Wednesday
22 Nov 2017

താത്രിക്കുട്ടിയുടെ വിചാരണയും കടന്നുള്ള കഥ

By: Web Desk | Friday 10 November 2017 7:53 PM IST

കുറിയേടത്ത് താത്രിക്കുട്ടി അഥവാ സാവിത്രി അന്തര്‍ജനം ഉള്‍പ്പെട്ട, ഒരു നൂറ്റാണ്ട് മുമ്പ് നടന്ന സ്മാര്‍ത്തവിചാരത്തിന് തുല്യമോ അതിലേറെയോ ചരിത്രപ്രാധാന്യമുള്ള ഒന്നായിരിക്കും സോളാര്‍ കേസിലെ തുടരന്വേഷണവും അനന്തര നടപടികളും കേരള സമൂഹത്തിനുവേണ്ടി കാത്തുവച്ചിരിക്കുന്നത്.

രാജാജി മാത്യു തോമസ്

ധുനിക കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തെ ഇത്രയേറെ പിടിച്ചുലച്ച മറ്റൊരു സംഭവം സോളാര്‍ കുംഭകോണവും അനന്തര സംഭവപരമ്പരകളും പോലെ മറ്റൊന്നുണ്ടാവില്ല. സോളാര്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജി ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും അതിന്മേല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണവും കൂടുതല്‍ ഉദ്വേഗജനകമായ കണ്ടെത്തലുകളിലേക്ക് നയിക്കുമെന്നാണ് ഇതിനകം പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നിലവിലുണ്ടായിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) പിരിച്ചുവിട്ട് ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ എസ്‌ഐടി അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതേയുള്ളു. സോളാര്‍ കേസിലെ രണ്ടാം എസ്‌ഐടി പുതിയ ആരോപണങ്ങളും തെളിവുകളും സ്വീകരിച്ചായിരിക്കും അന്വേഷണം നടത്തുക. സോളാര്‍ കുംഭകോണത്തിലെ നായിക സരിത എസ് നായര്‍ അന്വേഷണസംഘത്തിന് മുമ്പാകെ പുതിയ തെളിവുകള്‍ നല്‍കുമെന്ന് ഇതിനകംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയമസഭയില്‍ സമര്‍പ്പിച്ചതോടെ ഒരു പൊതുരേഖയായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഒന്നായി അത് മാറി. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍, അതിന്റെ പ്രബലരായ നേതാക്കള്‍, അവര്‍ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ പുലര്‍ത്തിവന്ന ആധിപത്യം, സ്വാധീനം, അവയ്ക്കുമേല്‍ തുടര്‍ന്നുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ എന്നിവയെല്ലാം പുനര്‍നിര്‍വചനത്തിന് വിധേയമാക്കപ്പെടുന്ന ഒന്നായി തുടരന്വേഷണവും അതിന്റെ ഫലങ്ങളും മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളത്തിന്റെ ജനസംഖ്യയില്‍ പകുതിയിലധകം വരുന്ന സ്ത്രീകളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ അധികാര അവകാശങ്ങളിലും അവരുടെ പദവിതന്നെയും പുനര്‍നിര്‍ണയിക്കുന്ന സംഭവവികാസങ്ങളില്‍ ഒന്നായി സോളാര്‍ കുംഭകോണവും അതിന്റെ പരിണതിയും ചരിത്രത്തില്‍ സ്ഥാനം പിടിക്കുകതന്നെ ചെയ്യും.

