് സാമൂതിരി കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസായി. തുടര്‍ന്ന് കോഴിക്കോട് ഗുജറാത്തി വിദ്യാലയത്തില്‍ 1937 മുതല്‍ 1939 വരെ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
എസ് കെ പൊറ്റെക്കാട്ട് അധ്യാപകനായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് യാത്രകളില്‍ താല്‍പര്യം ജനിക്കുന്നത്. 1939 ല്‍ ബോംബെയിലേക്കുള്ള യാത്രയില്‍ നിന്നാണ് പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ കീര്‍ത്തിക്ക് കാരണമായ ‘ലോകസഞ്ചാരങ്ങള്‍’ ആരംഭിക്കുന്നത്. ബോംബെയില്‍ കുറച്ചുകാലം ജോലിചെയ്തിരുന്ന സമയത്താണ് ഇന്ത്യയിലുടനീളം സഞ്ചരിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചത്. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949 ല്‍ കപ്പല്‍ മാര്‍ഗം ആദ്യത്തെ വിദേശയാത്ര അദ്ദേഹം നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും നിരവധി തവണ അദ്ദേഹം സന്ദര്‍ശിക്കുകയും ഓരോ സ്ഥലത്തേയും സാധാരണ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിന് ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ് കെ പൊറ്റെക്കാട്ടിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്.
നിലവിലുള്ള പത്താംതരത്തിലെ കേരള പാഠാവലി മലയാളഭാഗം രണ്ടിലെ ‘ഞാന്‍ കഥാകാരനായ കഥ’ എന്ന പാഠം, ജീവിതാവസ്ഥകള്‍ സര്‍ഗപ്രതിഭകളില്‍ സൃഷ്ടിക്കുന്ന പ്രതികരണങ്ങളില്‍ നിന്നാണ് സാഹിത്യം ജനിക്കുന്നതെന്നും സാഹിത്യരചനയെ സംബന്ധിക്കുന്ന സുപ്രധാനമായ ഈ സത്യം ഊന്നിപ്പറയുകയാണ് എസ് കെ പൊറ്റെക്കാട്ട്. അനുഭവങ്ങള്‍ ഹൃദയാവര്‍ജകമായി ചിത്രീകരിക്കുന്നതിലൂടെ വായനക്കാരന്റെ മനസില്‍ ചലനങ്ങളുണ്ടാക്കുന്നതിലൂടെ മനഃപരിവര്‍ത്തനത്തിന് കാരണമാകുന്ന രചനയുടെ സോദ്ദേശ്യരീതിയാണ് എസ് കെ തന്റെ ആദ്യകാല രചനകളില്‍ സ്വീകരിച്ചിട്ടുളളത്. വളരെ വിപുലമായ ഒരു സാഹിത്യ സമ്പത്ത് മലയാളത്തിന് സംഭാവനചെയ്ത അദ്ദേഹത്തിന്റെ രചനാജീവിതം എങ്ങനെ ആരംഭിക്കുന്നുവെന്ന് ‘ഞാന്‍ കഥാകാരനായ കഥ’യിലൂടെ തുറന്നുകാട്ടുന്നു. ഇപ്രകാരമുള്ള സാഹിത്യരചനയെ സംബന്ധിക്കുന്ന എഴുത്തുകാരന്റെ അനുഭവവിവരണം കുട്ടികളായ നിങ്ങള്‍ പരിചയപ്പെടുന്നതിലൂടെ എഴുത്തിന്റെ മൗലികത, സാമൂഹ്യപ്രതിബദ്ധത, രചനാസ്വാതന്ത്ര്യം, നിര്‍മാണ രഹസ്യങ്ങള്‍, സൃഷ്ടികള്‍ സമൂഹത്തിനു നല്‍കുന്ന ജീവിതവീക്ഷണം, മൂല്യബോധം, ആസ്വാദനാവസരം, വൈകാരികാനുഭവം എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തിയെടുക്കുവാന്‍ പര്യാപ്തമാകേണ്ടതാണ്.

സാഹിത്യജീവിതം
എസ് കെ പൊറ്റെക്കാട്ടിന്റെ ആദ്യകാല രചനകളില്‍ ഉള്‍പ്പെട്ട ‘രാജനീതി’ എന്ന കഥ സാമൂതിരി കോളജിലെ മാഗസിനില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് 1929 ല്‍ കോഴിക്കോട്ട് നിന്നുള്ള ‘ആത്മവിദ്യാകാഹള’ത്തില്‍ ‘മകനെ കൊന്നമദ്യം’ എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1931 ല്‍ എറണാകുളത്ത് നിന്ന് മൂര്‍ക്കോര്‍ത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ‘ദീപം’ എന്ന മാസികയില്‍ ‘ഹിന്ദുമുസ്‌ലിം മൈത്രി’ എന്ന കഥയും പ്രസിദ്ധപ്പെടുത്തി. അതിനുശേഷം മാതൃഭൂമി ആഴ്ചതിപ്പില്‍ തുടര്‍ച്ചയായി കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. 1939 ല്‍ ബോംബെയില്‍ വച്ച് എഴുതി പ്രസിദ്ധീകരിച്ച ആദ്യ നോവലാണ് ‘നാടന്‍ പ്രേമം’. കാല്‍പനിക ഭംഗിയാര്‍ന്ന ഈ രചന അദ്ദേഹത്തിന്റെ മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടി കൊടുത്തു. ഒരു പ്രധാന പ്രമേയത്തെ ആസ്പദമാക്കി വായനക്കാരുടെ മനസില്‍ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധമനസില്‍ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്. 1940 ല്‍ മലബാറിലേക്കുള്ള തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു.

