Friday
14 Dec 2018

സ്‌പെക്ട്രം അഴിമതി കേസ് അട്ടിമറിച്ചത് മോഡിയുടെ കാര്‍മികത്വത്തില്‍

By: Web Desk | Saturday 23 December 2017 12:29 AM IST

രാജാജി മാത്യു തോമസ്

അഴിമതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും നാളിതുവരെ തുടര്‍ന്നുവന്നിരുന്ന വാചകകസര്‍ത്തുകളത്രയും അവസരവാദവും അധികാരരാഷട്രീയത്തിലേക്കുള്ള കുറുക്കുവഴികളും മാത്രമായിരുന്നുവെന്ന സംശയം ബലപ്പെടുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് വിശേഷിപ്പിക്കപ്പെട്ട 2 ജു സ്‌പെക്ട്രം കേസിന്റെ അന്വേഷണം, വിചാരണ, വിധി എന്നിവയെല്ലാം ആ ധാരണകള്‍ക്ക് കരുത്തുപകരാന്‍ മതിയായവയാണ്. കേസ് അന്വേഷിച്ച സിബിഐയും പ്രോസിക്യൂഷനും ബോധപൂര്‍വം അത് അട്ടിമറിക്കുകയായിരുന്നു എന്ന പ്രതീതിയാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്‌നിയുടെ വിധിയില്‍ നിന്നു ലഭിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതി. അതിന്റെ കേന്ദ്രസ്ഥാനത്തായിരുന്ന 2 ജി സ്‌പെക്ട്രം ടെലികോം കുഭകോണം. നരേന്ദ്രമോഡിയും ബിജെപിയും അതിനെ സമ്പൂര്‍ണമായി പ്രയോജനപ്പെടുത്തി. സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ടും സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന സിബിഐ അന്വേഷണവും അതിന് വിശ്വാസ്യത പകര്‍ന്നു. കോണ്‍ഗ്രസിന് അതിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ യാതൊരു വാദഗതിയും മുന്നോട്ടുവയ്ക്കാനുണ്ടായില്ല. ടെലികോം കുംഭകോണമടക്കം അഴിമതി ആരോപണപരമ്പരകളാണ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പരാജയത്തിലേക്ക് അവരെ നയിച്ചത്.
ഒന്നാം യുപിഎ സര്‍ക്കാരില്‍ ഡിഎംകെയുടെ എ രാജ ടെലികമ്യൂണിക്കേഷന്‍ മന്ത്രിയായിരിക്കെ 2008 ലാണ് 122 കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചത്. ലൈസന്‍സ് അപേക്ഷ ലഭിക്കുന്ന ക്രമത്തില്‍ ആദ്യമെത്തിയവര്‍ക്ക് ആദ്യമെന്ന രീതിയാണ് അവലംബിച്ചിരുന്നത്. സ്വാന്‍ടെലികോം, യൂണിടെക് വയര്‍ലസ് തുടങ്ങി നിരവധി കമ്പനികള്‍ക്ക് ഇത്തരത്തില്‍ അനധികൃത ഇടപെടലിലൂടെ ലൈസന്‍സ് അനുവദിക്കപ്പെട്ടു എന്നായിരുന്നു ആരോപണം. രാജ ഡിഎംകെയും അതിന്റെ അധ്യക്ഷന്‍ കരുണാനിധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയും നിയമവിരുദ്ധ പണമിടപാടും ആരോപിക്കപ്പെട്ടു. ഇടപാടുവഴി 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം രാഷ്ട്ര ഖജനാവിനുണ്ടായതായി സിഎജി റിപ്പോര്‍ട്ട് ആരോപിച്ചു. അഴിമതി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് നടന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസത്തെ കോടതിവിധിയോടെ രാജ്യത്തെ പിടിച്ചുലച്ച അഴിമതി കേസ് അപ്പാടെ തകര്‍ന്നടിഞ്ഞു. പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവ അപ്പീല്‍ നല്‍കുമെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനും ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. പൊതുജനങ്ങളുടെ കണ്ണില്‍ തങ്ങളുടെ അഴിമതി വിരുദ്ധത തെളിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ല. 2019 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവര്‍ അതിന് മുതിരുക തന്നെ ചെയ്യും. എന്നാല്‍ 2 ജി സ്‌പെക്ട്രം അഴിമതിക്കേസ് അട്ടിമറിക്കുന്നതില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ വഹിച്ച നിര്‍ണായക പങ്ക് അവര്‍ക്ക് ജനങ്ങളില്‍ നിന്ന് ഒരിക്കലും മറച്ചുവയ്ക്കാന്‍ കഴിയില്ല. വമ്പന്‍ കോര്‍പറേറ്റ് കുത്തകകളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ മടിക്കാത്ത ‘ചങ്ങാത്ത മുതലാളിത്ത’ (ക്രോണി ക്യാപിറ്റലിസം)മാണ് മോഡി ഭരണകൂടത്തില്‍ അരങ്ങുതകര്‍ക്കുന്നതെന്ന് സ്‌പെക്ട്രം അഴിമതിക്കേസിന്റെ ഉള്ളറ രഹസ്യങ്ങള്‍ ഓരോന്നും തുറന്നുകാട്ടുന്നു. സ്‌പെക്ട്രം അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നുവെന്നത് അവഗണിക്കപ്പെട്ടുകൂടാ.