കുറിയേടത്ത് താത്രിക്കുട്ടി എന്ന ധാത്രിക്കുട്ടി അഥവാ സാവിത്രി അന്തര്‍ജനം ഉള്‍പ്പെട്ട, ഒരു നൂറ്റാണ്ട് മുമ്പ് നടന്ന സ്മാര്‍ത്തവിചാരത്തിന് തുല്യമോ അതിലേറെയോ ചരിത്രപ്രാധാന്യമുള്ള ഒന്നായിരിക്കും സോളാര്‍ കേസിലെ തുടരന്വേഷണവും അനന്തര നടപടികളും കേരള സമൂഹത്തിനുവേണ്ടി കാത്തുവച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മധ്യകേരളത്തിലെ സാമൂഹ്യ ജീവിതത്തില്‍ വന്‍ പ്രകമ്പനം സൃഷ്ടിച്ച ഒന്നായിരുന്ന കുറിയേടത്ത് താത്രിക്കെതിരെ നടന്ന സ്മാര്‍ത്തവിചാരം. ഒരു നൂറ്റാണ്ടിനുശേഷം നടക്കുന്ന സോളാര്‍ അന്വേഷണ പരമ്പര ആധുനിക വാര്‍ത്താവിനിമയ വിസ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ അതിന്റെ പതിന്മടങ്ങ് പ്രത്യാഘാതമായിരിക്കും കേരളസമൂഹത്തില്‍ മാത്രമല്ല ഇന്ത്യന്‍ ദേശീയ ജീവിതത്തില്‍തന്നെ സൃഷ്ടിക്കുക.
കുറിയേടത്ത് താത്രിക്കെതിരെ നടന്ന സ്മാര്‍ത്തവിചാരം അതില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കാള്‍ ആഴമേറിയ സ്വാധീനം കേരളത്തില്‍ സാമൂഹ്യ, സാമ്പത്തിക പരിവര്‍ത്തനത്തില്‍ സൃഷ്ടിക്കുകയുണ്ടായി എന്നത് അനിഷേധ്യമായ വസ്തുതയാണ്. അന്നത്തെ കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക പിരമിഡിന്റെ നെറുകയില്‍ സ്ഥാനമുറപ്പിച്ചിരുന്ന നമ്പൂതിരി സമുദായത്തെ സ്മാര്‍ത്തവിചാരം പിടിച്ചുലച്ചു. നമ്പൂതിരി സമുദായത്തില്‍ രൂഢമൂലമായിരുന്ന ദുരാചാരങ്ങളുടെ അടിത്തറതന്നെ ഇളക്കാന്‍ ആ സംഭവത്തിന് കഴിഞ്ഞു. നമ്പൂതിരി സമുദായം നേതൃത്വം നല്‍കിയിരുന്ന ഫ്യൂഡല്‍ ഭൂപ്രഭുത്വ സമ്പ്രദായത്തിന്റെ അവസാനത്തിന്റെ ആരംഭമാണ് സ്മാര്‍ത്തവിചാരം കുറിച്ചതെന്ന് കേരള ചരിത്രത്തിന്റെ സൂക്ഷ്മനിരീക്ഷണം വ്യക്തമാക്കുന്നു. കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം കേവലം വഴിപിഴച്ചുപോയ സുന്ദരിയും ബുദ്ധിമതിയുമായ ഒരു നമ്പൂതിരി യുവതിക്കെതിരായ ചാരിത്ര്യവിചാരണ എന്നതിലുപരി കേരള ചരിത്രത്തിലെ ഗതിനിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ ഒന്നായാണ് പുരോഗമന ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. കേരളത്തിലെ നമ്പൂതിരി, നായര്‍, അമ്പലവാസി സമുദായങ്ങളുടെ സാമൂഹ്യ പരിഷ്‌കരണത്തിനും് അതുവഴി സമൂഹത്തിന്റെ സാമ്പത്തിക ബന്ധങ്ങളുടെ ഉടച്ചുവാര്‍ക്കലിനും അത് കാരണമായി.

