Thursday
24 Jan 2019

ശൂന്യമായ മനസ്സ്….?

By: Web Desk | Sunday 13 May 2018 1:33 AM IST

ഒരു സായാഹ്നത്തില്‍ മനോഹരമായ ആ കടല്‍ത്തീരത്ത് വച്ചാണ് അയാള്‍ ആദ്യമായി അവളെ കണ്ടുമുട്ടിയത്. കണ്ട മാത്രയില്‍ അയാള്‍ക്കവളോട് തോന്നിയത് കേവലം ഒരു അനുകമ്പ മാത്രമായിരുന്നു. അത്രക്ക് ദൈന്യത ആര്‍ന്നതായിരുന്നു അവളുടെ മുഖവും വേഷവും! ഒരു കൂലിപ്പണിക്കാരന്റെ മകളായി ജനിച്ച അവള്‍ പട്ടിണി കിടന്നിട്ടാണെങ്കിലും പഠിച്ച് ബിരുദമെടുത്തു. പക്ഷെ പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാന്‍ പറ്റിയ ഒരു ജോലിയും അവള്‍ക്കിതുവരെ കിട്ടിയില്ല! കുറച്ചു കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ട്. ആ തുക കൊണ്ടാണ് വൃദ്ധരും രോഗികളുമായ മാതാപിതാക്കളെ ഒരു നേരത്തെ ആഹാരമെങ്കിലും നല്‍കി നിലനിര്‍ത്തുന്നത്.
വിശപ്പ് കൊണ്ടായിരിക്കും അയാള്‍ വാങ്ങിക്കൊടുത്ത കപ്പലണ്ടിപ്പൊതികള്‍ ആര്‍ത്തിയോടെ അവള്‍ കാലിയാക്കി. പിന്നീടയാള്‍ അവള്‍ക്ക് പതിവായി ചായയും പലഹാരങ്ങളും വാങ്ങിക്കൊടുത്തു. വിശപ്പ് ശമിക്കുമ്പോള്‍ സംതൃപ്തിയോടെ അവള്‍ പുഞ്ചിരിക്കും. മുഖത്ത് വിരിയുന്ന ആ പുഞ്ചിരി കാണുമ്പോള്‍ അയാള്‍ സന്തോഷിക്കും. അതൊരു ദിനചര്യയായി മാറുകയായിരുന്നു.
ചുവന്ന സൂര്യന്‍ ദൂരെ കടലിനുള്ളിലേക്ക് തലതാഴ്ത്തി മറയുന്നതുവരെ അയാള്‍ കാത്തിരുന്നു. അന്നവള്‍ വന്നില്ല. അയാള്‍ അസ്വസ്ഥനായി.
ഒരാഴ്ചക്ക് ശേഷം അവള്‍ വന്നു. അഛന് അസുഖം കൂടി ആശുപത്രിയിലാണെന്നും അതാണ് വരാതിരുന്നതെന്നും അവള്‍ പറഞ്ഞു. അന്ന് മടങ്ങുമ്പോള്‍ മടിച്ചുമടിച്ചവള്‍ ചോദിച്ചു: ‘എനിക്ക്…ഒരു നൂറു രൂപാ..കിട്ടിയാല്‍ കൊള്ളാമായിരുന്നു…? അഛന് മരുന്ന് വാങ്ങാനാ…. അടുത്ത മാസം തിരിച്ചുതരാം..’
‘തരാമല്ലോ…’ അയാള്‍ പേഴ്‌സില്‍ നിന്നും രൂപയെടുത്ത് കൊടുത്തു.
അവള്‍ക്കുടുക്കാന്‍ ആകെപ്പാടെ ഒരു പഴയ സാരിയേ ഉള്ളൂ എന്നയാള്‍ക്കറിയാമായിരുന്നു. ഒരിക്കല്‍ പിരിയാന്‍ നേരം ഒരു പൊതി അവള്‍ക്കു നേരെ നീട്ടി.
‘..എന്താ ഇത്…?’
‘ഒരു സാരിയാ…’ മടിച്ചുമടിച്ചാണെങ്കിലും അത് വാങ്ങാനവള്‍ നിര്‍ബന്ധിതയായി.
പിറ്റേന്നവള്‍ പുതിയ ആ സാരി ചുറ്റിയാണ് കടല്ക്കരയിലെത്തിയത്. അവള്‍ കുറേകൂടി സുന്ദരിയായതായി അയാള്‍ക്ക് തോന്നി.
മറ്റൊരിക്കല്‍ പിരിയുമ്പോള്‍ അയാള്‍ തിളങ്ങുന്ന ഒരു ജോഡി കമ്മല്‍ അവള്‍ക്കു സമ്മാനിച്ചു.
പിറ്റേന്ന് കമ്മലണിഞ്ഞാണവള്‍ വന്നത്. അപ്പോഴാ മുഖത്ത് പത്തരറ്റു തിളക്കം!
മറ്റൊരിക്കല്‍ അയാളവള്‍ക്ക് ഒരു സ്വര്‍ണ്ണമാല സമ്മാനിച്ചു. മാലയണിഞ്ഞ അവളെ കണ്‍കുളിര്‍ക്കെ കാണാന്‍ കൊതിച്ചാണ് പിറ്റേദിവസം അല്‍പ്പം നേരത്തെ അയാളെത്തിയത്. അന്നും അതിനുശേഷമുള്ള പല ദിവസങ്ങളിലും അയാള്‍ ആ കടല്‍ത്തീരം മുഴുവന്‍ അവളെ തിരഞ്ഞുനടന്നു?
