Friday
20 Jul 2018

ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ സൗരോര്‍ജ വൈദ്യുത പദ്ധതികള്‍: മന്ത്രി എം എം മണി

By: Web Desk | Wednesday 9 May 2018 10:37 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ സൗരോര്‍ജ വൈദ്യുത പദ്ധതികളാണ് പ്രയോജനപ്പെടുകയെന്ന് വൈദ്യുതി മന്ത്രി എം എം മണി. സംസ്ഥാനത്ത് സൗരോര്‍ജ്ജത്തിലൂടെ 500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായി കെഎസ്ഇബിയും, അനര്‍ട്ടും സംയുക്തമായി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയുടെ കുറവ് മൂലം വരുംകാലങ്ങളില്‍ വൈദ്യുതി ഉത്പാദനത്തിന് മറ്റ് പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണ്. മനുഷ്യവാസ കേന്ദ്രങ്ങളും വനഭൂമികളുമാണ് കൂടുതലും. ഇവിടെ ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിരപ്പള്ളി പോലുള്ള പദ്ധതികളുടെ കാര്യത്തില്‍ സംഭവിച്ചത് പോലെ എതിര്‍പ്പുകളും തടസങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സൗരോര്‍ജ പദ്ധതികള്‍ പോലുള്ള മറ്റ് ആധുനിക പദ്ധതികളാണ് പ്രയോജനപ്പെടുക. വൈദ്യുത ബോര്‍ഡിന്റെ തന്നെ ഡാമുകള്‍, വാട്ടര്‍ അതോറിട്ടിയുടെ കനാലുകള്‍ എന്നിവയെല്ലാം എങ്ങിനെ ഊര്‍ജോത്പാദനത്തിനായി പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍, സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ തുടങ്ങിയവരുടെ ടെറസുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ ശില്‍പ്പശാലയിലൂടെ ശേഖരിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡും അനര്‍ട്ടും കൂടിയാലോചിച്ച് പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഈ പദ്ധതിക്കായി സഹായങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി ജി കെ ഗുപ്ത, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എന്‍ എസ് പിള്ള , അനേര്‍ട്ട് ചെയര്‍മാന്‍ ഹരികുമാര്‍, കെ എസ് ഇ ബി ഡയറട്ര്‍ വിജയകുമാരി വേണു തുടങ്ങിയവര്‍ സംസാരിച്ചു. ശില്പശാലയില്‍ എംഎന്‍ആര്‍ഇ, എസ്ഇഐ, എന്‍ഐഎസ്ഇ, ഐആര്‍ഇഡിഎ, ബിഎച്ച്ഇഎല്‍, തമിഴ്‌നാട് ജനറേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ക്ക് പുറമെ സൗരോര്‍ജ്ജ വൈദ്യുതി രംഗത്തെ പ്രമുഖ ഉല്‍പാദകരും പങ്കെടുക്കുന്നുണ്ട്. ശില്‍പശാല ഇന്ന് സമാപിക്കും.