Sunday
23 Sep 2018

സാമ്പത്തിക ഭദ്രതയില്ലാതെ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍

By: Web Desk | Thursday 28 December 2017 5:43 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യമേഖലയില്‍ ആശാ പ്രവര്‍ത്തകരായും അല്ലാതെയും ഒട്ടേറെപ്പേര്‍ ജീവിക്കുന്നു. എന്നാല്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം അവരെ ജോലിയില്‍ നിന്ന് പിന്‍വാങ്ങാന്‍ കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സ്ഥിരമായ വരുമാനമോ സാമൂഹിക സുരക്ഷയോ ഇവര്‍ക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏകദേശം 0.87 ദശലക്ഷം ആശാ വര്‍ക്കര്‍മാരുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി 17 സംസ്ഥാനങ്ങളിലെ ആശാ വര്‍ക്കര്‍മാര്‍ സ്ഥിരവരുമാനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നു. സ്ഥിര വരുമാനവും സാമ്പത്തിക ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ പ്രസവം, ശിശുസംരക്ഷണം, ബോധവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളില്‍ പ്രാഗത്ഭ്യം നേടി ആശാ വര്‍ക്കര്‍മാര്‍ക്ക് യാതൊരുവിധ പരിഗണനയും കേന്ദ്രം നല്‍കുന്നില്ലെന്നും ഡൗണ്‍ടുഎര്‍ത്ത് പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ആയിരക്കണക്കിന് ആശാ വര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും കഴിഞ്ഞ നവംബര്‍ ഒമ്പതിന് ഡല്‍ഹിയില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. ആരോഗ്യമേഖലയില്‍ സാമ്പത്തിക പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് ലക്ഷം ജനങ്ങളുടെ ഒപ്പ് ശേഖരണം നടത്തിയ പതിനൊന്നു സംസ്ഥാനങ്ങളിലെ ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയിരുന്നു.
ആരോഗ്യ സെക്രട്ടറിയ്ക്ക് ശേഖരിച്ച ഒപ്പ് അടങ്ങിയ രേഖയും ഇവര്‍ കൈമാറിയിരുന്നു. 18,000 രൂപ മാസ ശമ്പളം വേണമെന്ന് ഇവര്‍ ആവശ്യമുന്നയിച്ചിരുന്നു.
സര്‍ക്കാരിന്റെ ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ലാത്ത ഇടങ്ങളില്‍പ്പോലും ആശാവര്‍ക്കര്‍മാരുണ്ട്. എന്നിരുന്നാലും ദിവസക്കൂലിക്കാര്‍ക്ക് നല്‍കുന്ന കൂലിയില്‍ താഴെയാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്ന് സിഐടിയുടെ വക്താവ് പറയുന്നു.