2 ജി സ്‌പെക്ട്രം ലൈസന്‍സ് നല്‍കിയത് സംബന്ധിച്ച 2012 ലെ സുപ്രിം കോടതി വിധി അത് നിയമവിരുദ്ധവും ഏകപക്ഷീയവുമായിരുന്നുവെന്ന കണ്ടെത്തലില്‍ അധിഷ്ഠിതമായിരുന്നു. ലേലം ഒഴിവാക്കി വിതരണം ചെയ്ത ആ ലൈസന്‍സുകള്‍ പരമോന്നത കോടതി റദ്ദാക്കി പുനര്‍ലേലം നടത്തുകയായിരുന്നു. സിഎജി റിപ്പോര്‍ട്ടാണ് ഭീമമായ അഴിമതിയിലേക്ക് വിരല്‍ ചൂണ്ടിയത്. എന്നാല്‍ സിഎജി കണക്കാക്കിയിരുന്ന 1.76 ലക്ഷം-കോടി രൂപയുടെ നഷ്ടത്തിന്റെ സ്ഥാനത്ത് നഷ്ടം 30,964 കോടി രൂപ മാത്രമാണെന്നായിരുന്നു സിബിഐ കേസ്. ഭീമമായ നഷ്ടം കണക്കാക്കിയ റിപ്പോര്‍ട്ടിനെപ്പറ്റി അന്നത്തെ സിഎജി വിനോദ്‌റായി തുടര്‍ന്ന് നിശബ്ദത പാലിക്കുകയായിരുന്നു. വിനോദ് റായിക്ക് ഉന്നത ബിജെപി നേതൃത്വവുമായുള്ള ബന്ധങ്ങളെപ്പറ്റിയും വിവിധ കോണുകളില്‍ നിന്ന് സംശയം ഉയര്‍ന്നിരുന്നു. സിഎജി പദവിയില്‍ നിന്നും വിരമിച്ച വ്യക്തികള്‍ സര്‍ക്കാര്‍ ഔദാര്യങ്ങള്‍ സ്വീകരിക്കുന്നത് കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ്.എന്നാല്‍ നരേന്ദ്രമോഡി ഭരണത്തില്‍ ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ മേധാവിയായതും ബിസിസിഐ ചുമതലയില്‍ നിയോഗിക്കപ്പെട്ടതും വിനോദ് റായിയുടെ വിശ്വാസ്യതയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയരാന്‍ കാരണമായിട്ടുണ്ട്.
പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന അനില്‍ ധീരുഭായ് അംബാനിയുടെ കോടതിയിലെ പ്രകടനമാണ് കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടന്നിരിക്കുമെന്ന സംശയം ബലപ്പെടുത്തുന്നത്. ഡിഎംകെ നേതാവ് എ രാജ, കരുണാനിധിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്പനികളിലേക്ക് അനില്‍ അംബാനിക്ക് പങ്കുള്ള വിവിധ കമ്പനികളില്‍ നിന്നും പണം ഒഴുക്കിയിരുന്നു. അത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ട കമ്പനി യോഗങ്ങളില്‍ അനില്‍ അംബാനി അധ്യക്ഷത വഹിക്കുകയും തീരുമാനങ്ങളില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിബിഐ പ്രത്യേക കോടതിയില്‍ അവയെപ്പറ്റി തനിക്ക് ഓര്‍മയില്ലെന്നാണ് അനില്‍ മൊഴി നല്‍കിയിരുന്നത്. അത് വ്യക്തമായും കൂറുമാറ്റമാണെന്ന് വിചാരണവേളയില്‍ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. എന്നാല്‍ കൂറുമാറിയ സാക്ഷിക്കെതിരെ സിബിഐയോ പ്രോസിക്യൂഷനോ യാതൊരു നിയമനടപടിക്കും മുതിര്‍ന്നില്ലെന്നത് നല്‍കുന്ന സന്ദേശം വ്യക്തമാണ്. അഴിമതിക്ക് നേതൃത്വം നല്‍കിയ, സ്‌പെക്ട്രം അഴിമതിക്കേസില്‍ കൂറുമാറിയ, അനില്‍ അംബാനി പിന്നീട് നരേന്ദ്രമോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനനയങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. ആരോപണവിധേയമായ ഫ്രഞ്ച് റഫാല്‍ വിമാന ഇടപാടില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിനെ അവഗണിച്ച യുദ്ധവിമാനത്തിന്റെ മെയ്ന്റനന്‍സ് കരാറുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടത് അനില്‍ അംബാനിയുടെ സ്ഥാപനമാണെന്നത് യാദൃച്ഛികമല്ല.
