Friday
25 May 2018

കേരളത്തെ തണുപ്പിക്കാന്‍ മഴയെത്തും, 28ന്

By: Web Desk | Thursday 17 May 2018 10:29 AM IST

പ്രദീപ് ചന്ദ്രന്‍

കൊല്ലം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി മെയ് 28ന് എത്തും. ഒന്നോ രണ്ടോ ദിവസം ചിലപ്പോള്‍ വ്യത്യാസപ്പെടുമെന്ന് മാത്രം. ജൂണ്‍ ഒന്നോടെ സജീവമാകുന്ന കാലവര്‍ഷം സെപ്റ്റംബര്‍ 30 വരെ സംസ്ഥാനത്ത് തിമിര്‍ത്ത് പെയ്യുമെന്നാണ് രാജ്യത്തെ സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ ‘സ്‌കൈമെറ്റി’ന്റെ പ്രവചനം. വേനല്‍മഴയും മോശമല്ലാതെ ലഭിച്ച പശ്ചാത്തലത്തില്‍ ഇത്തവണ ജലക്ഷാമമോ അതിന്റെ പാര്‍ശ്വഫലമായ വൈദ്യുതിക്ഷാമമോ ഒന്നുമുണ്ടാകാനിടയില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാണ് കൃത്യമായെത്തുന്ന മഴക്കാലം.

ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം സജീവമാകുന്നതെങ്കിലും മഴയെത്തുന്ന കാലയളവ് എല്ലാവര്‍ഷവും വ്യത്യസ്തമാണ്. 1971നു ശേഷം മൂന്നുതവണ മാത്രമാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ജൂണ്‍ ഒന്നിനുതന്നെ കൃത്യമായി എത്തിയത് 1980, 2000, 2013 വര്‍ഷങ്ങളിലായിരുന്നു ഇത്. 2004ലാകട്ടെ മെയ് 18ന് മഴ എത്തിയെങ്കില്‍ 1972ല്‍ ജൂണ്‍ 18 വരെ കാത്തിരിക്കേണ്ടിവന്നു. 1971നു ശേഷം 20 തവണ ജൂണ്‍ ഒന്നിനോ അതിനുമുമ്പോ ആണ് കേരളത്തില്‍ മഴയെത്തിയത്. പത്തു തവണ മെയ് 26ന് മുമ്പ് എത്തുകയും ചെയ്തു, ഒമ്പത് തവണ ജൂണ്‍ അഞ്ചിന് ശേഷവും.

കാലവര്‍ഷം കൃത്യമായി എത്തുന്നതും മഴയുടെ ഏറ്റക്കുറച്ചിലും തമ്മില്‍ ബന്ധമില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 2004ല്‍ മെയ് 18ന് മഴ എത്തിയെങ്കിലും ആ സീസണില്‍ 86 ശതമാനം മഴ മാത്രമേ ലഭിച്ചുള്ളു. അത്തവണ വരള്‍ച്ച അനുഭവപ്പെടുകയും ചെയ്തു. അതേസമയം വൈകിയെത്തിയ 1983ല്‍ ജൂണ്‍ 14നാണ് കാലവര്‍ഷം ആരംഭിച്ചതെങ്കിലും 113 ശതമാനം മഴ ലഭിച്ചിരുന്നു.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തുന്നതിന് മുന്നോടിയായി ആന്‍ഡമാന്‍ നിക്കോബാറിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത്. പിന്നീട് നാല് ദിവസത്തിനുള്ളില്‍ മഴ കേരളത്തില്‍ വ്യാപകമാകും. സംസ്ഥാനത്തെ 14 വ്യത്യസ്ത ഇടങ്ങളില്‍ മഴ എത്തുന്നതുള്‍പ്പെടെയുള്ള സാങ്കേതികമായ നിബന്ധനകള്‍ കൃത്യമാകുന്നതോടെ മാത്രമേ ഔദ്യോഗികമായി കാലവര്‍ഷം സ്ഥിരീകരിക്കപ്പെടുകയുള്ളു.