Wednesday
19 Sep 2018

അതികായന്റെ വീഴ്ചയും ഉലയുന്ന ഗ്രൂപ്പും

By: Web Desk | Thursday 12 October 2017 11:06 AM IST


മനോജ് മാധവന്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഒന്നര പതിറ്റാണ്ടിലേറെ അതികായനായി നയിച്ച ഉമ്മന്‍ചാണ്ടിയോടൊപ്പം എ ഗ്രൂപ്പ് രാഷ്ട്രീയവും ആടിയുലയുന്നു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അനിഷേധ്യനായി നിന്ന ഉമ്മന്‍ചാണ്ടി, സോളാറുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലും ലൈംഗിക ആരോപണത്തിനും വിധേയനായാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. സോളാര്‍ വൈദ്യുതി പദ്ധതിയുമായി സമീപിച്ച സരിത എസ് നായര്‍ക്ക് മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ്, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരില്‍ നിന്നുണ്ടായ ലൈംഗിക പീഡനം കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ വിവാദ വിഷയമായി.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കുത്തഴിഞ്ഞ നിലയിലായെന്നും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സാമ്പത്തിക തട്ടിപ്പുകളിലും സ്ത്രീ വിഷയങ്ങളിലും അധികാര ദുര്‍വിനിയോഗം നടത്തിയെന്നതും 2013 മുതല്‍ പൊതു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. എന്നാല്‍, ‘നിയമം നിയമത്തിന്റെ വഴി’ക്ക് എന്ന പതിവ് വാദമുഖം ഉയര്‍ത്തി പിടിച്ചു നില്‍ക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്.
യുഡിഎഫ് മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനില്‍ നിന്നും താനടക്കമുള്ള നിരവധി നേതാക്കളുടെ രാഷ്ട്രീയ ഭാവിതന്നെ ഇല്ലാതാക്കുന്ന ഒരു കണ്ടെത്തലുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ടെന്നി ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ് എന്നീ ഉറ്റ അനുയായികളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പുറത്താക്കിക്കൊണ്ടും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പരാതിക്കാരിക്കെതിരെ കേസ് കൊടുത്തുമാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തിലേറെയായി ഉമ്മന്‍ചാണ്ടി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത്. ഏറ്റവും ഒടുവില്‍ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെട്ടി പാര്‍ട്ടി പിടിച്ചെടുക്കാനുള്ള എ ഗ്രൂപ്പിന്റെ നിശബ്ദ നീക്കങ്ങള്‍ക്കിടെയാണ് ചെയ്തുപോയ പാപത്തിന്റെ കറ മുഴുവനും നാല് വാല്യങ്ങളുള്ള റിപ്പോര്‍ട്ടായി പുറത്തു വന്നത്.
കേരളത്തിന്റെ ചരിത്രത്തില്‍ നിരവധി അന്വേഷണ കമ്മിഷനുകളുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അവയിലേറെയും ഇപ്പോഴും ഫയലുകളില്‍ ഉറങ്ങുകയാണ്. എന്നാല്‍ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍ തുടര്‍ നടപടികള്‍ക്ക് വിധേയമാക്കി അഴിമതി വിരുദ്ധ രാഷ്ട്രീയത്തെ അരക്കിട്ടുറപ്പിക്കുന്ന നടപടിക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍, ഉമ്മന്‍ചാണ്ടി നേരിട്ടും അനുയായികള്‍ വഴിയും സോളാര്‍ തട്ടിപ്പിന്റെ പങ്കുപറ്റിയിട്ടുണ്ടെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍ അതീവ ഗുരുതരമാണ്. കെ കരുണാകരനുശേഷം കോണ്‍ഗ്രസിലെ അധികാര സ്ഥാനങ്ങള്‍ കയ്യടക്കിയ എ ഗ്രൂപ്പ് ഇതോടെ പൂര്‍ണ്ണമായി ഇല്ലാതാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഉമ്മന്‍ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി പദവികളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞു നില്‍ക്കേണ്ടിവരും. അങ്ങനെയെങ്കില്‍ എ കെ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങിയെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കോണ്‍ഗ്രസിന്റെ എ ഗ്രൂപ്പിലെ ഒന്നാം നിരയിലുള്ള കെ സി ജോസഫ് ഒഴികെയുള്ള നേതാക്കളെല്ലാം സോളാര്‍ വിസ്‌ഫോടനത്തില്‍ നിയമനടപടി നേരിടേണ്ടിവരും. ഇത് ഉമ്മന്‍ചാണ്ടിയെന്ന കോണ്‍ഗ്രസ് നേതാവിനെ മാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനാകെയും കടുത്ത വെല്ലുവിളിയാവും.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് എതിരായി ഉയര്‍ന്നുവന്ന അഴിമതി ആരോപണം ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആഘോഷമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് സോളാര്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍. ജുഡീഷ്യല്‍ കമ്മിഷന്‍ കുറ്റവാളികളെന്നു കണ്ടെത്തിയ നേതാക്കളെ നിലനിര്‍ത്തി കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത് കടുത്ത രാഷ്ട്രീയ വിരോധാഭാസമായേ വിലയിരുത്തപ്പെടൂ.

Related News