സോളാര്‍ അഴിമതി അന്വേഷണ പ്രക്രിയ കേരളത്തിന്റെ സമ്പദ്ഘടനയുടെയും അതിന്റെ വികാസ പരിണാമങ്ങളെയും അതിന്റെമേല്‍ അധീശത്വം പുലര്‍ത്തിവന്നിരുന്ന രാഷ്ട്രീയ ശക്തികളുടെയും ഉടച്ചുവാര്‍ക്കലിനാണ് നാന്ദികുറിക്കുന്നത്. വിദ്യാസമ്പന്നരും ഉത്ക്കര്‍ഷേച്ഛുക്കളുമായ വലിയൊരു വനിത സഞ്ചയമാണ് സംസ്ഥാനത്ത് വളര്‍ന്നുവന്നിരിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിന്റെ ജനാധിപത്യവല്‍ക്കരണവും അതോടൊപ്പം തന്നെ അതിന്റെ വാണിജ്യവല്‍ക്കരണവും അതിവിപുലമായ വനിത മനുഷ്യ വിഭവശേഷിയെ തൊഴില്‍ വിപണിയുടെ മുന്‍നിരയിലേക്ക് എത്തിച്ചിരിക്കുന്നു. അവരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പൊതു-സ്വകാര്യ തൊഴില്‍ സംരംഭങ്ങളുടെ അഭാവവും അനുദിനം കുറഞ്ഞുവരുന്ന വിദേശ തൊഴിലവസരങ്ങളും തൊഴില്‍ സംരംഭകത്വത്തിലേക്ക് തിരിയാന്‍ യുവതികളെ നിര്‍ബന്ധിതരാക്കുന്നു. ഒരു പുരുഷാധിപത്യസമൂഹം എന്ന നിലയില്‍ ഈ വനിതാ സംരംഭകരെ കാത്തിരിക്കുന്നത് മറ്റ് പല വികസിത വികസ്വര സമൂഹങ്ങളുമെന്നതുപോലെ അവരുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യകാംക്ഷയെയും നിഷേധിക്കുന്ന സാമൂഹ്യ യാഥാര്‍ഥ്യങ്ങളാണ്. അതാണ് സോളാര്‍ കുംഭകോണത്തിലൂടെ ചോദ്യം ചെയ്യെപ്പട്ടിരിക്കുന്നത്.

സോളാര്‍ കുംഭകോണം കേരളത്തിലെയും ഇന്ത്യയിലെ തന്നെയും രാഷ്ട്രീയ അധികാരത്തിന്റെയും അധികാര രാഷ്ട്രീയ പ്രക്രിയയുടെയും ജീര്‍ണതയാണ് തുറന്നുകാട്ടുന്നത്. നിലനില്‍ക്കാന്‍ കഴിയാത്ത വിധം ജീര്‍ണിച്ച ഒന്നാണ് അത്. സമാര്‍ത്തവിചാരകാലത്ത് നിലനിന്ന അധികാര വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കാണ് അത് തുടക്കം കുറിച്ചത്. സോളാര്‍ അന്വേഷണം നിലവിലുള്ള രാഷ്ട്രീയ അധികാര വ്യവസ്ഥയുടെ ജനാധിപത്യ, സുതാര്യതാരാഹിത്യങ്ങളെയും അതിന്റെ അധാര്‍മികതയെയുമാണ് തുറന്നു കാട്ടുന്നത്. ഈ ജീര്‍ണാവസ്ഥ തകര്‍ക്കപ്പെടുകയും അതിന്റെ സ്ഥാനത്ത് സുതാര്യവും ലിംഗനീതിയിലും ജനാധിപത്യത്തിലുമുറച്ച മറ്റൊന്ന് ഉയര്‍ന്നുവരികയും കൂടിയേതീരൂ. ആ അര്‍ഥത്തില്‍ കേരളത്തെ ഞെട്ടിപ്പിക്കുകയും പിടിച്ചുലയ്ക്കുകയും ചെയ്ത സോളാര്‍ സംഭവം വലിയൊരു സാമൂഹ്യ രാഷ്ട്രീയ പരിവര്‍ത്തനത്തിലേക്കായിരിക്കും നമ്മെ നയിക്കുക.