Tuesday
19 Sep 2017

മോഡിയുടെ പ്രസംഗം കേള്‍പ്പിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കേണ്ടതില്ല: കാനം

By: Web Desk | Monday 11 September 2017 9:37 PM IST

പത്തനാപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന യുജിസി നിര്‍ദ്ദേശം നടപ്പാക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എഐവൈഎഫ്-എഐഎസ്എഫ് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന സോണി ബി തെങ്ങമത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് കൊല്ലം ജില്ലാ കമ്മറ്റി പത്തനാപുരം ഗാന്ധിഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും അന്തേവാസികള്‍ക്കുള്ള ഓണക്കോടി വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് പ്രചാരകനായിരുന്ന ദീന്‍ദയാല്‍ ഉപാദ്ധ്യായ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിലെ പ്രസംഗം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേള്‍പ്പിക്കുവാനുള്ള നീക്കം വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുക എന്ന അജണ്ടയുടെ ഭാഗമാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഈ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലും സര്‍ക്കാര്‍ യുജിസി നിര്‍ദ്ദേശത്തിനെതിരെ നിലപാട് സ്വീകരിക്കണം.
ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുവാനുള്ള നീക്കം നടക്കുകയാണ്. എന്നാല്‍ ജാതിക്കും മതത്തിനുമതീതമായി എല്ലാവരും സമന്‍മാരായി ജീവിക്കുന്ന സ്ഥാപനമാണ് ഗാന്ധിഭവന്‍. തെങ്ങമം ബാലകൃഷ്ണനും, സോണി ബി തെങ്ങമത്തിനും കുടുംബാംഗങ്ങള്‍ക്കും വൈകാരികമായ ബന്ധമുള്ള സ്ഥാപനമാണിത്. എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും സംസ്ഥാനദേശീയ നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ച കേരളത്തില്‍ നിന്നുള്ള അപൂര്‍വ്വം നേതാക്കളിലൊരാളായിരുന്നു സോണി. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടും നിരവധി സൗഹൃദങ്ങള്‍ സ്ഥാപിക്കുവാന്‍ സോണിക്ക് കഴിഞ്ഞു. നിരവധി രാഷ്ട്രീയ പ്രതിസന്ധികള്‍ തരണം ചെയ്തതുകൊണ്ടാണ് രാജ്യത്താകമാനം സോണി വിദ്യാര്‍ഥിയുവജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് സോണിയുടെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും, വിദ്യാര്‍ഥി യുവജന പ്രാസ്ഥാനങ്ങള്‍ക്കും അപരിഹാര്യമായ നഷ്ടമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
അനുസ്മരണ സമ്മേളനത്തില്‍ എഐവൈഎഫ് ജില്ലാപ്രസിഡന്റ് ജഗത്ജീവന്‍ലാലി അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു അനുസ്മരണ പ്രഭാഷണം നടത്തി. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാല്‍, ജില്ലാപ്രസിഡന്റ് സന്ദീപ് അര്‍ക്കന്നൂര്‍, ജില്ലാ സെക്രട്ടറി സി പി പ്രദീപ്, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ആര്‍ രാജേന്ദ്രന്‍, എച്ച് രാജീവന്‍, ജില്ലാപഞ്ചായത്തംഗം എസ് വേണുഗോപാല്‍, ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, കെ എസ് ഇന്ദുശേഖരന്‍ നായര്‍, ആര്‍ എസ് അനില്‍, എസ് വിനോദ്കുമാര്‍, വി എസ് പ്രവീണ്‍, വൈശാഖ് സി ദാസ്, ജി എസ് ശ്രീരശ്മി, വിനീതാ വിന്‍സന്റ്, ജി ആര്‍ രാജീവന്‍, എ എസ് ഷാജി, ജെ അര്‍ഷാദ്, സോണി ബി തെങ്ങമത്തിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കൊല്ലത്ത് സിപിഐ ജില്ലാകൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി എന്‍ അനിരുദ്ധന്‍ അദ്ധ്യക്ഷത വഹിച്ചു.