Saturday
22 Sep 2018

ദക്ഷിണ പൂര്‍വ്വേഷ്യാ മാത്തമാറ്റിക്കല്‍ ഒളിമ്പ്യാഡ് പരീക്ഷ ജൂലൈ 29 ന്

By: Web Desk | Wednesday 4 July 2018 5:32 PM IST

കൊച്ചി: ദക്ഷിണ പൂര്‍വ്വേഷ്യാ മാത്തമാറ്റിക്കല്‍ ഒളിമ്പ്യാഡ് പരീക്ഷ ജൂലൈ 29 ന്  നടത്തും. അഞ്ചു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ കണക്കിലെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാവും ഉണ്ടാകുക. മാത്തമാറ്റിക്‌സ് ഒളിമ്പ്യാഡുകളില്‍ പങ്കെടുക്കാന്‍ യുവ മനസുകളെ പ്രോല്‍സാഹിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ആസ്‌ട്രേലിയ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, റൊമാനിയ, ശ്രീലങ്ക, സിംഗപൂര്‍, തായ്‌ലന്റ്, യുഎസ്എ, വിയറ്റ്‌നാം, ഇന്ത്യ എന്നിവിടങ്ങളിലാണ് ഇതു നടത്തി വരുന്നത്. ദേശീയ, അന്തര്‍ദേശീയ റാങ്കിങുകളുടെ നേട്ടങ്ങള്‍ സ്വന്തമാക്കാം, ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള ചോദ്യക്കടലാസുകള്‍ ഒരേ സമയം തയ്യാറാക്കുന്നു എന്നതിനാല്‍ ഇന്ത്യയില്‍ നിന്നു പങ്കെടുക്കുന്നവര്‍ക്ക് ആഗോള തലത്തില്‍ തന്നെ തങ്ങളുടെ നിലവാരം കൃത്യമായി നിര്‍ണയിക്കാനുള്ള അവസരവും ഇത് വിദ്യാര്‍ത്ഥികള്‍ക്കു നല്‍കും. ഇതില്‍ പങ്കെടുക്കുന്നതില്‍ ഏറ്റവും മുകളിലെ സ്ഥാനത്തെത്തുന്ന 0.5 ശതമാനം പേര്‍ക്ക് സ്വര്‍ണ മെഡലും അടുത്ത ഒരു ശതമാനം പേര്‍ക്ക് വെളളി മെഡലും അടുത്ത 1.5 ശതമാനം പേര്‍ക്ക് ബ്രോണ്‍സ് മെഡലും നല്‍കും. ശേഷിക്കുന്ന പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും. സിംഗപൂര്‍ മാത്തമാറ്റിക്കല്‍ ഒളിമ്പ്യാഡിന്‍റെ പാഠ്യപദ്ധതി പ്രകാരമാണ് ഇതിനായുള്ള സിലബസ് തയ്യാറാക്കുന്നതെന്ന് ദക്ഷിണ പൂര്‍വ്വേഷ്യാ മാത്തമാറ്റിക്ക്‌സ് ഒളിമ്പ്യാഡ് (സീമോ) അസോസ്സിയേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടെറി ച്യൂ പറഞ്ഞു. അഞ്ചു മുതല്‍ പത്തു വരെയുള്ള ക്ലാസുകാര്‍ക്ക് 250 രൂപയും 11, 12 ക്ലാസുകാര്‍ക്ക് 300 രൂപയുമാണ് രജിസ്റ്റ്രേഷന്‍ ഫീസ് കൂടുതല്‍ വിവരങ്ങള്‍ 9599330961, 9599449631 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ നിന്നോ http://seamoindia.com എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും.