Sunday
24 Jun 2018

ഈ ഗാനം മറക്കുമോ?

By: കലവൂര്‍ ജ്യോതി  | Monday 14 August 2017 8:27 PM IST

ദക്ഷിണേന്ത്യയെ പതിറ്റാണ്ടുകളായി പാടി പ്രണയിപ്പിച്ച അസുലഭ സ്വരമാധുരി കൂടിയാണ് എസ് ജാനകി പാട്ട് നിര്‍ത്തുമ്പോള്‍ അവസാനിക്കുന്നത്. കുഞ്ചാക്കോയുടെ ഉദയാസ്റ്റുഡിയോയില്‍ വെച്ചു ഗായിക എസ് ജാനകിയെ കണ്ടിട്ടുണ്ട്. ഉദയാചിത്രങ്ങള്‍ ഭൂരിപക്ഷവും ഇന്‍ഡോറിലാണ് ചിത്രീകരിച്ചിരുന്നത്. ഒരു പടത്തിന്റെ ഷൂട്ടിങ് പകുതിയാകുമ്പോള്‍ അടുത്തപടത്തിനു കഥ, തിരക്കഥ എഴുതാന്‍ സ്ഥിരം രചയിതാവായ ശാരംഗപാണിയോടുപറയും, അങ്ങനെ ബ്രേക്കില്ലാതെ ഉദയായുടെ ഫ്‌ലോറില്‍ ചിത്രീകരണമുണ്ടാകും. ഷൂട്ടിങ് കാണുവാനും നടീനടന്മാരെ അടുത്തുനിന്നു വീക്ഷിക്കുവാനും സ്റ്റുഡിയോയുടെ മുള്ളുവേലി വാച്ചുമാന്റെ കണ്ണുവെട്ടിച്ചു ഞങ്ങള്‍ ചാടിക്കടക്കുമായിരുന്നു. ഫ്രെയിമുകളില്‍ ആള്‍ക്കൂട്ടത്തെ ആവശ്യമെങ്കില്‍ തിരിയുന്ന ഭൂഗോളത്തിനു മുകളില്‍ പൂവന്‍ കോഴി കൂവുന്ന മെയിന്‍ ഗേറ്റിലൂടെ കടക്കാന്‍ ചാക്കോച്ചന്‍ മുതലാളി അനുവാദം നല്‍കുമ്പോള്‍ നിര്‍ഭയമായി സന്തോഷത്തോടെ ലൊക്കേഷനിലെത്താന്‍ ഭാഗ്യം കിട്ടും. അങ്ങനെയാണ് പ്രേംനസീറിനേയും സത്യനേയും ഷീലയേയും ശാരദയേയുമൊക്കെ ക്ലോസപ്പില്‍ കണ്ടിരുന്നത്.

ചിലപ്പോള്‍ ഷീലാമ്മയുടേയും ശാരദയുടെയും സമീപത്തു ജാനകിയമ്മയെ കണ്ടിട്ടുണ്ട്. സൗന്ദര്യമുള്ള ജാനകിയെ കണ്ടപ്പോള്‍ സ്വയം ചോദിച്ചിട്ടുണ്ട്. പാട്ടുകാരിക്ക് ക്യാമറയുടെ മുന്നില്‍ വന്നു അഭിനയിച്ചുകൂടെയെന്ന്. പക്ഷേ ജാനകിക്ക് അഭിനയിക്കാനല്ല പാടാനാണ് വിധി അനുവദിച്ചത്. അവരുടെ സര്‍ഗാത്മകവും ആകര്‍ഷകവുമായ സൗന്ദര്യം ശരീരത്തിലല്ല ശാരീരത്തിലാണ് ഒതുക്കിവച്ചിരുന്നത്. ബാഹ്യസൗന്ദര്യത്തിനു മങ്ങലേറ്റാലും ആന്തരികമായ മധുരശബ്ദത്തിനു ഒരുവിധ പോറലും ഏറ്റിരുന്നില്ല. അതുകൊണ്ടാണ് അവര്‍ എഴുപത്തെട്ടിലേക്ക് കടന്നപ്പോഴും അനുഗ്രഹിച്ചരുളിയ ശബ്ദഭംഗിക്ക് പതിനെട്ടിന്റെ യുവത്വവും അഴകും ഉണ്ടായിരുന്നത്. എന്നാല്‍ ആ മധുരശബ്ദം ഇനി റിക്കാര്‍ഡിങ് സ്റ്റുഡിയോയിലൊ, സംഗീതസദസുകളിലോ മുഴങ്ങിക്കേള്‍ക്കില്ല. പാട്ടു നിര്‍ത്തുകയാണെന്ന് അവര്‍ ഇക്കഴിഞ്ഞ ദിവസം ആരാധകലോകത്തോട് വിളിച്ചു പറഞ്ഞു. ഈയിടെ നവമാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്തയാണ് ഇങ്ങനെ ഒരു വിടവാങ്ങലിന് അവരെ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. ഏതായാലും ജാനകിയമ്മയുടെ ഈ തീരുമാനം ലക്ഷക്കണക്കിനുള്ള അവരുടെ ആരാധകരില്‍ ഞെട്ടലും നിരാശയുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ആന്ധ്രാക്കാരിയെങ്കിലും കേരളീയ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് എസ് ജാനകിയെ മലയാള ഗാനാസ്വാദകര്‍ കരുതുന്നത്. ആന്ധ്രാക്കാരിയായ നടി ശാരദ എന്ന ദുഃഖപുത്രിയെ മലയാള സിനിമാസ്വാദകര്‍ സ്വീകരിച്ചതുപോലെയാണ് ഗായികയായ ജാനകിയേയും കേരളീയസമൂഹം അംഗീകരിച്ചത്. അനുഗ്രഹീതസംഗീത സംവിധായകനായ എം എസ് ബാബുരാജാണ് ആദ്യമായി മലയാള സിനിമയ്ക്കുവേണ്ടി ഈ ഗായികയെ പരിചയപ്പെടുത്തിയത്. 1957 ല്‍ വിധിയില്‍ വിളയാട്ടു എന്ന സിനിമയ്ക്കാണ് ആദ്യമായി പാടുന്നത്. തുടര്‍ന്ന് തമിഴ്, ഒറിയ, തെലുങ്ക്, മലയാളം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കായി ഏതാണ്ട് 48,000 ഗാനങ്ങള്‍ അവര്‍ ആലപിച്ചു. എല്ലാ ഗാനങ്ങളും ഹിറ്റും ഇമ്പമേറിയതുമായിരുന്നു. എത്ര കേട്ടാലും മതിവരാത്ത ആ ഗാനങ്ങള്‍ എന്നും എപ്പോഴും പുതുമനശിക്കാതെ ആസ്വാദകര്‍ ഓര്‍മയില്‍ സൂക്ഷിച്ചു മൂളി നടക്കുന്നു.

