Monday
23 Jul 2018

സംഘപരിവാറില്‍ രോഷം പടരുന്നു

By: Web Desk | Wednesday 27 September 2017 11:08 PM IST

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി

യശ്വന്ത് സിന്‍ഹ മോഡിക്കും
അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ രംഗത്ത്
രാജ്യത്ത് വികേന്ദ്രീകൃത
അടിയന്തരാവസ്ഥയെന്ന് അരുണ്‍ഷൂരി

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന അസാധാരണമായ സാമ്പത്തിക പ്രതിസന്ധിക്കെതിരെ രൂക്ഷമായ അസംതൃപ്തിയും രോഷവും സംഘപരിവാര്‍ കൂടാരത്തിലേയ്ക്കും. മുതിര്‍ന്ന ബിജെപി നേതാവും വാജ്‌പേയ് സര്‍ക്കാരിലെ ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ മോഡി സര്‍ക്കാരിനും മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ പരസ്യമായി രംഗത്തെത്തി. സംഘപരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസ് മോഡി ഉപദേഷ്ടാക്കള്‍ക്കെതിരെ തുറന്നടിച്ച് പ്രസ്താവനയിറക്കി. രാജ്യത്ത് വികേന്ദ്രീകൃത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ബിജെപി നേതാവും മുന്‍മന്ത്രിയുമായ അരുണ്‍ഷൂരി. മുന്‍ മന്ത്രി സുബ്രഹ്മണ്യം സ്വാമി, വരുണ്‍ഗാന്ധി തുടങ്ങിയവരും മോഡി ഭരണത്തിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് അണിനിരന്നു.
ബിജെപി മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ ശിവസേന സാമ്പത്തിക നയത്തിനും വിലക്കയറ്റത്തിനുമെതിരെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടും കേന്ദ്രത്തിനെതിരെ മഹാരാഷ്ട്രയില്‍ വ്യാപക പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയുമാണ്.
പ്രമുഖ എന്‍ജിനിയറിങ് – നിര്‍മാണ കമ്പനിയായ ലാര്‍സണ്‍ ആന്റ് ട്രൂബോ (എല്‍ ആന്‍ഡ് ടി) എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എ എന്‍ നായിക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മാനേജിങ് ഡയറക്ടര്‍ സഞ്ജീവ് മേത്ത, ബജാജ് ഓട്ടോ ചെയര്‍മാന്‍ രാഹുല്‍ ബജാജ് തുടങ്ങി രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപന മേധാവികളും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
സാമ്പത്തിക നയത്തോടൊപ്പം റൊഹിങ്ക്യ വിഷയത്തില്‍ പാര്‍ട്ടി നിലപാട് പരസ്യമായി തള്ളിയാണ് വരുണ്‍ ഗാന്ധിയുടെ പരസ്യ പ്രതികരണമുണ്ടായത്.
ഇപ്പോഴെങ്കിലും ഈ സാമ്പത്തികത്തകര്‍ച്ചയെ കുറിച്ചും അതിന് കാരണക്കാരനായ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പരാജയത്തെ കുറിച്ചും തുറന്നുപറയുന്നില്ലെങ്കില്‍ താന്‍ ദേശീയ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് വിലയിരുത്തപ്പെടുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിലെഴുതിയ ലേഖനത്തില്‍ യശ്വന്ത് സിന്‍ഹ വിശദീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്കകള്‍ ബിജെപിയിലെ പലരുമായും പങ്ക് വഹിച്ചതായും അവരെല്ലാം അത് അംഗീകരിക്കുന്നുവെങ്കിലും തുറന്നു പറയാന്‍ ഭയക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
കേന്ദ്ര ഭരണം തുടങ്ങുകയും ജെയ്റ്റ്‌ലി ധനകാര്യ മന്ത്രിയാവുകയും ചെയ്തിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോഴേയ്ക്കും സ്വകാര്യ നിക്ഷേപങ്ങള്‍ രണ്ടു ദശകത്തിന് മുമ്പുള്ളതിനേക്കാള്‍ കുത്തനെ കുറഞ്ഞു. വ്യാവസായികോല്‍പാദനം പിറകോട്ട് പോയി, കാര്‍ഷിക മേഖല തകര്‍ന്നു, ഏറ്റവും വലിയ തൊഴില്‍ ദാതാവായ നിര്‍മാണ മേഖല സ്തംഭിച്ചു, അവശേഷിക്കുന്ന സേവന – കയറ്റുമതി മേഖലയും തളര്‍ച്ച നേരിട്ടു എന്നിങ്ങനെ എണ്ണിയെണ്ണിയാണ് സാമ്പത്തിക പ്രതിസന്ധിയെ അദ്ദേഹം വിലയിരുത്തുന്നത്.
ജിഡിപി വളര്‍ച്ച നിരക്കുപോലും കെട്ടുകഥയാണെന്ന് മുന്‍ ധനകാര്യമന്ത്രി ലേഖനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. വളര്‍ച്ച നിരക്ക് കണക്കാക്കുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാണ് സാമ്പത്തിക വളര്‍ച്ച മുന്നേറിയെന്ന് കൊട്ടിഘോഷിച്ചത്. മുന്‍കാല മാനദണ്ഡങ്ങള്‍ പ്രകാരമാണെങ്കില്‍ വളര്‍ച്ച 3.7 ശതമാനം മാത്രമാണ്. നോട്ടുനിരോധനം മാത്രമല്ല സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതെന്നും അത് എരിതീയില്‍ എണ്ണയൊഴിക്കുക മാത്രമായിരുന്നുവെന്നും സിന്‍ഹ കുറ്റപ്പെടുത്തുന്നു.
തെറ്റായ ഉപദേശങ്ങള്‍ സ്വീകരിച്ച് അബദ്ധവഴിയിലൂടെയുള്ള സഞ്ചാരത്തിന്റെ ഫലമാണ് ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയെന്ന് വിലയിരുത്തിയ ബിഎംഎസ്, തൊഴില്‍ മേഖല വലിയ പ്രതിസന്ധിയിലായെന്നും കുറ്റപ്പെടുത്തി. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടായില്ലെന്നു മാത്രമല്ല ഉള്ളവ ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നും തൊഴില്‍ മേഖലയുടെ പുനരുദ്ധാരണത്തിന് ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്നും ബിഎംഎസ് പ്രസിഡന്റ് സജി നാരായണന്‍, ജനറല്‍ സെക്രട്ടറി ബ്രജേഷ് ഉപാധ്യായ എന്നിവര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ ദിശാബോധമില്ലാത്തതാണെന്നായിരുന്നു അരുണ്‍ ഷൂറിയുടെ വിമര്‍ശനം. നേരത്തേ ഗോഹത്യയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ ഷൂരി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ പരസ്യ വിമര്‍ശനമുന്നയിച്ച മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി ചരക്കുസേവന നികുതി ധൃതി പിടിച്ച് നടപ്പിലാക്കേണ്ടതായിരുന്നില്ലെന്നും കുറ്റപ്പെടുത്തി. സാമ്പത്തിക തകര്‍ച്ചയും അതിനുള്ള പ്രതിവിധിയും ഉള്‍ക്കൊള്ളിച്ച് മെയ് മാസത്തില്‍ പ്രധാനമന്ത്രിക്ക് നല്‍കിയ 16 പേജുള്ള കത്തില്‍ സാമ്പത്തിക മേഖല കൂപ്പുകുത്തുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

സ്വന്തം ലേഖകന്‍

 

Related News