Wednesday
19 Sep 2018

സൗരോര്‍ജ വൈദ്യുത ഉത്പാദനം1000 മെഗാവാട്ടായി വര്‍ധിപ്പിക്കും മന്ത്രി എം എം മണി

By: Web Desk | Thursday 12 July 2018 9:32 PM IST

റാന്നി: സംസ്ഥാനത്തെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 1000 മെഗാവാട്ടായി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ 33 കെ.വി സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടനം പെരുന്തേനരുവി പവര്‍ഹൗസ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജലവൈദ്യുത ഉത്പാദനത്തിലെ പ്രതിസന്ധികള്‍ പരിഗണിച്ചാണ് മറ്റ് ഊര്‍ജസ്രോതസ്സുകള്‍ തേടുന്നത്. ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്തിന്റെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികളാണ് ഇപ്പോള്‍ ഫലപ്രദമായി പൂര്‍ത്തീകരിച്ചുവരുന്നത്. ഇത്തരം പദ്ധതികളില്‍ നിന്നും വളരെ കുറച്ച് വൈദ്യുതി മാത്രമേ ലഭിക്കൂ. ഈ സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡ് പുതിയ ഊര്‍ജ ഉത്പാദന മാര്‍ഗങ്ങള്‍ തേടുന്നത്. ഊര്‍ജമിഷന്റെ പ്രധാന ദൗത്യം പുതിയ ഊര്‍ജനിര്‍മാണ സങ്കേതങ്ങള്‍ കണ്ടെത്തുകയാണെന്നും മന്ത്രി പറഞ്ഞു. ജലവൈദ്യുത പദ്ധതികള്‍ക്ക് ചെലവ് കുറവാണ്. എന്നാല്‍ മറ്റ് വൈദ്യുത പദ്ധതികള്‍ക്ക് വന്‍ മുതല്‍മുടക്കാണ് ആവശ്യമുള്ളത്. സൗരോര്‍ജ വൈദ്യുതിയും താരതമ്യേന ചെലവ് കുറഞ്ഞതാണ്. ഈ സാഹചര്യത്തിലാണ് സോളാര്‍ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സ്വകാര്യ കെട്ടിടങ്ങളില്‍ അനര്‍ട്ടിന്റെ സഹായത്തോടെ സോളാര്‍ പാനല്‍ സ്ഥാപിച്ച് 1000 മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
രാജുഎബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, കെഎസ്ഇബി ഡയറക്ടര്‍ ഡി കുമാരന്‍, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ജില്ലാ പഞ്ചായത്തംഗം പി വി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനു എബ്രഹാം, ചീഫ് എന്‍ജിനീയര്‍ സിജി ജോസ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ സുരേഷ്, പി ആര്‍ പ്രസാദ്, സമദ് മേപ്രത്ത്, ആദിച്ചന്‍ ആറൊന്നില്‍, അഡ്വ.ഷൈന്‍ ജി കുറുപ്പ്, സജി ഇടിക്കുള, രാജേഷ് ആനമാടം തുടങ്ങിയവര്‍ പങ്കെടുത്തു.

Related News