Monday
18 Dec 2017

സ്പില്‍ബര്‍ഗിന്റെ ”പോസ്റ്റിന്റെ” ട്രയിലര്‍

By: Web Desk | Wednesday 8 November 2017 10:01 PM IST

വിഖ്യാത ചലച്ചിത്രകാരന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ “The Post” ‘ ന്റെ ആദ്യ ട്രയിലര്‍ പുറത്തിറങ്ങി. സര്‍ക്കാര്‍ രഹസ്യങ്ങള്‍ മൂടിവയ്ക്കുന്നതും പത്രപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുന്നതും ഇതിവൃത്തമാക്കി ഓസ്‌കാര്‍ ജേതാക്കളായ ടോം ഹാങ്ക്‌സിനെയും മെറില്‍ സ്ട്രീപ്പിനെയും നായികാനായകന്മാരാക്കി സ്പില്‍ബര്‍ഗ് പുറത്തിറക്കുന്ന പുതിയ മാന്ത്രിക ചിത്രം.

വാഷിങ്ടണ്‍ പോസ്റ്റ് 1971-ല്‍ വിയറ്റ്‌നാം യുദ്ധത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളും നാല് യുഎസ് പ്രസിഡന്റുമാര്‍ ഔദേ്യാഗികരേഖകള്‍ മറച്ചുവച്ചതും പശ്ചാത്തലമാക്കിയാണ് സ്പില്‍ബര്‍ഗ് പുതിയ ചലച്ചിത്രകാവ്യം ഒരുക്കുന്നത്. ടോം ഹാങ്ക്‌സ് പോസ്റ്റിന്റെ എഡിറ്റര്‍ ബെന്‍ ബ്രാഡ്‌ലിയും മെറില്‍ സ്ട്രീപ്പ് പബ്ലിഷര്‍ കാതറിന്‍ ഗ്രഹാമായും വേഷമിടുന്നു.
സഹനടീനടന്മാര്‍ ടിവിയിലും ഫിലിമിലും പേരെടുത്ത കാരികൂണ്‍, ബോബ് ഒഡന്‍കെര്‍ക്, സാറാപോള്‍സന്‍ ഉള്‍പ്പെടെയുള്ളവര്‍. പട്ടാളമേധാവി ഡാനിയല്‍ എല്‍സ്ബര്‍ഗായി രംഗത്തുവരുന്നത് പ്രശസ്തനായ സാക്ക് വുഡ്‌സ്. ഗൂഢാലോചനയും ചാരവൃത്തിയും അന്ന് എല്‍സ്ബര്‍ഗിനുമേല്‍ ആരോപിതമായിരുന്നു.
മൂടിവയ്ക്കുന്ന ഔദേ്യാഗികരഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ലോകമെങ്ങും പത്രപ്രവര്‍ത്തകര്‍ ശ്രമം തുടരുന്ന പശ്ചാത്തലത്തില്‍ ‘പോസ്റ്റ്’ പ്രതേ്യകം ശ്രദ്ധിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
പോസ്റ്റ് പുറത്തിറങ്ങി മൂന്ന് മാസം കഴിഞ്ഞാലുടന്‍ സ്പില്‍ബര്‍ഗ് പുതിയ ചിത്രത്തിലേക്കിറങ്ങുകയാണ്- ഏണസ്റ്റ് ക്ലൈന്റെ റെഡി പ്ലേയര്‍ വണ്‍ ചിത്രീകരിച്ചു തുടങ്ങുന്നു. ടൈ ഷെറിഡാന്‍, ഒളിവിയ കുക്ക്, ബെന്‍ മെന്‍ഡെല്‍സോന്‍ എന്നിവരാണ് അഭിനേതാക്കള്‍. മറ്റൊരു ചരിത്ര സിനിമ കൂടി സ്പില്‍ബര്‍ഗ് ആലോചിക്കുകയാണ്- ദ കിഡ്‌നാപ്പിങ് ഓഫ് എഡ്ഗാര്‍ഡോ മൊര്‍ട്ടാറ.
പോസ്റ്റ്- ഡിസംബര്‍ 22ന് യുഎസിലും ജനുവരി 19ന് യുകെയിലും റിലീസ് ചെയ്യും.

Photo Courtesy : ANITH