പുതിയ ഗായകരും അവരുടെ പുത്തന്‍സംഭാവനകളും എത്രയ്ക്ക് ഈ രംഗത്തേക്ക് ഒഴുകി നിറഞ്ഞാലും ജാനകിയമ്മയുടെ സ്വരപ്പച്ചയ്ക്ക് ഒരിക്കലും മങ്ങലോ, മടുപ്പോ ഉണ്ടാകില്ല എന്നതാണ് അനുഭവം. മാത്രമല്ല ആധുനിക ഓര്‍ക്കസ്ട്രകളുടെ കാതടപ്പിക്കുന്ന ശബ്ദബാഹുല്യങ്ങളുടെ അകമ്പടിയില്‍ പിറക്കുന്ന ഗാനങ്ങള്‍ എത്ര ഹരം കൊള്ളിച്ചാലും ലളിതമധുരവും ലാളിത്യ സുന്ദരവുമായ ജാനകിയമ്മയുടെ പാട്ടുകള്‍ ഭാവഭംഗിയുള്ള പുഴപോലെ നമ്മെ ആസ്വദിപ്പിക്കും എന്നതാണ് യാഥാര്‍ഥ്യം. പുതിയ പാട്ടുകാരും അവരെ കേള്‍ക്കുന്ന ആസ്വാദകരും എത്ര വര്‍ധിച്ചാലും ജാനകിയമ്മയുടെ പഴയ പാട്ടുകളായ അകലെ അകലേയ്ക്ക്, രാഗേന്ദുകിരണങ്ങള്‍ക്കും, കൊന്നപ്പൂവിനും ആവശ്യക്കാരുടെ തിക്കും, ആവേശവും എന്നും ഉണ്ടായിരിക്കുമെന്നാണ് ഗാനകാസറ്റുകടക്കാരുടെ വെളിപ്പെടുത്തല്‍. ഇത് ജാനകിയമ്മയുടെ അറുപതു വര്‍ഷത്തെ ഗാനസപര്യയ്ക്ക് ലഭിക്കുന്ന അംഗീകാരവും അഭിവാദ്യവുമാണെന്ന് ആദരപൂര്‍വം ഓര്‍ക്കുകയാണ്. ജാനകിയമ്മയുടെ ശബ്ദമാധുര്യത്തില്‍ നിന്നും പിറന്ന തളിരിട്ട കിനാവും (മൂടുപടം), വാസന്ത പഞ്ചമിയും (ഭാര്‍ഗ്ഗവിനിലയം), കവിളത്തു കണ്ണീര്‍കണ്ടു (അന്വേഷിച്ചു കണ്ടെത്തിയില്ല), താനെ തിരിഞ്ഞുമറിഞ്ഞും (അമ്പലപ്രാവ്) തുടങ്ങിയ എണ്ണിയാല്‍ തീരാത്ത ഗാനങ്ങള്‍ എത്ര കേട്ടാലും കൊതിതീരില്ല. ആവശ്യ ഗാനങ്ങള്‍