Friday
18 Aug 2017

ദക്ഷിണേന്ത്യയിൽ ഹൈപ്പോതൈറോയ്ഡിസം വർധിക്കുന്നു

By: Web Desk | Tuesday 25 July 2017 4:45 AM IST

കൊച്ചി: മാരക രോഗങ്ങളുൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക്‌ കാരണമാകുന്ന ഹൈപ്പോതൈറോയ്ഡിസം എന്ന ആരോഗ്യപ്രശ്നം ഇന്ത്യയിൽ വർധിക്കുന്നതായി റിപ്പോർട്ട്‌.
ലോകമെമ്പാടും 20 കോടി ജനങ്ങളിൽ തൈറോയ്ഡ്‌ സംബന്ധിയായ തകരാറുകളുണ്ടെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. ഇതിൽ തന്നെ ചില രാജ്യങ്ങളിൽ 50% ആളുകളിൽ രോഗ നിർണയം നടക്കുന്നില്ല. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. ഇവിടെ 4.2 കോടി ആളുകളിൽ തൈറോയ്ഡ്‌ സംബന്ധിയായ പ്രശ്നങ്ങളുണ്ട്‌. ഇത്‌ ഗണ്യമായി വർധിക്കുമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌.നിരവധി ബോധവൽകരണ ശ്രമങ്ങളുണ്ടായിട്ടും രോഗത്തെക്കുറിച്ചും രോഗനിർണയത്തെക്കുറിച്ചുമുള്ള ബോധവൽകരണം ഇപ്പോഴും നന്നേ കുറവാണെന്ന്‌ എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലെ കൺസൾട്ടിങ്‌ എൻഡോക്രൈനോളജിസ്റ്റ്‌ ഡോ. പി ജയപ്രകാശ്‌ പറയുന്നു. തൈറോയ്ഡ്‌ ഗ്രന്ഥിക്ക്‌ ആവശ്യമായ തൈറോയ്ഡ്‌ ഹോർമോൺ ഉത്പാദിപ്പിക്കാൻ കഴിയാത്തപ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്‌ ഹൈപ്പോതൈറോയ്ഡിസം. എളുപ്പം കണ്ടുപിടിക്കാനും ചികിത്സിക്കാനും ചികിത്സയ്ക്ക്‌ വലിയ ചെലവുമില്ലാത്ത രോഗമാണെങ്കിലും മിക്കവാറും രോഗികളിൽ ഇത്‌ കണ്ടെത്തുകയോ ചികിത്സയ്ക്ക്‌ വിധേയമാകുകയോ ചെയ്യുന്നില്ല എന്നതാണ്‌ വസ്തുത. ഇന്ത്യയിൽ മൂന്നിലൊന്ന്‌ ഹൈപ്പോതൈറോയ്ഡ്‌ രോഗികളും തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച്‌ അജ്ഞരാണ്‌. ഇതിന്‌ പുറമേ ജനസംഖ്യയുടെ 8 മുതൽ 19% ഭാവിയിൽ പ്രത്യക്ഷമായി തൈറോയ്ഡിസം ബാധയ്ക്ക്‌ ഉയർന്ന സാധ്യതയുള്ളവരാണെന്നും ഇതുസംബന്ധച്ച പഠനങ്ങൾ വ്യക്തമാക്കുന്നു.
ഏത്‌ പ്രായത്തിലുള്ള സ്ത്രീ-പുരുഷൻമാരെ തൈറോയ്ഡ്‌ രോഗം ബാധിക്കാം. എന്നാൽ ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളതിനാൽ സ്ത്രീകളിൽ തൈറോയ്ഡ്‌ രോഗബാധയ്ക്ക്‌ എട്ടിരട്ടി സാധ്യതയുണ്ടെന്നതാണ്‌ യാഥാർഥ്യം. ഭാരം കൂടുക, ക്ഷീണം, ബലക്ഷയം, വരണ്ട ചർമം, വിഷാദം, മുടികൊഴിച്ചിൽ, ഉയർന്ന കൊളസ്ട്രോൾ അളവ്‌, ക്രമം തെറ്റിയ ആർത്തവം, വന്ധ്യത തുടങ്ങിയവയാണ്‌ തൈറോയ്ഡിന്റെ ചില ലക്ഷണങ്ങൾ. എന്നാൽ മിക്കപ്പോഴും ഇവ മറ്റ്‌ ആരോഗ്യപ്രശ്നങ്ങൾക്കുള്ള ലക്ഷണമായി രോഗികൾ കരുതുന്നു. ഇതുകാരണം തൈറോയ്ഡ്‌ ഏറ്റവും കൂടുതൽ രോഗനിർണയം ചെയ്യപ്പെടാത്തതും അവഗണിക്കപ്പെടുന്നതുമായ രോഗമാകുന്നു. ഹൈപ്പോതൈറോയ്ഡിസം ചികിത്സയ്ക്ക്‌ വേണ്ടത്‌ ശരീരത്തിന്‌ സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയാത്ത ഹോർമോണിന്‌ പകരമായി കൃത്യമായ തോതിൽ സിന്തറ്റിക്‌ തൈറോയ്ഡ്‌ ഹോർമോൺ രോഗിക്ക്‌ നൽകുകയെന്നതാണ്‌. അതോടൊപ്പം തന്നെ ജീവിതശൈലിയിൽ ആവശ്യമായ മാറ്റം വരുത്തേണ്ടതും പ്രധാനമാണ്‌. ശാരീരിക വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, മതിയായ ഉറക്കം, സമ്മർദ്ദം നേരിടുന്നതിന്‌ ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കൽ എന്നിവ തൈറോയ്ഡ്‌ പ്രവർത്തനം മികച്ച രീതിയിൽ നിലനിർത്താൻ അനിവാര്യമാണ്‌.