Tuesday
24 Oct 2017

ചിത്രയെ തഴഞ്ഞ്‌ സുധ സിങ്ങിനെ ഉൾപ്പെടുത്തിയതെങ്ങനെ?

By: Web Desk | Tuesday 1 August 2017 4:45 AM IST

കൊച്ചി : ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക്‌ മീറ്റിൽ പിയു ചിത്രയ്ക്ക്‌ പങ്കെടുക്കാനാവാതെ പോയതെന്തുകൊണ്ടാണെന്നും ജൂലായ്‌ 24 ന്‌ ശേഷം താരങ്ങളെ പട്ടികയിലുൾപ്പെടുത്താനാവില്ലെങ്കിൽ സുധ സിങ്‌ സംഘത്തിൽ ഇടം നേടിയതെങ്ങനെയെന്നും വിശദീകരിക്കാൻ ഇന്ത്യൻ അത്ലറ്റിക്‌ ഫെഡറേഷനോട്‌ ഹൈക്കോടതി നിർദേശിച്ചു. ഇന്നു തന്നെ വിശദീകരണം നൽകണം.
ഓഗസ്റ്റ്‌ നാലുമുതൽ നടക്കുന്ന ലോക അത്ലറ്റിക്‌ മീറ്റിൽ ചിത്രയെ പങ്കെടുപ്പിക്കണമെന്നും ഫെഡറേഷൻ ഇതുറപ്പാക്കണമെന്നും ജൂലായ്‌ 28 ന്‌ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച്‌ പി യു ചിത്ര നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ്‌ സിംഗിൾബെഞ്ച്‌ ഇന്ത്യൻ അത്ലറ്റിക്‌ ഫെഡറേഷനോടു വിശദീകരണം തേടിയത്‌. ഇന്നലെ ഹർജി പരിഗണിക്കുമ്പോൾ ഇത്തരം സെലക്ഷൻ നടപടികൾ സുതാര്യമാക്കാനെങ്കിലും ഇന്ത്യൻ അത്ലറ്റിക്‌ ഫെഡറേഷനു മേൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം വേണമെന്ന്‌ സിംഗിൾബെഞ്ച്‌ വാക്കാൽ പറഞ്ഞു. പി യു ചിത്രയെ ഒഴിവാക്കാൻ ഫെഡറേഷൻ മന:പൂർവം എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന്‌ പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജി ഇന്നു വീണ്ടും പരിഗണിക്കും. ലോക അത്ലറ്റിക്‌ മീറ്റിൽ 1500 മീറ്ററിൽ ചിത്രയെക്കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടും ഫെഡറേഷൻ നടപടിയെടുത്തില്ലെന്ന്‌ ഹർജിയിൽ ആരോപിക്കുന്നു. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചിത്രയെക്കൂടി ഉൾപ്പെടുത്തണമെന്നൊരു കത്ത്‌ ഇന്റർനാഷണൽ അസോസിയേഷൻ ഒഫ്‌ അത്ലറ്റിക്‌ ഫെഡറേഷന്‌ എഴുതുക മാത്രമാണ്‌ ഇന്ത്യൻ അത്ലറ്റിക്‌ ഫെഡറേഷൻ ചെയ്തത്‌.
ചിത്രയെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ വീഴ്ച വന്നെന്നും ഇതു പരിഹരിക്കണമെന്നും വ്യക്തമാക്കുന്ന തരത്തിലുള്ള കത്തായിരുന്നു അയക്കേണ്ടിയിരുന്നത്‌. ഇത്തരത്തിൽ ഒരപേക്ഷ ഇന്റർനാഷണൽ ഫെഡറേഷനു നൽകിയിട്ടില്ലെന്നും ചിത്രയുടെ ഹർജിയിൽ പറയുന്നു.

അത്ലറ്റിക്‌ ഫെഡറേഷൻ അപ്പീൽ നൽകി
കൊച്ചി : പി യു ചിത്രയെ ലോക മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ ഇന്ത്യൻ അത്ലറ്റിക്‌ ഫെഡറേഷൻ അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ അപ്പീൽ ഇന്നു പരിഗണിച്ചേക്കും. ജൂലായ്‌ 28 നാണ്‌ ചിത്രയെ പങ്കെടുപ്പിക്കാൻ സിംഗിൾബെഞ്ച്‌ ഫെഡറേഷനോടു നിർദേശിച്ചത്‌. എന്നാൽ ഇടക്കാല ഉത്തരവിലെ പരാമർശങ്ങൾ നീക്കാൻ സമർപ്പിക്കുന്ന അപ്പീൽ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കാൻ ഇന്നലെ ഫെഡറേഷന്റെ അഭിഭാഷകൻ അനുമതി തേടി. എന്നാൽ ഡിവിഷൻ ബെഞ്ച്‌ ഇതിന്‌ അടിയന്തര സ്വഭാവമില്ലെന്നും സാധാരണ നടപടിക്രമങ്ങൾ പാലിച്ച്‌ ഹർജി പരിഗണിക്കാമെന്നും വ്യക്തമാക്കി. തുടർന്നാണ്‌ അപ്പീൽ നൽകിയത്‌. വസ്തുതകൾ വിലയിരുത്താതെയാണ്‌ ചിത്രയെ പങ്കെടുപ്പിക്കാൻ സിംഗിൾബെഞ്ച്‌ നിർദേശിച്ചതെന്നും ഈ വിഷയത്തിൽ നിലപാട്‌ അറിയിക്കാൻ ഫെഡറേഷന്‌ മതിയായ സമയം നൽകിയില്ലെന്നും അപ്പീലിൽ പറയുന്നു.