Monday
17 Dec 2018

വാര്‍ത്തെടുക്കാം ആരോഗ്യപൂര്‍ണമായൊരു തലമുറയെ

By: Web Desk | Sunday 18 February 2018 6:31 PM IST

മിഥിലാ മിഥുന്‍
ടീച്ചര്‍, ഗുഡ്‌ഷെപ്പേഡ്
ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍
ആക്കുളം

ഫബ്രുവരി 10 ദേശീയ വിരനിര്‍മാര്‍ജനദിനമായിരുന്നു. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് എല്ലാ വര്‍ഷവും ഫെബ്രുവരി 10 ഈ ദിനമായാചരിച്ചുവരുന്നു. ഒന്ന് മുതല്‍ 19 വയസുവരെയുള്ള സ്‌കൂള്‍, അങ്കണവാടി കുട്ടികളില്‍ വിരമൂലമുണ്ടാകന്ന അസുഖങ്ങള്‍ ഇല്ലാതാക്കുന്നതിനും അതിലുടെ ആരോഗ്യപൂര്‍ണമായൊരു തലമുറയെ വാര്‍ത്തെടുക്കുന്നതിനും വേണ്ടിയാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.
എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും വിരനിര്‍മാര്‍ജനത്തിനുള്ള ഗുളികകള്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. ഇതാദ്യായി ഈ വര്‍ഷം മുതല്‍ സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയും ഈ ഗുളിക വിതരണം ചെയ്യുവാന്‍ തീരുമാനിക്കുകയുണ്ടായി എന്നത് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. 2015 ലാണ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കമായത്.

ഇന്ത്യയില്‍ വിരനിര്‍മാര്‍ജന പദ്ധതിയുടെ ആവശ്യകത.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ കണക്കുപ്രകാരം ലോകത്തെ മണ്ണിര ജന്യരോഗി Soil- Transmitted helminths (STH) കളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായിട്ടുള്ളത് ഇന്ത്യയിലാണെന്ന് കാണിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ ഒന്നിനും പതിന്നാലിനുമിടയില്‍ പ്രായമുള്ള 220 ദശലക്ഷത്തോളം കുട്ടികള്‍ ഈ വ്യാധിക്കടിപ്പെട്ടിരിക്കുന്നു എന്നാണ് കണക്ക്.

വിരനിര്‍മാര്‍ജന ഗുളികകളും പാര്‍ശ്വഫലങ്ങളും
ആല്‍ബന്‍ഡസോള്‍ (Albendazole) 400 മില്ലീഗ്രാം ഗുളികയാണ് വിരനിര്‍മാര്‍ജനത്തിനായുപയോഗിക്കുന്നത്. ഒന്നിനും രണ്ടിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പകുതി ഗുളികയും രണ്ടിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക മുഴുവനായും നല്‍കുന്നു. മുതിര്‍ന്ന കുട്ടികള്‍ ചവച്ചരച്ചാണ് കഴിക്കേണ്ടത്. വയറിളക്കം, അതിസാരം തുടങ്ങിയവയ്ക്ക് നല്‍കുന്ന മരുന്നുകളെ അപേക്ഷിച്ച് താരതമ്യേന പാര്‍ശ്വഫലം കുറഞ്ഞതും സുരക്ഷിതവുമായ ഗുളികയാണ് ആല്‍ബന്‍ഡസോള്‍. വളരെ പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നു.

മണ്ണിരകള്‍ (Soil Transmitted Helminths – STH)
പരാദങ്ങള്‍ (parasites) ആയ വിരകളാണ് സാധാരണയായി അസുഖങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് മനുഷ്യന്റെ കുടലില്‍ കടന്നുകൂടുകയും മനുഷ്യന് ആവശ്യമായ പോഷകാഹാരങ്ങള്‍ ഭക്ഷിച്ച് വളരുകയും ചെയ്യുന്നു. ഒറ്റ ദിവസംകൊണ്ട് ഇവകള്‍ ആയിരക്കണക്കിന് മുട്ടയിടുകയും ചെയ്യുന്നു. ഇവകള്‍ മനുഷ്യവിസര്‍ജ്യത്തിലൂടെ പുറത്തുവരികയും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പല മാര്‍ഗങ്ങളിലൂടെ പകരുകയും ചെയ്യുന്നു.