ജനപ്രതിനിധി
തെരഞ്ഞെടുപ്പിലൂടെ ലോകസഭയിലെത്തിയ അപൂര്‍വം സാഹിത്യകാരന്മാരില്‍ ഒരാളായിരുന്നു എസ് കെ പൊറ്റെക്കാട്ട്. അദ്ദേഹം 1962 ല്‍ തലശേരിയില്‍ നിന്ന് തന്റെ എതിരാളി ആയിരുന്ന സുകുമാര്‍ അഴിക്കോടിനെ 66000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ലോക്‌സഭാ സീറ്റിലേക്ക് തെരഞ്ഞെടുത്തു.

പ്രധാന പുരസ്‌കാരങ്ങള്‍
മദിരാശി സര്‍ക്കാരിന്റെ പുരസ്‌കാരം- വിഷകന്യക, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1962)- ഒരു തെരുവിന്റെ കഥ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1973)- ഒരുദേശത്തിന്റെ കഥ, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ് (1977), ജ്ഞാനപീഠം പുരസ്‌കാരം (1980).

പ്രധാനകൃതികള്‍
നോവല്‍
വല്ലികാദേവി (1937), നാടന്‍ പ്രേമം (1941), പ്രേമശിക്ഷ (1945), മൂടുപടം (1948), വിഷകന്യക (1948), കറാമ്പൂ (1950), ഒരു തെരുവിന്റെ കഥ (1960), ഒരുദേശത്തിന്റെ കഥ (1971), കുരുമുളക് (1974), കബീന (1979), നോര്‍ത്ത് അവന്യു.

ചെറുകഥകള്‍
ചന്ദ്രകാന്തം (1944), മണിമാളിക (1944), രാജമല്ലി (1945), നിശാഗന്ധി (1945), പുള്ളിമാന്‍ (1945), മേഘകാല (1945), ജലതരംഗം (1946), വൈജയന്തി (1946), പൗര്‍ണമി (1947), ഇന്ദ്രനീലം (1947), ഹിമവാഹിനി (1948), പ്രേതഭൂമി (1949), രംഗമണ്ഡപം (1949), യവനികയ്ക്കു പിന്നില്‍ (1952), കള്ളിപ്പൂക്കള്‍ (1954), വനകൗമുദി (1954), കനകാംബരം (1955), അന്തര്‍വാഹിനി (1960), ഏഴിലംപാല (1962), തെരഞ്ഞെടുത്ത കഥകള്‍ (1967), വൃന്ദാവനം (1968), കാട്ടുചെമ്പകം (1970), ഒട്ടകം, അന്തകന്റെ തോട്ടി, നദീതീരത്തില്‍, കടവുതോണി, മെയില്‍ റണ്ണര്‍, രഹസ്യം, മലയാളത്തിന്റെ ചോര, ജയില്‍.

യാത്രാവിവരണം
കശ്മീര്‍ (1947), യാത്രാസ്മരണകള്‍ (1949), കാപ്പിരികളുടെ നാട്ടില്‍ (1951), സിംഹഭൂമി (1954), നൈല്‍ഡയറി (1954), മലയനാടുകളില്‍ (1954), ഇന്നത്തെ യൂറോപ്പ് (1955), ഇന്തോനേഷ്യന്‍ ഡയറി (1955), സോവിയറ്റ് ഡയറി (1955), പാതിരാസൂര്യന്റെ നാട്ടില്‍ (1956), ബാലിദ്വീപ് (1958), ബൊഹേമിയന്‍ ചിത്രങ്ങള്‍ (1960), ഹിമാലയസാമ്രാജ്യത്തില്‍ (1967), നേപ്പാള്‍ യാത്ര (1969), ലണ്ടന്‍ നോട്ട് ബുക്ക് (1960), കെയ്‌റോ കഥകള്‍ (1974), ക്ലിയോപാട്രയുടെ നാട്ടില്‍ (1977), ആഫ്രിക്ക (1976), യൂറോപ്പ് (1977), ഏഷ്യ (1977).

കവിതാസമാഹാരം
പ്രഭാകാന്തി, സഞ്ചാരികളുടെ ഗീതങ്ങള്‍, പ്രേമശില്‍പി.

അത്മകഥ
എന്റെ വഴിയമ്പലങ്ങള്‍