Thursday
15 Nov 2018

ആത്മഹത്യക്കേസ് കൊലപാതകമാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ നെടുങ്കണ്ടം സിഐയേയും എഎസ്‌ഐയേയും സ്ഥലം മാറ്റി

By: Web Desk | Wednesday 19 September 2018 9:46 PM IST

നെടുങ്കണ്ടം: ആത്മഹത്യകേസ് കൊലപാതകമാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ നെടുങ്കണ്ടം സിഐയേയും എഎസ്‌ഐയേയും ജില്ല പോലീസ് മേധാവി സ്ഥലം മാറ്റി. ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്റെ പേരിലാണ് നെടുങ്കണ്ടം സിഐ ബി.അയ്യുബ്ഖാന്‍, എസ്‌ഐ സാബു എം.മാത്യൂ എന്നിവരെ ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാല്‍ സ്ഥലംമാറ്റിയത്.
ബി  അയ്യുബ്ഖാനെ മുല്ലപ്പെരിയാറിലേയ്ക്കും, സാബുവിനെ ജില്ലാ ക്രൈം റെക്കോര്‍ട്‌സ് ബ്യൂറോയിലേയ്ക്കുമാണ് മാറ്റിയത്. ഈ മാസം 6ന്(06.09.2018) തൂക്കുപാലം പ്രകാശ്ഗ്രാം ഇളപ്പുങ്കല്‍ മീരാന്‍ റാവുത്തര്‍ (86)നെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാവിലെ 8.30 ന് വീടിനുള്ളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശുചിമുറിയില്‍ കയറിയ ശേഷം ദീര്‍ഘ സമയം പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ ശുചിമുറിയുടെ വാതില്‍ തകര്‍ത്തു പരിശോധിച്ചപ്പോള്‍ രക്തത്തില്‍ കുളിച്ചു മരിച്ച നിലയിലാണ് മീരാന്‍ റാവുത്തറെകണ്ടെത്തിയത്. അസുഖ ബാധിതനായതിനെ തുടര്‍ന്നുള്ള മനോവേദനയിലാണ് മീരാന്‍ റാവുത്തര്‍ മരിച്ചതെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സ്ഥലത്തെത്തിയ സിഐയും, എസ്‌ഐയും മരിച്ച മീരാന്‍ റാവുത്തറുടെ മകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതെ  തുടര്‍ന്ന് 11ന് (11.09.2018) രാവിലെ 10.30ന് നെടുങ്കണ്ടം സിഐയുടെ ഓഫിസിലെത്തി റാവുത്തറുടെ മകന്‍ പണം കൈമാറി. പണം കൈമാറിയ മീരാന്‍ റാവുത്തറുടെ മകന്റെ മകന്‍ ഹൈറേഞ്ച് മേഖലയിലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. പണം നല്‍കിയ ശേഷം അസ്വസ്ഥനായ കാണപ്പെട്ട മീരാന്റാവുത്തറുടെ മകനില്‍ നിന്നും പൊലീസുകാരനായ മകന്‍ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന്  ജില്ലാ പൊലീസ് മേധാവിയ്ക്ക് ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ മകന്‍  ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ 17ന് പരാതി നല്‍കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ജില്ലാ ക്രൈം റെക്കോര്‍ട്‌സ് ഡിവൈഎസ്പി പി.സുകുമാരനു അന്വേഷണച്ചുമതല നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പണം നല്‍കിയതിനു തെളിവു ലഭിച്ചതോടെയാണ് രണ്ടുപേരെയും ഇന്നലെ രാവിലെ സ്ഥലംമാറ്റിയത്. തെളിവുകളുടെ അടിസ്ഥാനത്തില്‍  രണ്ടുപേരെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ഏറണാകുളം റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Related News