Saturday
15 Dec 2018

അവര്‍ണനെ ഹിന്ദുവായി അംഗീകരിക്കാത്തവരാണ് ഇപ്പോള്‍ സമരം നയിക്കുന്നത്

By: Web Desk | Thursday 11 October 2018 9:10 PM IST

ശബരിമല സമരം കലാപനീക്കം: എസ്എന്‍ഡിപി യോഗം

വെള്ളാപ്പള്ളിയുടെ നിലപാടിന് കൗണ്‍സിലിന്റെ പൂര്‍ണ പിന്തുണ

സ്വന്തം ലേഖകന്‍
ചേര്‍ത്തല: ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ വിശ്വാസത്തെ ചൂടുപിടിപ്പിക്കുന്ന തെരുവു സമരം കലാപം സൃഷ്ടിക്കാനാണെന്ന് എസ്എന്‍ഡിപി യോഗം കൗണ്‍സില്‍. ഇക്കാര്യത്തില്‍ യോഗം ജനറല്‍ സെക്രട്ടറിയുടെ നിലപാടിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

ഈ സമരത്തിന് ആളെക്കൂട്ടേണ്ട ബാധ്യത എസ്എന്‍ഡിപി യോഗത്തിനില്ലെന്നു കൗൺസിൽ പറഞ്ഞു.  17ന് പകല്‍ 11ന് ചേര്‍ത്തലയില്‍ യൂണിയന്‍ ഭാരവാഹികളുടെയും ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളുടെ യോഗം ചേർന്നു തുടർനടപടികൾ തീരുമാനിക്കും.

അവര്‍ണരെ ഹിന്ദുക്കളായി അംഗീകരിക്കാന്‍ തയ്യാറാകാത്തവരാണ് ഇപ്പോള്‍ സമരം നടത്തുന്നതെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂര്‍ കട്ടച്ചിറയില്‍ ക്ഷേത്രത്തില്‍ ദൈവദശകം ആലപിച്ച സ്ത്രീയെ അടിച്ചിറക്കി. പാലയിലെ ക്ഷേത്രത്തില്‍ പൂജാരിയായി നിയമിച്ച അവര്‍ണനെ അതിന് അനുവദിച്ചില്ല. കൊല്ലം ശക്തികുളങ്ങര ക്ഷേത്രത്തില്‍ ഈഴവരാദി പിന്നാക്കക്കാരെ പറവഴിപാടില്‍ പങ്കെടുപ്പിക്കുന്നില്ല.
അപ്പോള്‍ ഇവരാരും സമരത്തിലിറങ്ങുകയോ ശബ്ദിക്കുകയോ ചെയ്തില്ല. ഒടുവില്‍ മുഖ്യമന്ത്രിക്കെതിരെ ജാത്യാക്ഷേപം നടത്തിയത് അവരുടെ മനോഭാവം ആവര്‍ത്തിച്ച് പ്രകടമാക്കി.

നിലപാടില്‍ ഒരുമാറ്റവും വരുത്താന്‍ തയ്യാറല്ല. മണ്‍മറഞ്ഞ പൂര്‍വികള്‍ വന്നുപറഞ്ഞാലും നിലപാട് മാറ്റില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു ന്യായവുമില്ല. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന് സത്യവാങ്മൂലം നല്‍കിയ സര്‍ക്കാരിന് മറിച്ചൊരു നിലപാട് സാധിക്കില്ല. തമ്പ്രാന്‍ കല്‍പ്പിക്കുന്നത് അടിയാളര്‍ അംഗീകരിക്കണമെന്ന് പറഞ്ഞാല്‍ സമ്മതിക്കാന്‍ മനസില്ല. സവര്‍ണ അജണ്ട നടപ്പാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കിരീടമുള്ള രാജാവായ മുഖ്യമന്ത്രി പണറായി ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് പങ്കെടുക്കാത്ത കിരീടമില്ലാത്ത രാജക്കാന്മാരുടെ നിലപാട് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

Related News