Sunday
17 Dec 2017

സൗദിയിലെ പ്രവാസി നഴ്‌സുമാരെയും എന്‍ജിനീയര്‍മാരെയും നാടുകടത്തുന്നു

By: Web Desk | Thursday 12 October 2017 11:41 PM IST

പ്രത്യേക ലേഖകന്‍

റിയാദ്: സമസ്ത മേഖലകളിലും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നതിനിടയില്‍ സൗദി അറേബ്യയിലെ വിദേശികളായ എന്‍ജിനീയര്‍മാരെയും നഴ്‌സുമാരെയും നാടുകടത്താന്‍ രാജഭരണകൂടത്തിന്റെ ഉപദേശക സമിതിയായ ശൂറാ കൗണ്‍സില്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
സൗദിയിലെ പ്രവാസി എന്‍ജിനീയര്‍മാരില്‍ 70 ശതമാനവും നഴ്‌സുമാരില്‍ 87 ശതമാനവും മലയാളികളായതിനാല്‍ ഈ തീരുമാനം കേരളീയര്‍ക്കാണ് വന്‍ ഇരുട്ടടിയാവുക. പ്രവാസികളുടെ കുത്തകയില്‍ നിന്നും ഈ മേഖലകളെ മോചിപ്പിക്കണമെന്നാണ് ശൂറാ കൗണ്‍സില്‍ അംഗമായ ഡോ. മന്‍സൂര്‍ ക്രിദീസ് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നത്. ഈ മേഖലകളില്‍ എത്ര വിദേശികള്‍ പണി ചെയ്യുന്നുവെന്നും സ്വദേശിവല്‍ക്കരണത്തിലൂടെ സൗദിയിലെ എത്ര എന്‍ജിനീയര്‍മാരെയും നഴ്‌സുമാരെയും പകരം കുടിയിരുത്താമെന്ന കണക്കും പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ മേഖലകളില്‍ പ്രവാസികള്‍ കുത്തക സ്ഥാപിച്ചിരിക്കുന്നത് തകര്‍ത്തില്ലെങ്കില്‍ സ്വദേശിവല്‍ക്കരണം ലക്ഷ്യം കാണില്ലെന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
ശൂറാ കൗണ്‍സില്‍ ഇതുപറയുന്നെങ്കിലും സ്വകാര്യ മേഖലയില്‍ പണി ചെയ്യാന്‍ സൗദി യുവാക്കള്‍ സന്നദ്ധരല്ലെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.
പൊതുമേഖലയെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ വേതനം, ജോലി സമയത്ത് കൃത്യമായി പണിചെയ്യണമെന്ന തൊഴിലുടമകളുടെ നിര്‍ബന്ധം, മെല്ലെപ്പോക്ക് അനുവദിക്കില്ലെന്ന നിലപാട് എന്നിവമൂലമാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സൗദി യുവാക്കള്‍ വിമുഖത കാട്ടുന്നതെന്ന് അധികൃതല്‍ തന്നെ സമ്മതിച്ചു. സൗദി അറേബ്യയിലെ തൊഴിലില്ലായ്മ 13 ശതമാനത്തോളമായി ഉയര്‍ന്നിട്ടും സ്വകാര്യ മേഖലയ്ക്കുപകരം പൊതുമേഖലയോട് കാട്ടുന്ന ആഭിമുഖ്യ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ വിശദീകകരണക്കുറിപ്പില്‍ പറയുന്നുണ്ട്.