Monday
20 Aug 2018

ബാലവേലയുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍

By: Web Desk | Tuesday 12 June 2018 5:00 AM IST

ഇന്ത്യയിലെ വികസന പ്രതിസന്ധികളിലൊന്നാണ് ബാലവേല. ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ കൃഷിയിടങ്ങളില്‍, ഭക്ഷണശാലകളില്‍, മറ്റ് കച്ചവട സ്ഥാപനങ്ങളില്‍ ദൈന്യത നിറഞ്ഞ കണ്ണുമായി പണിയെടുക്കുന്ന ‘കുട്ടിപണിക്കാര്‍; ഇവര്‍ ബാലവേലയുടെ ഇരകളാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 40ശതമാനത്തോളം കടുത്ത ദാരിദ്ര്യാവസ്ഥയില്‍ കഴിയുന്നതിന്റെ ബാക്കിപത്രമാണ് ബാലവേലയിലും പ്രകടമാകുന്നത്. ആഫ്രിക്കയ്ക്ക് ശേഷം ഏറ്റവും ഉയര്‍ന്ന ബാലവേല ഇന്ത്യയിലാണ്. ബാലവേല നിരോധിക്കണമെന്ന ആവശ്യകതയിലൂന്നിയാണ് എല്ലാ വര്‍ഷവും അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) ജൂണ്‍ 12-ാം തീയതി ബാലവേല വിരുദ്ധദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ബാലവേല വിരുദ്ധദിനം പ്രാമുഖ്യം നല്‍കുന്നത് യുവാക്കളായ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിലൂടെ പൂര്‍ണമായും ബാലവേല ഒഴിവാക്കുകയെന്ന ലക്ഷ്യത്തിനാണ്.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് 1989ല്‍ ഐക്യരാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ച കുട്ടികളുടെ ഉടമ്പടിയില്‍ നാല് പ്രധാന അവകാശങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു. അതിജീവനം, ഉന്നമനം, സംരക്ഷണം, പങ്കാളിത്തം എന്നീ നാല് അവകാശങ്ങളും 1999ല്‍ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുവാന്‍ ഇന്ത്യയിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും ഒട്ടനവധി നിയമങ്ങളും നയപരിപാടികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ബാലവേലനിരോധന നിയമം (1986), ബാലനീതി നിയമം (2000) എന്നീ നിയമങ്ങളും, സംയോജിത ശിശുവികസനപദ്ധതി, സര്‍വശിക്ഷാ അഭിയാന്‍, നിര്‍ഭയ, ചൈല്‍ഡ് ലൈന്‍ തുടങ്ങിയ പദ്ധതികളും ബാലാവകാശ സംരക്ഷണത്തിനു വേണ്ടി ഉണ്ടാക്കിയവയാണ്. 2016 ലെ ബാലവേല ഭേദഗതി (നിരോധനവും നിയന്ത്രണവും) നിയമം, 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം എന്നിവ നടപ്പിലാക്കാന്‍ ശ്രമിച്ചതിലൂടെ ബാലവേല നിര്‍മ്മാര്‍ജ്ജനമെന്ന ഐഎല്‍ഒ യുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യ പാലിക്കുന്നുവെങ്കിലും ഇന്ത്യയില്‍ ബാലവേല പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇന്നും സാധിച്ചിട്ടില്ല.

യൂണിസെഫ് റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ അഞ്ചു മുതല്‍ 17 വയസുവരെയുള്ള 15.2 കോടി കുട്ടികള്‍ അസംഘടിത മേഖലയില്‍ ബാലവേലയില്‍ ഏര്‍പ്പെടുന്നു. അതുപോലെ 2012 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ബാലവേലയില്‍ ഏര്‍പ്പെടുന്ന 50 ശതമാനത്തോളം കുട്ടികളും അപകടകരമായ ജോലിയാണ് ചെയ്യുന്നത്. ബാലവേലയെ സംബന്ധിച്ച ആഗോള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ അവസ്ഥയെ വിലയിരുത്തിയാല്‍ ഇവിടെയുള്ള 11 കുട്ടികളില്‍ ഒന്ന് എന്ന നിലയില്‍ ബാലവേല ചെയ്യുന്നു. 2011ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ 5 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികളുടെ എണ്ണം 259.6 മില്ല്യണ്‍ ആണ്. ഇതില്‍ 10.1 മില്ല്യണ്‍ കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെടുന്നു. ഇതുകൂടാതെ 42.7 മില്യണ്‍ കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാത്തവരുമാണ്. ബാലവേലയില്‍ ഏര്‍പ്പെടുന്ന 80 ശതമാനം കുട്ടികളും ഗ്രാമീണമേഖലയില്‍ നിന്നുള്ള കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്. ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ബാലവേല ചെയ്യുന്ന കുട്ടികളില്‍ പകുതിയിലധികവും അധിവസിക്കുന്നത്. ഇവിടെ 15നും 17നുമിടയിലുള്ള കൗമാരപ്രായക്കാര്‍ അപകടകരമായ ജോലിയില്‍ ഏര്‍പ്പെടുന്നു. ഇത് മൊത്തം ബാലവേല ചെയ്യുന്ന കുട്ടികളുടെ 62.8 ശതമാനത്തോളമാണ്.

നമ്മുടെ വികസനത്തെ പിറകോട്ടടിപ്പിക്കുന്ന സാമൂഹ്യ പ്രശ്‌നമായി ബാലവേല മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളെ ശാരീരികവും, മാനസികവും, സാമൂഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയായി നിര്‍വചിക്കുന്നത്. ദാരിദ്ര്യവും സാമൂഹിക സുരക്ഷിതത്വമില്ലായ്മയുമാണ് ബാലവേലയുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വം, പട്ടിണി, ദാരിദ്ര്യം, കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ്, വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളെ ഭരണകൂടം അഭിമുഖീകരിക്കാതിരിക്കല്‍, അടിസ്ഥാന സേവനങ്ങളുടെ സ്വകാര്യവല്‍കരണം, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ തുടങ്ങിയവ സാധാരണ ജനവിഭാഗങ്ങളെ തൊഴില്‍രഹിതരാക്കി മാറ്റുകയും, അപ്രകാരം അവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാതെവരികയും ചെയ്യുന്നു. കുടുംബങ്ങളുടെ ദുരിതാവസ്ഥ കുട്ടികളെ ദോഷകരമായി ബാധിക്കുന്നു. അത്തരമൊരവസ്ഥയില്‍ ഇന്ത്യയിലെ കുടുംബങ്ങളും സമൂഹവും സാമ്പത്തികവും, സാമൂഹികവുമായി ദുരിതാവസ്ഥയിലേക്ക് നീങ്ങുന്നു. അങ്ങനെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെടുന്നു. കുടുബങ്ങളുടെ ഈ ദുരിതാവസ്ഥയെ ചൂഷണം ചെയ്യുന്നത് ബഹുരാഷ്ട്ര കമ്പനികളും അവരുടെ നഗ്നമായ തൊഴില്‍ നിയമലംഘനങ്ങളിലൂടെ തുച്ഛമായ വേതനത്തിന് ഷോപ്പുകളിലും മാളുകളിലും വന്‍ കെട്ടിടനിര്‍മാണ മേഖലകളിലും കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതമാകുന്നു.
കേരളത്തെ 2012 ല്‍ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഇന്ന് കേരളത്തിലെ മലയാളി കുട്ടികള്‍ ബാലവേലയില്‍ നിന്നും ഏറെക്കുറെ മോചിതരാണ്. നിയമം കര്‍ശനമായി നടപ്പിലാക്കിയതിന്റെ ഫലമാണ് ഇന്ന് കേരളത്തില്‍ കാണുന്നത്. എങ്കിലും അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കേരളത്തിലേക്ക് വര്‍ധിച്ചതോടുകൂടി ഇടനിലക്കാര്‍ വഴി കേരളത്തിലും ബാലവേലയ്ക്കായി കുട്ടികള്‍ എത്തുന്നുണ്ട്. ഈ ബാല്യങ്ങളേയും ബാലവേലയില്‍ നിന്നും പൂര്‍ണ്ണമായും വിമുക്തരാക്കേണ്ട സാമൂഹിക ഉത്തരവാദിത്വം നമ്മുടെ സമൂഹത്തിനുണ്ട്. ബാലവേല ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം കൃതൃമായി കണ്ടെത്താന്‍ സാധിക്കാത്തത് വലിയൊരു ആശങ്ക തന്നെയാണ്.