നരേന്ദ്രമോഡി സര്‍ക്കാരും സ്‌പെക്ട്രം അഴിമതിയില്‍ കുറ്റാരോപിതരുമായ കോര്‍പറ്റേറ്റുകളും തമ്മിലുള്ള ചങ്ങാത്തം അനില്‍ അംബാനിയില്‍ മാത്രം ഒതുങ്ങുന്നതല്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് വിചാരണ നേരിടവെയാണ് എസാര്‍ മേധാവി രവി റൂയിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം 2015 ഡിസംബറില്‍ റഷ്യ സന്ദര്‍ശിച്ചത്. വാര്‍ഷിക ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ വിമാനത്തില്‍തന്നെ അയാള്‍ യാത്ര നടത്തിയത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് റൂയിയക്ക് തന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടിവന്നിരുന്നു. കോടതിയുടെ അനുമതിക്കായി നല്‍കിയ അപേക്ഷക്കൊപ്പം അയാളെ പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വാണിജ്യമന്ത്രാലയ സെക്രട്ടറി കല്‍പന അശ്വതിയുടെ കത്തും ഉള്‍പ്പെട്ടിരുന്നു. എസാര്‍ ഓയിലിന്റെ ഗുജറാത്തിലെ വാഡിനര്‍ റിഫൈനറിയും തുറുഖവും റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റ് 1300 കോടി ഡോളറിനാണ് വാങ്ങിയതെന്നതും ചരിത്രത്തിന്റെ ഭാഗമാണ്. സ്‌പെക്ട്രം വിചാരണക്കിടെ രവി റുയിയ നിരവധി വിദേശയാത്രകള്‍ നടത്തിയിരുന്നു. തുടക്കത്തില്‍ അതിനെ കോടതിയില്‍ എതിര്‍ത്തിരുന്ന സിബിഐയും പ്രോസിക്യൂഷനും മോഡി അധികാരത്തില്‍ വന്നതോടെ നിശബ്ദമാകുകയായിരുന്നു.
തുടക്കത്തില്‍ ആവേശത്തോടെ കേസ് കൈകാര്യം ചെയ്തിരുന്ന സിബിഐയും പ്രോസിക്യൂഷനും മോഡി അധികാരത്തില്‍ വന്നതോടെ പത്തിമടക്കി. ജഡ്ജി ഒപി സയ്‌നി തന്റെ വിധിന്യായത്തില്‍ അത് അസന്ദിഗ്ധമായി പറഞ്ഞുവയ്ക്കുന്നുണ്ട്. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ രേഖാമൂലമുള്ള വാദങ്ങളില്‍ പോലും ഒപ്പുവയ്ക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അദ്ദേഹവും സിബിഐ പ്രോസിക്യൂട്ടറും വിരുദ്ധ ദിശകളിലാണ് സഞ്ചരിച്ചിരുന്നതെന്ന് വിധി വ്യക്തമാക്കുന്നു. വിചാരണ പകുതിയാവുമ്പോഴേക്കും ഉന്നത സിബിഐ ഉദ്യോഗസ്ഥര്‍ ഒന്നൊന്നായി കോടതി നടപടികള്‍ അപ്പാടെ അവഗണിച്ചു. സിബിഐക്ക് വേണ്ടി കോടതി രേഖകളില്‍ ഒപ്പുവയ്ക്കുന്നതുപോലും താഴെക്കിടയില്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരാണെന്ന് വന്നു.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ കാര്‍മികത്വത്തില്‍ അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്നതിനും അത്തരക്കാരെ വെള്ളപൂശുന്നതിനും ഭരണകൂടവും ഉദ്യോഗസ്ഥ വൃന്ദവും അന്വേഷണ ഏജന്‍സികളായ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആഘോഷിക്കപ്പെടുന്ന അഭിഭാഷകവരേണ്യവൃന്ദവും കൈകോര്‍ക്കുന്ന കാഴ്ചകള്‍ എത്രവേണമെങ്കിലും നിരത്താനാവും. അഴിമതിയെക്കാള്‍ കൊടും കുറ്റകൃത്യമാണ് രാഷ്ട്രസമ്പത്ത് കൊള്ളയടിച്ചവരെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ നാടകം. അത് കൊടിയ ജനവഞ്ചയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അധികാരത്തിനും കോര്‍പറേറ്റ് ചങ്ങാത്തത്തിനും വേണ്ടി പകല്‍വെളിച്ചത്തില്‍ അട്ടിമറിക്കുകയാണ് ഉണ്ടായത്.