Monday
25 Sep 2017

നദാല്‍ രാജാവ്

By: Web Desk | Monday 11 September 2017 11:07 PM IST

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ടെന്നിസ് കിരീടം ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാലിന്. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സന്റെ അട്ടിമറി ശ്രമത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത്. യുഎസ് ഓപ്പണില്‍ മൂന്നാം കിരീടം നേടിയ നദാലിന്റെ ഗ്രാന്‍സ്‌ലാം കിരീടങ്ങളുടെ എണ്ണം പതിനാറായി.
കരിയറില്‍ ആദ്യ ഗ്രാന്‍സ്‌ലാം ഫൈനലിനിറങ്ങിയ ആന്‍ഡേഴ്‌സണെതിരെ ഏകപക്ഷീയമായാണ് നദാല്‍ വിജയിച്ചത്. 6-3 6-3, 6-4 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ വിജയം. മത്സരം രണ്ട് മണിക്കൂറും 28 മിനിറ്റും നീണ്ടുനിന്നു. മൂന്നാം തവണയാണ് നദാല്‍ യു എസ് ഓപ്പണില്‍ മുത്തമിടുന്നത്. സ്‌കോര്‍: 6-4, 6-3, 6-4. & സീഡിങ്ങില്‍ ആദ്യ 20ലുള്ള ഒരാളെപോലും നേരിടാതെ ഗ്രാന്‍ഡ് സ്ലാം നേടുന്ന താരമെന്ന അപൂര്‍വ റെക്കോഡും നദാലിന് സ്വന്തമായി.
നദാലും ആന്‍ഡേഴ്‌സണും ഇതിനു മുമ്പ് നാലു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം നദാലിനൊപ്പമായിരുന്നു. ആന്‍ഡേഴ്‌സണ്‍ സ്‌പെയിനിന്റെ പാബ്ലോ ബസ്റ്റയെയും മറി കടന്നാണ് ഫൈനലിനെത്തിയത്. 52 വര്‍ഷത്തിനിടെ ആദ്യമായി യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന താരമെന്ന ബഹുമതിയുമായാണ് ആന്‍ഡേഴ്‌സണ്‍ കളത്തിലെത്തിയത്. ലോക റാങ്കിങ്ങില്‍ 32ാമതുള്ള താരത്തിന് ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു ഇത്.
മിന്നുന്ന ഫോം പുറത്തെടുത്ത നദാല്‍ ആദ്യ സെറ്റ് 6-3ന് നേടി. രണ്ടാം സെറ്റിലും എതിരാളിയെ നിഷ്പ്രഭനാക്കിയ നദാലിനെതിരെ മൂന്നാം സെറ്റില്‍ മാത്രമാണ് അല്‍പമെങ്കിലും പൊരുതാന്‍ ആന്‍ഡേഴ്‌സനായത്.
നേരത്തെ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടുകയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫൈനലില്‍ എത്തുകയും ചെയ്ത നദാലിന് മുന്നില്‍ 19 ഗ്രാന്‍സ്ലാം കിരീടങ്ങളുളള റോജര്‍ ഫെഡറര്‍ മാത്രമാണ് ഉള്ളത്. നേരത്തെ ഫ്രഞ്ച് ഓപ്പണില്‍ ചാമ്പ്യനായ നദാലിന്റെ ഈ വര്‍ഷത്തെ രണ്ടാം ഗ്ലാന്‍സ്ലാം കിരീടമാണ് ഇത്. യുഎസ് ഓപ്പണ്‍ തുടങ്ങും മുമ്പ് ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഗംഭീരപ്രകടത്തോടെ തിരിച്ചെത്തിയ നദാല്‍ ഈ ടൂര്‍ണമെന്റിലും അത് ആവര്‍ത്തിച്ചു.