Saturday
21 Oct 2017

സംസ്ഥാനത്ത് 11 ആധുനിക അറവുശാലകള്‍ പണിയും

By: Web Desk | Tuesday 19 September 2017 7:38 PM IST

തിരുവനന്തപുരം:

സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകള്‍ പണിയും. ഇതിന്റെ ആവശ്യത്തിന് പ്രത്യേക കമ്പനി രൂപീകരിക്കാനും തീരുമാനമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഇതിന്റെ നടപടികള്‍ അവലോകനം ചെയ്തു. ആദ്യഘട്ടത്തില്‍ എല്ലാ കോര്‍പ്പറേഷനുകളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 11 അറവുശാലകള്‍ക്ക് 116 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുളളത്. കിഫ്ബിയില്‍നിന്നുളള 100 കോടി രൂപ 45 ദിവസത്തിനകം ലഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വി കെ ബേബി അറിയിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ പതിനയ്യായിരത്തിലധികം അറവുശാലകള്‍ ഉണ്ട്. എന്നാല്‍ ഒരിടത്തുപോലും ആധുനിക സജ്ജീകരണങ്ങള്‍ ഇല്ല. ആധുനിക അറവുശാലകള്‍ക്കുളള പദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്.