അസുഖം ബാധിക്കുന്ന മാര്‍ഗങ്ങള്‍
1) നഗ്നപാദരായി നടക്കുന്നവരില്‍ തൊലിയിലൂടെ ഹൂക്ക് വേം ശരീരത്തിനുള്ളില്‍ കടക്കുന്നു.
2) ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ഥങ്ങളിലൂടെയും ശരീരത്തില്‍ വിര പ്രവേശിക്കുന്നു.
3) വൃത്തിഹീനമായ വെള്ളംകൊണ്ട് കഴുകിയ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയുടെ ഉപയോഗത്തിലൂടെ
4) വളര്‍ത്തുമൃഗങ്ങളില്‍ നിന്നും ഉടമയിലേക്ക് പരാദങ്ങളായ വിരകള്‍ പ്രവേശിക്കുന്നു.
5) വെളിയിടങ്ങളില്‍ വിരബാധിതനായ ഒരാള്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നതിലൂടെ.
6) വിരബാധയുണ്ടായിട്ടുള്ളയാളുടെ വിസര്‍ജ്യം കലര്‍ന്ന മണ്ണുമായുള്ള സമ്പര്‍ക്കത്തിലൂടെ.
7) ടോയ്‌ലറ്റില്‍ പോയ ശേഷം കൃത്യമായി സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകാതിരുന്നാല്‍.

ലക്ഷണവും സൂചനകളും
കുട്ടികളിലാണ് വിരകള്‍മൂലമുള്ള രോഗങ്ങള്‍ പെട്ടെന്ന് ബാധിക്കുന്നത്. കാരണം കുഞ്ഞുങ്ങള്‍ക്ക് വളരെ ചെറിയ കുടലാണല്ലോ ഉള്ളത്. അതുകൊണ്ടുതന്നെ കുടലില്‍ തടസമുണ്ടാകാനുള്ള സാധ്യത (risk of blockage) കൂടുതലായിരിക്കും. മലത്തില്‍ വിരകള്‍ ഉണ്ടാവുക, അടിവയറില്‍ വേദന, വിശപ്പില്ലായ്മ, പനി, ചുമയും ശ്വാസതടസവും, മലദ്വാരത്തിലുണ്ടാകുന്ന ചൊറിച്ചില്‍, ഉറക്കമില്ലായ്മ, വിളര്‍ച്ച തുടങ്ങിയവയാണ് വിരബാധിതരായ കുട്ടികളില്‍ കാണുന്ന ലക്ഷണങ്ങള്‍.

വിവിധതരം വിരകള്‍
പിന്‍ വേം, റൗണ്ട് വേം, ഹൂക്ക് വേം, ത്രഡ് വേം, വിപ്പ് വേം എന്നിങ്ങനെ വിവിധതരം വിരകള്‍ മനുഷ്യശരീരത്തിലുണ്ടാകാറുണ്ട്.
കൂട്ടുകാരെ, എല്ലാവരും സ്‌കൂളില്‍ അധ്യാപകര്‍ നല്‍കിയ മരുന്ന് വാങ്ങുകയും ധൈര്യമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടാകുമല്ലോ. ഇനി നിങ്ങള്‍ക്ക് അനായാസമായി പ്രയോഗിക്കാവുന്ന ഒരു ആയുര്‍വേദ ഔഷധത്തെ കൂടി പരിചയപ്പെടുത്താം. തുളസിയുടെ ഇല ദിവസവും വെറുംവയറ്റില്‍, (നാലോ അഞ്ചോ ഇലകഴുകി വൃത്തിയാക്കിയശേഷം) ഭക്ഷിക്കുക. വിരകളെ ഇല്ലാതാക്കുവാനുള്ള നല്ലൊരു പ്രതിവിധിയാണത്. മിക്കവാറും എല്ലാ വീടുകളിലും തുളസി ഉണ്ടാകുമല്ലോ. കൂട്ടുകാര്‍ തുളസി ഇല കഴിക്കുന്നതൊരു ശീലമാക്കുക. വിരജന്യ രോഗങ്ങളെ അകറ്റി നിര്‍ത്തുക.