ബാലവേല നിര്‍മാര്‍ജനമാണ് ഇന്ത്യ പോലുള്ള ജനാധിപത്യരാഷ്ട്രത്തിന്റെ പരമപ്രധാന ലക്ഷ്യമായി മാറേണ്ടത്. ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ചയില്‍ പുരോഗതി നേടിയെന്ന് മേനി നടിക്കുമ്പോഴും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ സമൂഹത്തില്‍ അസമത്വം വര്‍ധിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ജനങ്ങളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയും സാധാരണ ജനതയുടെ അടിസ്ഥാന പ്രശ്‌ന പരിഹാരത്തിനായി ശക്തമായ ഭരണസംവിധാനവും നിയമ വ്യവസ്ഥയും പരിഷ്‌ക്കരിക്കുകയും ചെയ്തുകൊണ്ടുള്ള സമഗ്രമാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഭരണകൂടങ്ങള്‍ അടിസ്ഥാന പ്രശ്‌നങ്ങളായ ദാരിദ്ര്യ നിര്‍മാര്‍ജനം, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, കുട്ടികളുടെ നാടുകടത്തല്‍ നിര്‍ത്തലാക്കുക തുടങ്ങിയ ശ്രമങ്ങളിലൂടെ ദീര്‍ഘകാലയളവില്‍ ബാലവേല ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. 2002ലെ ഭരണഘടനയുടെ 86-ാം ഭേദഗതിക്കു ശേഷം ആറു മുതല്‍ 14 വരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം മൗലീകാവകാശമായി ആര്‍ട്ടിക്കില്‍ 21(എ) പ്രകാരം ഉറപ്പാക്കുന്നു. ഇതിലൂടെ ജാതി, മത, സാമ്പത്തിക വിവേചനമില്ലാതെ ഇന്ത്യയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും എഴുതാനും, വായിക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം. നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിലൂടെയും ബാലവേല ചെറുക്കാന്‍ സാധിക്കും.
എന്നാല്‍ ഇന്ത്യന്‍ സമൂഹങ്ങളെ സാമൂഹികമായും സാമ്പത്തികമായും ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ബാലവേല എന്ന ചൂഷണം അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി സമൂഹത്തിലെ എല്ലാ വ്യക്തികള്‍ക്കും, മാതാപിതാക്കള്‍ക്കും, ഭരണകൂടങ്ങള്‍ക്കും, സന്നദ്ധസംഘടനകള്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ട്. ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളുള്ള കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ തിരിച്ചറിയുക, ഭക്ഷ്യസുരക്ഷ, സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച, തൊഴില്‍നിലവാരത്തിലുള്ള മാനദണ്ഡം, മാന്യമായ ജോലി, സാര്‍വത്രികമായ വിദ്യാഭ്യാസം, സാമൂഹിക സംരക്ഷണം, കുട്ടികളുടെ അവകാശസംരക്ഷണം തുടങ്ങിയവ അംഗീകരിക്കുകയും പൊതുസമൂഹത്തിന്റെ ധാര്‍മികമായ പിന്തുണകൂടി ഉറപ്പുവരുത്തുകയും ചെയ്താല്‍ മാത്രമേ ബാലവേല പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

Related News