വര്‍ഷങ്ങള്‍ തിരമാലകള്‍ക്കിടയില്‍ ഞെരിഞ്ഞമരുകയായിരുന്നു.
വിരസമായ ഒരു സന്ധ്യയില്‍ ചുവന്നുതുടുത്ത സൂര്യന്‍ കടലിലേക്ക് മുങ്ങാംകുഴി ഇടുന്നതും നോക്കി ഇരിക്കുമ്പോള്‍ പിന്നില്‍നിന്നും ഒരു വിളി ഇഴഞ്ഞു വന്നു.
‘…സാര്‍…. എന്തെങ്കിലും ഒരു സഹായം….?’
അയാള്‍ തിരിഞ്ഞുനോക്കി. എല്ലും തോലുമായ ഒരു രൂപം! മുടി പാറിപ്പറന്നു കിടക്കുന്നു. കീറിപ്പറിഞ്ഞ ഒരു സാരി ചുറ്റിയിട്ടുണ്ട്. ഒരു കുട്ടിയെ കൈക്ക് പിടിച്ചിരിക്കുന്നു. മറ്റൊരെണ്ണം നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നു!!
അയാളാ രൂപത്തെ സൂക്ഷിച്ചുനോക്കി. അതെ… ഇത് അവള്‍ തന്നെ..!?
‘…സാര്‍…ഈ കുട്ടികളുടെ അഛന്‍ കിടപ്പിലാ… എന്തേലും സഹായം…?’
അയാള്‍ പഴയ പേഴ്‌സ് തുറന്നു. നൂറിന്റെ ഒരു നോട്ട് കൈവെള്ളയിലേക്ക് വച്ചുകൊടുക്കുമ്പോള്‍ അയാളവളെ ചോദ്യചിഹ്നത്തോടെ നോക്കുകയായിരുന്നു.
‘…നന്ദിയുണ്ട് സാര്‍… വളരെ നന്ദി….’ അവള്‍ തിരിച്ചു നടന്നു.
പിറ്റേന്നും അയാളവളെ കണ്ടു. അവള്‍ക്കും കുട്ടികള്‍ക്കും വയര്‍നിറയെ ആഹാരം വാങ്ങിക്കൊടുത്തു. ആര്‍ത്തിയോടെ അവര്‍ ആഹാരം കഴിക്കുന്നതും നോക്കി അയാള്‍ കണ്ണുകള്‍ തുടച്ചു.
മറ്റൊരു ദിവസം അവള്‍ക്കും കുട്ടികള്‍ക്കും പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്തു.
പിറ്റേ ദിവസം പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് തന്റെ മുന്നിലെത്തുന്ന അവളെയും കുട്ടികളെയും പ്രതീക്ഷിച്ച് അയാള്‍ വൈകുവോളം കാത്തിരുന്നു.
കാലത്തിനു വീണ്ടും പ്രായം വയ്ക്കുകയായിരുന്നു.
വൃദ്ധനായെങ്കിലും കടല്‍ക്കരയിലെ പതിവ് സന്ദര്‍ശനം ഒരു വ്രതംപോലെ ഇന്നുമയാള്‍ തുടരുകയാണ്.
‘…സാര്‍…എന്തേലും തരണേ….?’
അയാള്‍ തിരിഞ്ഞുനോക്കി. അവള്‍ വീണ്ടും മുന്നില്‍! നരച്ച മുടി പാറിപ്പറക്കുന്നു,. മുഷിഞ്ഞു കീറിയ വസ്ത്രം!!
‘…സാര്‍…എന്റെ ഭര്‍ത്താവ്….മരിച്ചു സാര്‍….’
‘…മക്കളോ…?’
‘…മൂത്ത മകന്‍ ചെറുപ്പത്തിലെ സ്ഥലം വിട്ടുപോയിരുന്നു….ഇളയ മകള്‍ ഏതോ ഒരുത്തന്റെ കൂടെ….ഒളിച്ചോടി…’
അയാള്‍ പേഴ്‌സ് തുറന്നു. പക്ഷേ അത് തികച്ചും ശൂന്യമായിരുന്നു!
‘..ഇപ്പോള്‍ ഒന്നുമില്ലല്ലോ…എന്റെ കൈയില്‍…’
‘…എന്നാല്‍ ഇത് വച്ചോളൂ…’ അവള്‍ തന്റെ കൈവശമുണ്ടായിരുന്ന ചില്ലറ നാണയത്തുട്ടുകള്‍ അയാളുടെ പഴകി ശൂന്യമായ ആ പേഴ്‌സിലേക്ക് ചൊരിഞ്ഞു. പിന്നെ പൊട്ടിച്ചിരിച്ചുകൊണ്ട് ശൂന്യതയിലേക്ക് ഓടി മറഞ്ഞു.
ശൂന്യമായ തന്റെ മനസ്സ് അയാള്‍ അഗാധമായ ആഴിക്കുനേരെ തുറന്നുവച്ചു.
ആര്‍ത്തലച്ചുവന്ന തിരമാലകള്‍ അയാളെനോക്കി പൊട്ടി പൊട്ടി ചിരിക്കുകയായിരുന്നു അപ്പോള്‍.

ബാബു ആലപ്പുഴ,

സിമി നിവാസ്, നോര്‍ത്ത് ആര്യാട്.പി.ഓ., ആലപ്പുഴ.688 538